ഒരു ഹദീസ് നിഷേധിയുടെ ചോദ്യം: " ഹദീസ് മതത്തിൻ്റെ മറ്റൊരു പ്രമാണമാണെന്ന അവകാശവാദം തെളിയിക്കാമോ? ".
ഒരു ഹദീസ് നിഷേധിയുടെ ചോദ്യം:
" ഹദീസ് മതത്തിൻ്റെ മറ്റൊരു പ്രമാണമാണെന്ന അവകാശവാദം തെളിയിക്കാമോ? ".
ഹദീസ് നിഷേധി:
നബിയുടെ കാലത്ത് പരിശുദ്ധ ഖുർആൻ എന്ന ഒരേയൊരു പ്രമാണത്തിൽ ഉറച്ചു നിന്ന ദീൻ, എങ്ങനെ അനേകം പ്രമാണങ്ങളുടെ ഭാരത്തിൽ ഭിന്നിച്ചുപോയി എന്ന് അറിയണമെങ്കിൽ, അമവി രാഷ്ട്രീയത്തിന്റെ ഇരുണ്ട ഇടവഴികളിലൂടെ തന്നെ നമുക്ക് സഞ്ചരിക്കേണ്ടിവരും.
ഖുർആൻ പഠിപ്പിച്ച ഇസ്‌ലാം അധികാരത്തിന്റെ മതമല്ല; അത് നീതിയുടെ, ഉത്തരവാദിത്വത്തിന്റെ, മനുഷ്യന്റെ ആത്മീയ വിമോചനത്തിന്റെ ദീനാണ്. ദീൻ മനുഷ്യനെ അല്ലാഹുവിനോട് ബന്ധിപ്പിക്കാനാണ്; ഭരണകൂടത്തെ വിശുദ്ധമാക്കാനല്ല. എന്നാൽ മുഹമ്മദ് നബിയുടെ വിയോഗത്തിന് ശേഷം മുസ്ലിം സമൂഹം കടന്നുപോയ രാഷ്ട്രീയ സംഘർഷങ്ങളിൽ, ഈ ദീൻ ക്രമേണ അധികാരം സംരക്ഷിക്കുന്ന ഒരു ഉപകരണമായി പുനർരൂപപ്പെടുത്തി. ഈ മാറ്റത്തിന്റെ ഏറ്റവും നിർണായകമായ വഴിത്തിരുവാണ് അമവി ഭരണം. ഖുർആൻ നിർദേശിച്ച മൂല്യങ്ങളെ മാറ്റിനിർത്തി, ദീനിനെ രാഷ്ട്രീയാധികാരത്തിന്റെ ചട്ടക്കൂടിലാക്കി മാറ്റിയ ആദ്യ സംഘടിത മാതൃക.
ഖുർആൻ ഒരിക്കലും അധികാരത്തെ പാരമ്പര്യ അവകാശമായി പ്രഖ്യാപിക്കുന്നില്ല. “അമാനത്തുകൾ അവയുടെ അർഹർക്കു നൽകുക” (4:58), “അവരുടെ കാര്യങ്ങൾ പരസ്പര ആലോചനയിലൂടെയാണ്” (42:38) എന്നീ ആയത്തുകൾ അധികാരം ഒരു ദൈവിക അവകാശമല്ല, മറിച്ച് സമൂഹത്തിന് മുന്നിലെ ഒരു ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ അമവി ഭരണത്തിൽ ഈ ഖുർആൻ തത്വം പൂർണ്ണമായി തകർന്നു. മുആവിയ തന്റെ ജീവിതകാലത്തുതന്നെ തന്റെ മകനായ യസീദിനെ ഖലീഫയായി പ്രഖ്യാപിച്ചത് ശൂറയിലൂടെയോ ജനങ്ങളുടെ സ്വതന്ത്ര സമ്മതത്തിലൂടെയോ ആയിരുന്നില്ല; ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ആയിരുന്നു. ഇതോടെ ഖിലാഫത്ത് അവസാനിച്ചു; രാജതന്ത്രം ആരംഭിച്ചു.
യസീദിന്റെ അധികാരാരോഹണം തന്നെ ഖുർആൻ വിരുദ്ധതയുടെ ഉദാഹരണമാണ്.
യോഗ്യത, നീതി, ധാർമ്മിക ഉത്തരവാദിത്വം എന്നിവയെ ഖുർആൻ അധികാരത്തിന്റെ അടിസ്ഥാനമാക്കുമ്പോൾ, യസീദിനെ മുന്നോട്ട് നയിച്ചത് രക്തബന്ധവും രാഷ്ട്രീയ ശക്തിയുമായിരുന്നു. ചരിത്രവൃത്താന്തങ്ങൾ യസീദിന്റെ ജീവിതശൈലി ഖുർആൻ നൈതികതയുമായി പൊരുത്തപ്പെടാത്തതാണെന്ന് രേഖപ്പെടുത്തുന്നു. എന്നിട്ടും “ഖലീഫ” എന്ന പദവി അദ്ദേഹത്തിന് നിർബന്ധമായി ചാർത്തപ്പെട്ടു.
യസീദിനോടുള്ള ബൈഅത്ത് നിഷേധിച്ചതാണ് ഹുസൈൻ (റ ) ചെയ്ത “കുറ്റം”. എന്നാൽ അത് ഒരു അധികാരവിരുദ്ധ കലാപമല്ലായിരുന്നു; ഖുർആൻ വിരുദ്ധമായ ഭരണകൂടത്തിന് ആത്മീയ അംഗീകാരം നൽകാൻ അദ്ദേഹം വിസമ്മതിച്ചതായിരുന്നു. കർബല ഒരു യുദ്ധമല്ല; അത് ഒരു ഏകപക്ഷീയമായ രാഷ്ട്രീയ വധമാണ്. നബിയുടെ പ്രിയപൗത്രൻ ഹുസൈൻ, അദ്ദേഹത്തിന്റെ കുടുംബം, സ്ത്രീകൾ, കുഞ്ഞുങ്ങൾ — എല്ലാവരെയും വെള്ളം പോലും നിഷേധിച്ച് വളഞ്ഞു കൊന്നൊടുക്കിയത് ഖുർആൻ പഠിപ്പിച്ച ഏത് ദീനിന്റെ ഭാഗമാണ്? “ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവൻ മനുഷ്യരെയും കൊല്ലുന്നതുപോലെ” (5:32) എന്ന ആയത്ത് ഇവിടെ വാചകമായി മാത്രം ശേഷിച്ചു. ഹുസൈന്റെ ശിരശ്ചേദം ചെയ്തത് ഒരു വ്യക്തിയെ മാത്രം അല്ല; ഖുർആൻ പഠിപ്പിച്ച നീതിക്കും സത്യത്തിനുമെതിരായ ആക്രമണമായിരുന്നു അത്.
കർബലയിൽ ക്രൂരത അവസാനിച്ചില്ല. നബി യുടെ കുടുംബത്തിലെ സ്ത്രീകളെ തടവുകാരാക്കി നഗരങ്ങളിലൂടെ കയറ്റി നടത്തുകയും, കുട്ടികളെ ബന്ധനത്തിലാക്കി അപമാനിക്കുകയും ചെയ്തത് ഇസ്‌ലാമിന്റെ സംരക്ഷണമല്ല; ഇസ്‌ലാമിന്റെ നൈതിക ഹൃദയത്തെ തന്നെ അപമാനിച്ച രാഷ്ട്രീയ പ്രതികാരമാണ്. ഖുർആൻ ആദരിക്കാൻ കല്പിച്ച അഹ്ലുൽ ബൈത്ത് (33:33) അമവി രാഷ്ട്രീയത്തിന് അധികാരത്തിനുള്ള ഭീഷണിയായി മാത്രം തോന്നി. ഈ വൈരാഗ്യമാണ് ദീൻ എന്ന പേരിൽ ന്യായീകരിക്കപ്പെട്ടത്.
യസീദിന്റെ ഭരണകാലത്തെ മറ്റൊരു ഭീകര അദ്ധ്യായമാണ് മദീനയിൽ നടന്ന ഹറ്രയുടെ സംഭവം. നബിയുടെ നഗരം മൂന്നു ദിവസം സൈന്യത്തിന് വിട്ടുകൊടുത്തു; സഹാബികൾ കൊല്ലപ്പെട്ടു, സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു, മസ്ജിദുന്നബവി വരെ അപമാനിക്കപ്പെട്ടു. “ഒരു വിഭാഗത്തോടുള്ള വൈരാഗ്യം നിങ്ങളെ അന്യായത്തിലേക്ക് നയിക്കരുത്” (5:8) എന്ന ഖുർആൻ മുന്നറിയിപ്പ് ഇവിടെ പൂർണ്ണമായും അവഗണിക്കപ്പെട്ടു. നബിയുടെ നഗരം തന്നെ ആക്രമിക്കപ്പെട്ടപ്പോൾ, “ദീൻ സംരക്ഷണം” എന്ന വാദം വെറും രാഷ്ട്രീയ മറയായി മാറി.
ഇതോടൊപ്പം നടന്ന ഏറ്റവും അപകടകരമായ നീക്കം മതപ്രമാണങ്ങളുടെ പുനർനിർമ്മാണമായിരുന്നു. ഖുർആൻ ദീനിന്റെ ഏക പ്രമാണമായിരുന്ന സ്ഥിതിയിൽ നിന്ന്, ഭരണകൂട ആവശ്യങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങൾ “സുന്നത്ത്” എന്ന പേരിൽ മതത്തിലേക്ക് കടന്നു. ഖുർആൻ വെച്ച് ചോദ്യമുന്നയിച്ചവർ ഫിത്നക്കാരായി മുദ്രകുത്തപ്പെട്ടു; ഭരണകൂട അനുസരണം “ഈമാൻ” ആയി അവതരിപ്പിക്കപ്പെട്ടു.
ഇത് ദീനിന്റെ വികസനമല്ല; ദീനിന്റെ രാഷ്ട്രീയവൽക്കരണമാണ്. ഖുർആൻ മുന്നറിയിപ്പ് നൽകിയതുപോലെ: “അല്ലാഹു അനുവദിക്കാത്ത കാര്യങ്ങൾ ദീനായി നിയമമാക്കുന്ന പങ്കാളികൾ അവർക്കുണ്ടോ?” (42:21). അമവി–അബ്ബാസി പാരമ്പര്യത്തിൽ, ഈ പങ്കാളിത്തമാണ് സ്ഥാപനവൽക്കരിച്ചത്. ഖുർആൻ കേന്ദ്രമായ ദീൻ ഭരണകൂട കേന്ദ്ര മതമായി. ഭരണകൂടത്തോടുള്ള അനുസരണം നീതിയും, വിമർശനം ഫിത്നയും, പ്രവാചക കുടുംബം രാഷ്ട്രീയ ശത്രുവുമായി.
അതിനാൽ അമവി പാരമ്പര്യത്തിൽ വളർന്ന രാഷ്ട്രീയ മതത്തെ “ഖുർആൻ ഇസ്‌ലാം” എന്ന് വിളിക്കുന്നത് ചരിത്രവഞ്ചനയാണ്. ഖുർആൻ ഇസ്‌ലാം മനുഷ്യനെ അല്ലാഹുവിനോട് ബന്ധിപ്പിക്കുന്നു; അമവി രാഷ്ട്രീയം മനുഷ്യനെ ഭരണകൂടത്തിന് കീഴടക്കുന്നു. ഖുർആൻ ഇസ്‌ലാം നീതിയുടെ ദീൻ ആണ്; അമവി പാരമ്പര്യം അധികാരത്തിന്റെ മതമാണ്.
നിഗമനം വ്യക്തമാണ്.
ഖുർആൻ — പ്രമാണം.
നബി — നൈതിക മാതൃക.
ചരിത്രം — വിമർശനവിധേയം.
പ്രവാചക കുടുംബത്തിന്റെ രക്തത്തിലൂടെ അധികാരം ഉറപ്പിച്ച ഭരണത്തെ, ഖുർആൻ വിരുദ്ധ നിയമങ്ങൾ മതപ്രമാണങ്ങളാക്കി മാറ്റിയ പാരമ്പര്യത്തെ, ഇസ്‌ലാമിന്റെ പേരിൽ വിശുദ്ധമാക്കുന്നത് ദീൻ സേവയല്ല — അത് രാഷ്ട്രീയ മതത്തിന്റെ സംരക്ഷണമാണ്.
എന്റെ മറുപടി:
ഈ ലേഖനത്തിലെ പ്രധാന പ്രശ്നം, ചരിത്രവും വിശ്വാസവും രാഷ്ട്രീയ വിശകലനവും തമ്മിൽ കലർത്തി, മുൻകൂട്ടി നിശ്ചയിച്ച നിഗമനത്തിലേക്ക് തെളിവുകളെ വലിച്ചിഴക്കുന്നതാണ്.
ഒന്നാമതായി, "നബി صلى الله عليه وسلم യുടെ കാലത്ത് ഖുർആൻ മാത്രമായിരുന്നു പ്രമാണം" എന്ന വാദം തന്നെ ഖുർആന് വിരുദ്ധമാണ്.
അല്ലാഹു പറയുന്നു:
"റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുകയും അദ്ദേഹം നിങ്ങളെ വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുക."
(സൂറത്ത് അൽ-ഹശ്ർ: 7).
"റസൂലിനെ അനുസരിച്ചവൻ അല്ലാഹുവിനെ അനുസരിച്ചു."
(സൂറത്ത് അന്നിസാ: 80).
സുന്നത്ത് ഖുർആന്റെ വിശദീകരണമാണ്.
രണ്ടാമതായി, മുആവിയ رضي الله عنه യസീദിനെ പിൻഗാമിയായി നിർദേശിച്ചു. യസീദിന്റെ ഭരണകാലം ആരംഭിച്ചപ്പോൾ മുസ്ലിം ലോകത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളിലും അദ്ദേഹത്തിന് ബൈഅത്ത് ലഭിച്ചു. ചരിത്രകാരന്മാർ രേഖപ്പെടുത്തിയ വസ്തുത ഇതാണ്.
മൂന്നാമതായി, ഹുസൈൻ رضي الله عنه വധിക്കപ്പെട്ടത് അത്യന്തം ദാരുണവും മുസ്ലിം ഹൃദയങ്ങളെ വേദനിപ്പിക്കുന്ന സംഭവവുമാണ്.അദ്ദേഹത്തെ കൊന്നവരും അതിന് സഹായം ചെയ്തവരും വലിയ കുറ്റവാളികളാണ്.
ഹുസൈൻ رضي الله عنه യെ കൂഫയിലേക്ക് ക്ഷണിച്ചത് കൂഫക്കാരായിരുന്നു.
ശിഈ ഗ്രന്ഥങ്ങളിൽ തന്നെ കാണാം:
«فإنّ هانئاً وسعيداً قدما عليّ بكتبكم ... ومقالة جلّكم: أنه ليس علينا إمام فأقبل لعل الله أن يجمعنا بك على الهدى والحق»
"നിങ്ങളുടെ കത്തുകൾ എനിക്ക് ലഭിച്ചു... നിങ്ങളിൽ ഭൂരിപക്ഷവും പറഞ്ഞത്: ഞങ്ങൾക്ക് ഒരു ഇമാം ഇല്ല; അതിനാൽ നിങ്ങൾ വരിക, അല്ലാഹു നിങ്ങളിലൂടെ ഞങ്ങളെ സത്യത്തിൽ ഒന്നിപ്പിക്കുമാറാകട്ടെ."
(ശൈഖ് മുഫീദ് ഉദ്ധരിക്കുന്ന ഹുസൈൻ رضي الله عنه യുടെ കത്ത്)
ശിഈ സ്രോതസ്സുകൾ തന്നെ ആയിരക്കണക്കിന് കൂഫക്കാരുടെ കത്തുകളെക്കുറിച്ച് രേഖപ്പെടുത്തുന്നു.
അതിനുശേഷം, അതേ കൂഫയിൽ നിന്നുള്ള സൈന്യമാണ് ഉമർ ഇബ്‌നു സഅ്ദിന്റെ നേതൃത്വത്തിൽ കർബലയിൽ ഹുസൈൻ رضي الله عنه നെതിരെ വന്നത്.
അതിനാൽ "യസീദ് നേരിട്ട് ഹുസൈനെ കൊന്നു" എന്നത് ചരിത്രത്തിലെ ഏക അഭിപ്രായമല്ല. സംഭവത്തിന്റെ നേരിട്ടുള്ള നിർവഹണം ഉബൈദുല്ലാഹ് ഇബ്നു സിയാദ്, ഉമർ ഇബ്‌നു സഅ്ദ്, ഷിമ്ർ തുടങ്ങിയവരുമായി ബന്ധപ്പെട്ടതാണ് എന്നാണ് ചരിത്രഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നത്.
നാലാമതായി, അമവീ ഭരണത്തിലെ തെറ്റുകൾ ഉണ്ടെങ്കിൽ അത് വിമർശിക്കാം. എന്നാൽ അതിന്റെ പേരിൽ മുഴുവൻ ഹദീസ് പാരമ്പര്യത്തെയും, സുന്നത്തിനെയും, മുസ്ലിം ഉമ്മത്തിന്റെ പണ്ഡിത പാരമ്പര്യത്തെയും രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് തെളിവില്ലാത്ത ആരോപണമാണ്.
ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം ബുഖാരി, ഇമാം മുസ്ലിം എന്നിവർ അമവീ കാലഘട്ടത്തിനുശേഷം ജീവിച്ചവരാണ്. അവർ ആയിരക്കണക്കിന് റാവിമാരെ പരിശോധിച്ച് സ്വീകാര്യവും അസ്വീകാര്യവുമായ ഹദീസുകൾ വേർതിരിച്ചാണ് ഹദീസ് ശാസ്ത്രം രൂപപ്പെടുത്തിയത്.
അതിനാൽ ശരിയായ സമീപനം:
ഖുർആൻ പ്രമാണമാണ്.
സുന്നത്ത് ഖുർആന്റെ വിശദീകരണമാണ്.
സഹാബികളെ ആദരിക്കുന്നു.
അഹ്‌ലുൽ ബൈത്തിനെ സ്നേഹിക്കുന്നു.
ഹുസൈൻ رضي الله عنه ന്റെ വധത്തെ അപലപിക്കുന്നു.
എന്നാൽ ചരിത്രസംഭവങ്ങളെ ഉപയോഗിച്ച് ഖുർആൻ-സുന്നത്ത് അടിസ്ഥാനമാക്കിയ മുഴുവൻ ഇസ്‌ലാമിക പാരമ്പര്യത്തെയും തള്ളിക്കളയുന്ന സമീപനം സ്വീകരിക്കുന്നില്ല.
ഹദീസ് നിഷേധി:
“റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുക” (59:7), “റസൂലിനെ അനുസരിച്ചവൻ അല്ലാഹുവിനെ അനുസരിച്ചു” (4:80) എന്നീ ആയത്തുകൾ റസൂലിന്റെ അധികാരം സ്ഥാപിക്കുന്നു; പക്ഷേ റസൂലിന് ശേഷമുള്ള നൂറ്റാണ്ടുകളിൽ സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകൾക്കും സ്വതവേ ദൈവിക പ്രമാണ പദവി നൽകുന്നു എന്ന് അവ നേരിട്ട് പറയുന്നില്ല. ഇതാണ് ചർച്ചയുടെ കേന്ദ്രം. റസൂലിനെ അനുസരിക്കുക എന്നതും പിന്നീട് രൂപപ്പെട്ട ഹദീസ് കോർപ്പസിനെ മുഴുവൻ സമാനമാക്കുന്നതും ഒരേ അവകാശവാദമല്ല.
രണ്ടാമതായി, യസീദിന് ബൈഅത്ത് ലഭിച്ചു എന്നത് ഒരു ചരിത്രവസ്തുതയായിരിക്കാം. എന്നാൽ ബൈഅത്ത് ലഭിച്ചു എന്ന കാരണത്താൽ ഒരു ഭരണരീതി ഖുർആൻ നിർദേശിച്ച ശൂറാ, നീതി, ഉത്തരവാദിത്വം എന്നീ തത്വങ്ങളോട് യോജിക്കുന്നു എന്ന് സ്വയം തെളിയിക്കപ്പെടുന്നില്ല. ഭൂരിപക്ഷ പിന്തുണയും നൈതിക സാധുതയും ഒരേ കാര്യമല്ല.
മൂന്നാമതായി, കർബലയുടെ നേരിട്ടുള്ള നിർവഹണം ആരായിരുന്നു എന്ന ചർച്ച ചരിത്രത്തിൽ നിലനിൽക്കുന്നു. എന്നാൽ ഒരു ഭരണകൂടത്തിന്റെ പേരിൽ, അതിന്റെ നിയമിത പ്രതിനിധികൾ നടത്തിയ നടപടികളുടെ രാഷ്ട്രീയ ഉത്തരവാദിത്വം ഭരണകൂടത്തിൽ നിന്ന് പൂർണ്ണമായി വേർതിരിക്കാൻ സാധിക്കുമോ എന്നതും ചരിത്രപരമായ ചോദ്യം തന്നെയാണ്. “യസീദ് നേരിട്ട് കൊന്നു” എന്നതും “യസീദിന് യാതൊരു ഉത്തരവാദിത്വവുമില്ല” എന്നതും തമ്മിൽ ഇടത്തരം നിലപാടുകൾ ചരിത്രത്തിൽ ഉണ്ട്.
നാലാമതായി, അമവി ഭരണത്തിന്റെ രാഷ്ട്രീയ സ്വാധീനം ചർച്ച ചെയ്യുന്നത് മുഴുവൻ സുന്നത്തിനെയോ എല്ലാ ഹദീസ് പാരമ്പര്യത്തെയോ നിരസിക്കുന്നതിന് തുല്യമല്ല. രാഷ്ട്രീയ അധികാരവും മത വ്യാഖ്യാനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നത് ചരിത്ര പഠനത്തിന്റെ സാധാരണ രീതിയാണ്.
ചോദ്യം ഇതാണ് :
ചരിത്രത്തിൽ രൂപപ്പെട്ട എല്ലാ, മതവ്യാഖ്യാനങ്ങളെയും ദീനിന്റെ അവിഭാജ്യ ഘടകമായി കാണണോ?
അല്ലെങ്കിൽ ഖുർആന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ ഉപയോഗിച്ച് ചരിത്രത്തെയും പാരമ്പര്യത്തെയും വിമർശനാത്മകമായി വായിക്കണോ?
59:7 ആയത്ത് ഉദ്ധരിക്കുമ്പോൾ അതിന്റെ സന്ദർഭവും കൂടി കാണേണ്ടതുണ്ട്.
ആയത്തിന്റെ പൂർണ്ണ ഭാഗം ഇങ്ങനെ തുടങ്ങുന്നു:
“അല്ലാഹു തന്റെ റസൂലിന് ആ ഗ്രാമവാസികളിൽ നിന്ന് ഫയ് (യുദ്ധമില്ലാതെ ലഭിച്ച സ്വത്ത്) ആയി നൽകിയതൊക്കെയും അല്ലാഹുവിനും റസൂലിനും...” തുടർന്ന് പറയുന്നു: “റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുക; അദ്ദേഹം വിലക്കിയത് ഒഴിവാക്കുക.”
അതിനാൽ ഈ ആയത്തിന്റെ നേരിട്ടുള്ള സന്ദർഭം ഫയ് സ്വത്തിന്റെ വിതരണം സംബന്ധിച്ചതാണ്; പൊതുവായ ഹദീസ് ഗ്രന്ഥങ്ങളുടെ ഭാവിയിലെ പ്രമാണ പദവി സ്ഥാപിക്കലല്ല.
തീർച്ചയായും ഖുർആൻ റസൂലിനെ അനുസരിക്കാൻ കല്പിക്കുന്നു (4:80 പോലുള്ള ആയത്തുകൾ). പക്ഷേ ചർച്ച ചെയ്യുന്ന ചോദ്യം വേറെയാണ്:
റസൂലിനെ അനുസരിക്കൽ എന്നത് റസൂലിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കലാണോ?
അല്ലെങ്കിൽ നൂറ്റാണ്ടുകൾക്ക് ശേഷം സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകളെയും അതേ നിലയിൽ പ്രമാണമാക്കലാണോ?
59:7 ആയത്ത് സ്വതവേ രണ്ടാം നിഗമനം നിർബന്ധമാക്കുന്നില്ല.
അതുകൊണ്ട് “റസൂലിനെ അനുസരിക്കൽ” എന്ന ഖുർആൻ തത്വവും “പിന്നീട് രൂപപ്പെട്ട ഹദീസ് കോർപ്പസ് മുഴുവൻ ദീനിന്റെ സ്വതന്ത്ര പ്രമാണം” എന്ന അവകാശവാദവും ഒരേ കാര്യമാണെന്ന് ആദ്യം തെളിയിക്കേണ്ടതുണ്ട്.
എന്റെ മറുപടി:
ഒരു വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ഒരേസമയം ചർച്ച ചെയ്യുന്നത് ശരിയായ പ്രബോധന രീതിയല്ല.
അത് കൊണ്ട് ആദ്യം ഹദീസ് മാത്രം ചർച്ച ചെയ്യാം. ശേഷം മറ്റു വിഷയങ്ങൾ, إن شاء الله.
ആരും "റസൂലിനെ അനുസരിക്കുക എന്നാൽ പിന്നീട് സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകളും അന്ധമായി സ്വീകരിക്കുക" എന്ന് പറയുന്നില്ല.
ചോദ്യം മറ്റൊന്നാണ്:
നബി ﷺ യുടെ സുന്നത്ത് എവിടെയാണ് സംരക്ഷിക്കപ്പെട്ടത്?
ഖുർആനിൽ അല്ലാഹു പറയുന്നു:
﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾
"ജനങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് അവർക്കു വിശദീകരിച്ചുകൊടുക്കാൻ നിനക്കു നാം ഉപദേശം (ദിക്റ്) ഇറക്കിയിരിക്കുന്നു."
(സൂറത്തു നഹ്ൽ: 44)
ഖുർആൻ തന്നെ നബി ﷺ ക്ക് "വിശദീകരണ" ദൗത്യം നൽകുന്നു.
അപ്പോൾ ചോദ്യം:
1. ആ വിശദീകരണം എവിടെയാണ്?
2. ഖുർആനിൽ കള്ളന്റെ കൈ വെട്ടാൻ പറഞ്ഞല്ലോ. ഇതിന്റെ വിശദീകരണം ഖുർആനിൽ ഇല്ല. ഇതിന്റെ വിശദീകരണം വേണം. അല്ലെങ്കിൽ ചെറിയ ഒരു മിട്ടായി കഷണം കട്ടാലും കൈ വെട്ടേണ്ടി വരും.
ഹദീസിലാണ് എത്ര കട്ടാലാണ് കൈ വെട്ടേണ്ടത് എന്ന് വന്നിട്ടുള്ളത്.
കൈ എവിടെ വെട്ടണം എന്നും ഖുർആനിൽ ഇല്ല. ഹദീസിലാണുള്ളത്.
3. അല്ലാഹു പറഞ്ഞു:
﴿إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ﴾
"നിശ്ചയമായും അല്ലാഹുവിന്റെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ട് മാസങ്ങളാകുന്നു. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച ദിവസം മുതൽ അല്ലാഹുവിന്റെ രേഖയിൽ (വിധിനിശ്ചയത്തിൽ) അങ്ങനെ തന്നെയാണ്. അവയിൽ നാല് മാസങ്ങൾ പവിത്രങ്ങളാകുന്നു."
(സൂറത്തു തൗബ: 36)
ഈ ആയത്തിൽ നാല് പവിത്ര മാസങ്ങൾ ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു.
ആ നാല് മാസങ്ങൾ ഏതൊക്കെയാണെന്ന് ഖുർആനിൽ പറയുന്നില്ല. അത് ഹദീസിലാണുള്ളത്.
അപ്പോൾ ഹദീസ് നോക്കാതെ അത് എങ്ങനെ അറിയാൻ സാധിക്കും?
4. നിസ്കാരത്തിന്റെ റക്അത്തുകൾ എവിടെയാണ്?
5. സകാത്തിന്റെ നിരക്കുകൾ എവിടെയാണ്?
6. ഹജ്ജിന്റെ വിശദമായ കർമ്മങ്ങൾ എവിടെയാണ്?
ഖുർആനിൽ ഇവയുടെ വിശദാംശങ്ങൾ ഇല്ല.
അതുകൊണ്ടാണ് ഇമാം അശ്ശാഫിഈ رحمه الله പറഞ്ഞത്:
"റസൂലിൽ നിന്ന് സ്ഥിരപ്പെട്ട എല്ലാ സുന്നത്തുകളും അല്ലാഹുവിന്റെ കിതാബിനെ വിശദീകരിക്കുന്നതാണ്."
ഞാൻ മുകളിൽ കൊടുത്ത ആറ് പോയിന്റുകളും ഓരോന്നായി അതിൻ്റെ ക്രമം തെറ്റാതെ മറുപടി പറയുക, إن شاء الله.
ഹദീസ് നിഷേധി:
അല്ലാഹു ഖുർആനെ മനുഷ്യർക്കുള്ള മാർഗദർശനമെന്ന് അവതരിപ്പിച്ചപ്പോൾ, അതിന്റെ നിലനിൽപ്പ് മറ്റൊരു മനുഷ്യസമാഹാരത്തെ ആശ്രയിച്ചാണോ വെച്ചത്?
ഖുർആൻ പറയുന്നു:“ഈ ഗ്രന്ഥത്തിൽ യാതൊരു സംശയവുമില്ല; ദൈവഭക്തർക്കുള്ള മാർഗദർശനമാണിത്.”(2:2)
“അല്ലാഹുവല്ലാത്ത മറ്റൊരാളെ ഞാൻ വിധികർത്താവായി തേടണമോ? നിങ്ങൾക്കായി വിശദീകരിക്കപ്പെട്ട ഗ്രന്ഥം അവനാണ് ഇറക്കിയിരിക്കുന്നത്.”(6:114)
“നാം ഈ ഗ്രന്ഥം എല്ലാ കാര്യങ്ങൾക്കും വിശദീകരണമായും മാർഗദർശനമായും കാരുണ്യമായും ഇറക്കിയിരിക്കുന്നു.”(16:89)
അപ്പോൾ ഖുർആൻ തന്നെ സ്വന്തം സ്വഭാവത്തെ വ്യക്തവും വിശദീകരിക്കപ്പെട്ടതുമായ മാർഗദർശനം എന്നാണ് അവതരിപ്പിക്കുന്നത്. നബി വിശദീകരിച്ചില്ല എന്നല്ല. നബി ഖുർആൻ ജീവിച്ചു കാണിച്ചു, പഠിപ്പിച്ചു, സമൂഹത്തിൽ നടപ്പാക്കി. അതിൽ തർക്കമില്ല.
എന്നാൽ ഹദീസ് ഖുർആന്റെ ഔദ്യോഗിക വിശദീകരണമാണെങ്കിൽ — ഖുർആനിലെ 6000 ത്തിലധികം ആയത്തുകൾക്ക് നേർക്ക് നേർ വിശദീകരണം ഹദീസുകളിൽ എവിടെയാണ്?
ആയത്തുകളെ നേർക്ക് നേരെ വിശദീകരിക്കുന്ന ഹദീസുകൾ അത്യന്തം വിരളമാണ്. പണ്ഡിതന്മാരുടെ കണക്കുപ്രകാരം 200–300 ന് താഴെ മാത്രം. അതും ഖുർആന്റെ 6000 ലധികം ആയത്തുകളോട് താരതമ്യം ചെയ്താൽ വളരെ ചെറുതാണ്.
ആ കുറച്ച് ഹദീസുകളിലുപോലും വിശദീകരണ പിഴവുകൾ, ഖുർആൻ വിരുദ്ധതകൾ, നബിയുടെ മഹത്വത്തെ തകർക്കുന്ന വിവരണങ്ങൾ ധാരാളമുണ്ട് .
മാത്രമല്ല, ആ റിപ്പോർട്ടുകൾ സ്വീകരിക്കുമ്പോൾ പണ്ഡിതന്മാർ പോലും ആദ്യം നോക്കുന്നത്:
ഇത് ഖുർആനോട് വിരുദ്ധമാണോ? എന്നാണ്.
എന്തുകൊണ്ട്?
കാരണം അവർക്ക് തന്നെ അന്തിമ മാനദണ്ഡം ഖുർആൻ ആണെന്ന് അറിയാം.
ചില റിപ്പോർട്ടുകളിൽ ഖുർആനിന്റെ പൊതുതത്വങ്ങളോട് വിരുദ്ധം ഉണ്ടെന്ന വിമർശനങ്ങളും, നബിയുടെ മഹത്വത്തെ ബാധിക്കുന്ന വിവരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും പണ്ഡിതന്മാർക്കിടയിൽ തന്നെയുണ്ട്. അതുകൊണ്ടാണ് ഹദീസ് ശാസ്ത്രം തന്നെ രൂപപ്പെട്ടത്.
അതിനാൽ :
ഹദീസ് കുറേ വിശദീകരണമാണ് — പക്ഷേ ഖുർആന്റെ നിലനിൽപ്പിനുള്ള അടിസ്ഥാനമല്ല.
ഖുർആന് ഹദീസ് കൊണ്ട് സാധുത ലഭിക്കുന്നില്ല.
മറിച്ച് ഹദീസുകൾക്ക് മതപരമായ പ്രസക്തി ലഭിക്കുന്നത് ഖുർആന്റെ വെളിച്ചത്തിൽ പരിശോധിക്കപ്പെടുമ്പോഴാണ്.
അല്ലാഹുവിന്റെ വാഗ്ദാനം:“ഈ സ്മരണ (ഖുർആൻ) നാം തന്നെയാണ് ഇറക്കിയത്; അതിനെ നാം തന്നെ സംരക്ഷിക്കും.”(15:9)
അതുകൊണ്ട് അടിസ്ഥാനം — ഖുർആൻ.
ബാക്കി എല്ലാം — അതിന്റെ വെളിച്ചത്തിൽ പരിശോധിക്കപ്പെടേണ്ടവ.
എന്റെ മറുപടി:
ഞാൻ മുമ്പ് ഉന്നയിച്ച ആറ് വിഷയങ്ങൾക്കും ക്രമമായി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവയ്ക്ക് മറുപടി നൽകാതെ "ഖുർആൻ മാത്രം മതി" എന്ന വാദം വീണ്ടും ആവർത്തിക്കുകയാണ് ചെയ്തത്.
ചുരുക്കത്തിൽ:
1. ഖുർആൻ തന്നെ നബി ﷺക്ക് ഖുർആൻ വിശദീകരിക്കാനുള്ള ദൗത്യം നൽകിയതായി പറയുന്നു (നഹ്ൽ 16:44).
2. ഖുർആൻ തന്നെ റസൂൽ ﷺ നൽകുന്നത് സ്വീകരിക്കാനും അദ്ദേഹത്തെ അനുസരിക്കാനും കല്പിക്കുന്നു (ഹശ്ർ 59:7, നിസാ 4:80).
3. സുന്നത്തിന്റെ ദൗത്യം ഓരോ ആയത്തിനും വാചകവ്യാഖ്യാനം നൽകലല്ല; മറിച്ച് പൊതുവായതിനെ വിശദീകരിക്കുകയും പ്രായോഗികമായി നടപ്പിലാക്കിക്കാണിക്കുകയുമാണ്.
4. ദുർബല ഹദീസുകൾ തള്ളുന്നത് സുന്നത്തിനെ തള്ളലല്ല. ഹദീസ് ശാസ്ത്രം രൂപപ്പെട്ടത് സുന്നത്തിനെ സംരക്ഷിക്കാനാണ്.
5. ഖുർആൻ തന്നെ പറയുന്നു:
«﴿يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا﴾»
"ഇതിലൂടെ അവൻ അനേകരെ വഴിപിഴപ്പിക്കുകയും അനേകരെ നേർവഴിയിലാക്കുകയും ചെയ്യുന്നു."
(ബഖറ 2:26)
അതുകൊണ്ട് ഖുർആൻ മാത്രം വായിച്ചാൽ എല്ലാവരും ശരിയായ അർത്ഥത്തിലെത്തുമെന്ന വാദം ഖുർആൻ തന്നെ നിഷേധിക്കുന്നു.
6. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഖവാരിജുകൾ. അവർ ഖുർആൻ വായിച്ചെങ്കിലും നബി ﷺയുടെ വിശദീകരണം ഉപേക്ഷിച്ചതിനാൽ മുസ്ലിംകളെ കാഫിറാക്കുകയും കൊല്ലുകയും ചെയ്തു. നബി ﷺ അവരെക്കുറിച്ച് പ്രവചിച്ചത്:
«"അവർ വിഗ്രഹാരാധകരെ വിട്ടേക്കുകയും മുസ്ലിംകളെ കൊല്ലുകയും ചെയ്യും."»
ഇന്നും അതേ ചിന്താഗതി മുസ്ലിം സമൂഹങ്ങളിൽ വലിയ നാശം വിതച്ചുകൊണ്ടിരിക്കുന്നു.
7. ഖുർആൻ സംരക്ഷിക്കപ്പെട്ടുവെന്നത് സുന്നത്ത് ആവശ്യമില്ലെന്നല്ല. ഖുർആൻ തന്നെ റസൂലിനെ അനുസരിക്കാൻ കല്പിക്കുന്നു.
8. റസൂൽ ﷺയുടെ മാർഗം ഉപേക്ഷിക്കുന്നത് അതീവ ഗുരുതരമാണ്. അല്ലാഹു മുന്നറിയിപ്പ് നൽകുന്നു:
«"അദ്ദേഹത്തിന്റെ കല്പനയെ എതിർക്കുന്നവർ, തങ്ങൾക്ക് ഒരു പരീക്ഷണമോ വേദനാജനകമായ ശിക്ഷയോ ബാധിക്കുമോ എന്ന് സൂക്ഷിക്കട്ടെ." (നൂർ 24:63)»
അവസാനമായി, ഞാൻ ആദ്യം ചോദിച്ച ആറ് വിഷയങ്ങൾക്കും, ഇപ്പോൾ ഉന്നയിച്ച എട്ട് വിഷയങ്ങൾക്കും വിഷയം മാറ്റാതെ ക്രമമായി മറുപടി നൽകണമെന്ന് വീണ്ടും അഭ്യർഥിക്കുന്നു.
ഹദീസ് നിഷേധി :
താങ്കൾ പറഞ്ഞത് പോലെ വിഷയം മാറാതെ ഒന്നൊന്നായി പോകാം. ഇപ്പോൾ ആദ്യ പോയിന്റ് മാത്രം.
1. നഹ്ൽ 16:44 — “ജനങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് അവർക്കു വിശദീകരിച്ചുകൊടുക്കാൻ…”
താങ്കൾ പറയുന്നത്:
നബിക്ക് വിശദീകരണ ദൗത്യം നൽകിയിരിക്കുന്നു, അതുകൊണ്ട് ഹദീസ് അനിവാര്യമാണ്.
പക്ഷേ ചോദ്യം അത് അല്ല.
ചോദ്യം:
“വിശദീകരണം” എന്നത് ഖുർആനിന് പുറത്തുള്ള സമാന്തര പ്രമാണം സ്ഥാപിക്കൽ ആണോ?
കാരണം ഖുർആൻ തന്നെ സ്വന്തം സ്വഭാവത്തെ ഇങ്ങനെ പരിചയപ്പെടുത്തുന്നു:
“നിങ്ങൾക്കായി വിശദീകരിക്കപ്പെട്ട ഗ്രന്ഥം അവനാണ് ഇറക്കിയിരിക്കുന്നത്.” (6:114)
“ഈ ഗ്രന്ഥം എല്ലാ കാര്യങ്ങൾക്കും വിശദീകരണമായും മാർഗദർശനമായും നാം ഇറക്കിയിരിക്കുന്നു.” (16:89)
അതേസമയം “വിശദീകരിക്കുക” എന്ന ഭാഷ ഖുർആൻ നബിയോട് മാത്രം ഉപയോഗിക്കുന്നില്ല.
വേദക്കാർക്കും അവരുടെ ഗ്രന്ഥം ജനങ്ങൾക്ക് വ്യക്തമാക്കാനും മറച്ചുവെക്കാതിരിക്കാനും ഉത്തരവാദിത്വം നൽകിയതായി ഖുർആൻ പറയുന്നു (3:187).
അതായത്:
വിശദീകരണം എന്നാൽ ലഭിച്ച സന്ദേശം വ്യക്തമാക്കുക, പഠിപ്പിക്കുക, ജീവിച്ചു കാണിക്കുക.
അല്ലാതെ:
വിശദീകരണം എന്നത് പുതിയൊരു സ്വതന്ത്ര മതപ്രമാണം സ്ഥാപിക്കൽ
എന്ന് ആയത്ത് പറയുന്നില്ല.
അതുകൊണ്ട്:
റസൂലിനെ അനുസരിക്കുക എന്നത് ഞാൻ നിഷേധിക്കുന്നില്ല.
പക്ഷേ അടുത്ത ചോദ്യം അവിടെയാണ്:
റസൂൽ എന്താണ് അനുസരിച്ചത്?
ഖുർആൻ പറയുന്നത്:
“എനിക്ക് വഹിയായി ലഭിക്കുന്നതല്ലാതെ ഞാൻ പിന്തുടരുന്നില്ല.” (6:50)
അപ്പോൾ നബിയുടെ വിശദീകരണവും അടിസ്ഥാനത്തിൽ വഹിയായ ഖുർആനെ കേന്ദ്രീകരിച്ചായിരുന്നു.
അതുകൊണ്ട് :
ഖുർആനെ വിശദീകരിച്ച നബി എന്നത് ഖുർആനിന് തുല്യമായ മറ്റൊരു സ്വതന്ത്ര മതപ്രമാണം സ്ഥാപിച്ചു എന്നതിന് തെളിവാകുന്നില്ല.
അടുത്തതായി താങ്കൾ ഉന്നയിച്ച 2-ാം പോയിന്റ് (കള്ളന്റെ കൈ വെട്ടൽ) വേണമെങ്കിൽ അതിലേക്ക് പോകാം.
എന്റെ മറുപടി:
താങ്കൾ വിഷയം മാറ്റുകയാണ്.
ഞാൻ ചോദിച്ചത്: നബി ﷺ-ക്ക് ഖുർആൻ വിശദീകരിക്കാനുള്ള ദൗത്യമുണ്ടായിരുന്നോ?
അല്ലാഹു പറയുന്നു:
«"ജനങ്ങൾക്ക് ഇറക്കപ്പെട്ടത് അവർക്ക് വിശദീകരിച്ചുകൊടുക്കാൻ നിനക്ക് നാം ഈ ഉൽബോധനം ഇറക്കിയിരിക്കുന്നു."
(നഹ്ൽ 16:44)»
അപ്പോൾ നബി ﷺ ഖുർആൻ വിശദീകരിച്ചുവെന്നത് ഖുർആൻ തന്നെ പറയുന്നു.
16:89-ൽ ഖുർആൻ എല്ലാ കാര്യങ്ങൾക്കും വിശദീകരണമാണെന്ന് പറഞ്ഞത്, 16:44-ൽ നബി ﷺ-ക്ക് നൽകിയ വിശദീകരണ ദൗത്യം റദ്ദാക്കുന്നില്ല. രണ്ടും ഒരുമിച്ച് സത്യമാണ്.
പിന്നെ അല്ലാഹു പറയുന്നു:
«"റസൂൽ നിങ്ങൾക്ക് നൽകുന്നതെന്തും സ്വീകരിക്കുക; അദ്ദേഹം വിലക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക."
(ഹശ്ർ 59:7)»
ഇവിടെ "ഖുർആൻ മാത്രം" എന്നല്ല പറഞ്ഞത്; റസൂൽ നൽകുന്നതെല്ലാം എന്നാണ്.
ഇനി ഹദീസ് മറ്റൊരു പ്രമാണമാണെന്നതിന് തെളിവ്:
«﴿وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ﴾
(ജുമുഅ 62:2)»
അല്ലാഹു "അൽ-കിതാബ്" എന്നും "അൽ-ഹിക്മത്ത്" (വിജ്ഞാനം ) എന്നും രണ്ടും പ്രത്യേകം പരാമർശിച്ചു. രണ്ടിനോടും "അൽ" (ال) ഉപയോഗിച്ചിട്ടുണ്ട്.
അൽ-കിതാബ് മാത്രം ഉദ്ദേശിച്ചിരുന്നെങ്കിൽ അൽ-ഹിക്മത്ത് പ്രത്യേകം പറയേണ്ട കാര്യമില്ലായിരുന്നു.
അതായത്, ഖുർആനിന് പുറമെ അല്ലാഹു നബി ﷺ-ക്ക് പഠിപ്പിച്ച പ്രത്യേക വിജ്ഞാനവും ഉണ്ടായിരുന്നു. അതാണ് സുന്നത്ത്; അതാണ് ഹദീസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അതുകൊണ്ട് ഹദീസ് , ഖുർആൻ തന്നെ അംഗീകരിക്കുകയും അനുസരിക്കാൻ കല്പിക്കുകയും ചെയ്ത പ്രമാണമാണ്.
ഹദീസ് നിഷേധി:
59:7 ആയത്ത് ഉദ്ധരിക്കുമ്പോൾ അതിന്റെ സന്ദർഭവും കൂടി കാണേണ്ടതുണ്ട്.
ആയത്തിന്റെ പൂർണ്ണ ഭാഗം ഇങ്ങനെ തുടങ്ങുന്നു:
“അല്ലാഹു തന്റെ റസൂലിന് ആ ഗ്രാമവാസികളിൽ നിന്ന് ഫയ് (യുദ്ധമില്ലാതെ ലഭിച്ച സ്വത്ത്) ആയി നൽകിയതൊക്കെയും അല്ലാഹുവിനും റസൂലിനും...” തുടർന്ന് പറയുന്നു: “റസൂൽ നിങ്ങൾക്ക് നൽകിയത് സ്വീകരിക്കുക; അദ്ദേഹം വിലക്കിയത് ഒഴിവാക്കുക.”
അതിനാൽ ഈ ആയത്തിന്റെ നേരിട്ടുള്ള സന്ദർഭം ഫയ് സ്വത്തിന്റെ വിതരണം സംബന്ധിച്ചതാണ്; പൊതുവായ ഹദീസ് ഗ്രന്ഥങ്ങളുടെ ഭാവിയിലെ പ്രമാണ പദവി സ്ഥാപിക്കലല്ല.
തീർച്ചയായും ഖുർആൻ റസൂലിനെ അനുസരിക്കാൻ കല്പിക്കുന്നു (4:80 പോലുള്ള ആയത്തുകൾ). പക്ഷേ ചർച്ച ചെയ്യുന്ന ചോദ്യം വേറെയാണ്:
റസൂലിനെ അനുസരിക്കൽ എന്നത് റസൂലിന്റെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിക്കലാണോ?
അല്ലെങ്കിൽ നൂറ്റാണ്ടുകൾക്ക് ശേഷം സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകളെയും അതേ നിലയിൽ പ്രമാണമാക്കലാണോ?
59:7 ആയത്ത് സ്വതവേ രണ്ടാം നിഗമനം നിർബന്ധമാക്കുന്നില്ല.
അതുകൊണ്ട് “റസൂലിനെ അനുസരിക്കൽ” എന്ന ഖുർആൻ തത്വവും “പിന്നീട് രൂപപ്പെട്ട ഹദീസ് കോർപ്പസ് മുഴുവൻ ദീനിന്റെ സ്വതന്ത്ര പ്രമാണം” എന്ന അവകാശവാദവും ഒരേ കാര്യമാണെന്ന് ആദ്യം തെളിയിക്കേണ്ടതുണ്ട്.
എന്റെ മറുപടി:
താങ്കൾ വീണ്ടും പ്രധാന വിഷയം ഒഴിവാക്കി.
ഞാൻ ഉദ്ധരിച്ച
وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ
(62:2)
എന്ന ആയത്തിനെക്കുറിച്ച് താങ്കൾ ഒരു മറുപടിയും പറഞ്ഞിട്ടില്ല.
അല്ലാഹു "അൽ-കിതാബ്" എന്നും "അൽ-ഹിക്മത്ത്" എന്നും രണ്ടും പ്രത്യേകം പരാമർശിച്ചത്.
ഇനി 59:7-ന്റെ കാര്യത്തിലേക്ക് വരാം.
അതെ, ആയത്തിന്റെ സന്ദർഭം ഫയ് സ്വത്താണ്. പക്ഷേ ഉസൂലുൽ ഫിഖ്ഹിലെ സുപ്രസിദ്ധ നിയമം ഇതാണ്:
"العبرة بعموم اللفظ لا بخصوص السبب"
"പരിഗണിക്കപ്പെടുന്നത് പദത്തിന്റെ പൊതുവായ അർത്ഥമാണ്; അവതരണത്തിന്റെ പ്രത്യേക കാരണമല്ല."
അല്ലാഹു "റസൂൽ ഫയ് സ്വത്തിൽ നൽകുന്നതു മാത്രം സ്വീകരിക്കുക" എന്നല്ല പറഞ്ഞത്.
പറഞ്ഞത്:
«﴿وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا﴾»
"റസൂൽ നിങ്ങൾക്ക് നൽകുന്നതെന്തും സ്വീകരിക്കുക; അദ്ദേഹം വിലക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക."
ഇത് പൊതുവായ പ്രയോഗമാണ്.
ഇനി താങ്കൾ പറയുന്നത്:
"നൂറ്റാണ്ടുകൾക്ക് ശേഷം സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകളും..."
ഇത് ചരിത്രപരമായ അബദ്ധമാണ്.
ഹദീസ് നൂറ്റാണ്ടുകൾക്ക് ശേഷം എഴുതിത്തുടങ്ങിയതല്ല.
സ്വഹാബാക്കളുടെ رضي الله عنهم കാലത്തുതന്നെ ഹദീസുകൾ എഴുതപ്പെട്ടിരുന്നു.
ഉദാഹരണമായി:
- صحيفة عبد الله بن عمرو بن العاص (അസ്-സഹീഫത്തു സ്വാദിഖ)
- صحيفة همام بن منبه
- صحيفة علي بن أبي طالب
- كتاب أبي بكر في الزكاة
തുടങ്ങിയവ.
പിന്നീട് ഇമാമുമാരായ മാലിക്, അഹ്മദ്, ബുഖാരി, മുസ്ലിം എന്നിവർ അവയെ ഇസ്‌നാദ് (സമ്പൂർണ്ണ നിവേദകപരമ്പര) പരിശോധിച്ച് സമാഹരിച്ചു.
ഖുർആൻ നമ്മിലേക്ക് എത്തിയതും നിവേദകരിലൂടെയാണ്; ഹദീസും നിവേദകരിലൂടെയാണ്. വ്യത്യാസം എന്തെന്നാൽ ഹദീസിന് ഓരോ റിപ്പോർട്ടിനും പ്രത്യേകം ഇസ്‌നാദ് പരിശോധിക്കുന്ന ശാസ്ത്രം വികസിപ്പിക്കപ്പെട്ടു.
അതിനാൽ "നൂറ്റാണ്ടുകൾക്ക് ശേഷം ഉണ്ടാക്കിയ റിപ്പോർട്ടുകൾ" എന്ന പ്രയോഗം, ഹദീസ് ശാസ്ത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ മാത്രമാണ്; ചരിത്രമല്ല.
ഇപ്പോൾ താങ്കൾ 62:2-ലെ "അൽ-ഹിക്മത്ത്" "വിജ്ഞാനം"
അതിന് മറുപടി പറയുക.
ഹദീസ് നിഷേധി :
62:2 ലെ “അൽ-കിതാബ്” എന്നും “അൽ-ഹിക്മത്ത്” എന്നും രണ്ട് വാക്കുകൾ വന്നതുകൊണ്ട് അത് സ്വതേ “ഖുർആനും ഹദീസും ” ആകണം എന്ന നിഗമനം ഖുർആൻ തന്നെ നിർബന്ധമാക്കുന്നില്ല.
ആയത്ത് പറയുന്നത് നബി ജനങ്ങൾക്ക് നാല് കാര്യങ്ങൾ ചെയ്യുന്നു എന്നാണ്:
ആയത്തുകൾ ഓതിക്കൊടുക്കുന്നു
അവരെ ശുദ്ധീകരിക്കുന്നു
കിതാബ് പഠിപ്പിക്കുന്നു
ഹിക്മത്ത് പഠിപ്പിക്കുന്നു
ഇവിടെ “ഹിക്മത്ത്” എന്ന പദം ഖുർആനിൽ എല്ലായിടത്തും “പിന്നീട് സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നില്ല.
ഉദാഹരണത്തിന്:
2:269 — “അവൻ ഉദ്ദേശിക്കുന്നവർക്ക് ഹിക്മത്ത് നൽകുന്നു”
17:39 — വിവിധ ഖുർആനിക ഉപദേശങ്ങൾ പറഞ്ഞ ശേഷം: “ഇതാണ് നിന്റെ റബ്ബ് നിനക്ക് നൽകിയ ഹിക്മത്തിൽപ്പെട്ടത്”
31:12 — ലുഖ്മാന് ഹിക്മത്ത് നൽകി
അപ്പോൾ ഹിക്മത്ത് എന്നത് ദൈവികമായ വിവേകം, ശരിയായ പ്രയോഗം, ആഴത്തിലുള്ള ബോധം, വിധിനിർണയശേഷി എന്ന വിശാലമായ അർത്ഥത്തിലാണ് ഖുർആൻ ഉപയോഗിക്കുന്നത്.
മാത്രമല്ല, “വിശദീകരിക്കുക” (16:44) എന്ന പദം വന്നതുകൊണ്ട് ആ വിശദീകരണം വേറൊരു സംരക്ഷിത ഗ്രന്ഥമായി മാറുന്നു എന്ന് ആയത്ത് പറയുന്നില്ല.
അതേ “ലിതുബയ്യിനു” (വ്യക്തമാക്കുക) എന്ന ആശയം വേദക്കാർക്കും ഉപയോഗിക്കുന്നു:
“ഗ്രന്ഥം ലഭിച്ചവരിൽ നിന്ന് അല്ലാഹു ഉടമ്പടി എടുത്തു — നിങ്ങൾ അത് ജനങ്ങൾക്ക് വ്യക്തമാക്കണം; മറച്ചുവെക്കരുത്.” (3:187)
അപ്പോൾ “വ്യക്തമാക്കുക” എന്നത് സ്വതേ പുതിയ വഹിയോ സ്വതന്ത്ര പ്രമാണമോ എന്നല്ല.
നബി ഖുർആൻ ജീവിച്ചു കാണിച്ചു, പഠിപ്പിച്ചു, സമൂഹത്തിൽ നടപ്പാക്കി — അതിൽ തർക്കമില്ല.
പക്ഷേ അതിൽ നിന്ന് പിന്നീട് സമാഹരിക്കപ്പെട്ട എല്ലാ റിപ്പോർട്ടുകൾക്കും ഖുർആനോടു സമാനമായ നിർബന്ധിത പ്രമാണപദവി ലഭിക്കുന്നു എന്ന നിഗമനം വേറൊരു വാദമാണ് — അതിന് പ്രത്യേകം തെളിവ് വേണം.
അതുകൊണ്ട് :
റസൂലിനെ അനുസരിക്കണം — സംശയമില്ല.
പക്ഷേ റസൂൽ എന്താണ് അനുസരിച്ചത്?
ഖുർആൻ തന്നെയല്ലേ?
അപ്പോൾ അന്തിമ മാനദണ്ഡം എന്ത്?
ഖുർആൻ തന്നെയല്ലേ?
എന്റെ മറുപടി :
നിങ്ങളുടെ വാദത്തിൽ ഭാഷാപരമായും ഖുർആനിക സന്ദർഭത്തിലും പിശകുണ്ട്.
ഖുർആനിൽ الكتاب എന്നും الحكمة എന്നും “അൽ” (ال) ഉപയോഗിച്ച് നിർദിഷ്ടമായി വന്നതാണ്.
അറബി ഭാഷയിൽ ഇത് പൊതുവായതല്ല, മറിച്ച് അല്ലാഹു നബിക്ക് ﷺ നൽകിയ പ്രത്യേകമായ ബോധനമാണ്.
അതുകൊണ്ട് “ഹിക്മത്ത് എന്നാൽ സാധാരണ ജ്ഞാനം മാത്രം” എന്ന വ്യാഖ്യാനം വ്യക്തമാക്കുന്നത് നിങ്ങൾക്ക് അറബി ഭാഷ അറിയില്ല എന്നതാണ്.
ഖുർആനിൽ ഒരു പദം തന്നെ വ്യത്യസ്ത സ്ഥലങ്ങളിൽ വരുമ്പോൾ ഒരേ അർത്ഥമല്ല. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടതാണ്.
അതുകൊണ്ട് “ഹിക്മത്ത്” എല്ലായിടത്തും പൊതുവായി മാത്രമാണെന്ന് പറയുന്നത് ശരിയല്ല.
നബി ﷺ സംബന്ധമായ ആയത്തുകളിൽ അത് അല്ലാഹു നൽകിയ പ്രത്യേകമായ ബോധനവും വിശദീകരണവുമാണ്.
താഴെ ആയത്ത് കാണുക:
وَاذْكُرْنَ مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ
“നിങ്ങളുടെ വീടുകളിൽ അല്ലാഹുവിന്റെയും അൽ ഹിക്മത്തിന്റെയും വചനങ്ങൾ ഓതുന്നു.”
ഇവിടെ “يُتلى” (പാരായണം ചെയ്യപ്പെടുന്നത്) എന്ന് പറയുന്നത്, ഖുർആനിന് പുറമെ പഠിപ്പിക്കപ്പെടുന്ന ദൈവിക ബോധനത്തെയാണ് സൂചിപ്പിക്കുന്നത്. ഇതാണ് സുന്നത്തിന്റെ അടിസ്ഥാന വിശദീകരണം.
താഴെ കാണുക:
عن قتادة في قوله: (وَاذْكُرْنَ مَا يُتْلَى فِي بِيُوتِكُنَّ مِنْ آيَاتِ اللَّهِ وَالْحِكْمَةِ) : أي: السنة
നബി صلى الله عليه وسلم യിൽ നിന്ന് നേരിട്ട് പഠിച്ച സഹാബികൾ رضي الله عنهم വിൽ നിന്ന് നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ
ഖതാദ رحمه الله പറഞ്ഞത്:
“ഇത് സുന്നത്താണ്.”
ഇതിനെ ഒരു തഫ്സീർ പണ്ഡിതന്മാരും എതിർത്തിട്ടില്ല.
കൂടാതെ ഖുർആൻ തന്നെ പറയുന്നു:
“റസൂൽ നിങ്ങൾക്ക് നൽകുന്നതു സ്വീകരിക്കൂ” (59:7)
ഇത് പൊതുവായ നിർദ്ദേശമാണ്.
ഇത് ഖുർആൻ മാത്രം മതി, സുന്നത്ത് പ്രമാണമല്ല എന്ന ആശയത്തെ തന്നെ തള്ളുന്നു.
4. പവിത്ര മാസങ്ങൾ (9:36):
ഖുർആൻ തന്നെ പറയുന്നു:
“മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്, അതിൽ നാല് മാസം പവിത്രമാണ്.”
അവയുടെ വിശദീകരണവും പേരുകളും പ്രവാചകൻ ﷺ പഠിപ്പിച്ചതാണ്. ഖുർആനിൽ വിശദമായി പറയുന്നില്ല. അതിനാൽ വിശദീകരണം സുന്നത്താണ്, പുതിയ മതഗ്രന്ഥമല്ല.
മോഷ്ടാവിന്റെ കൈ മുറിക്കണം എന്ന് (5:38): ഖുർആൻ പറയുന്നു .
പക്ഷേ അതിന്റെ പ്രയോഗ വ്യവസ്ഥകൾ, പരിധികൾ, ന്യായപ്രക്രിയ എന്നിവ നബി ﷺ സുന്നത്തിലൂടെയാണ് വ്യക്തമാക്കിയത്. ഇത് നിയമത്തിന്റെ പ്രയോഗ വിശദീകരണമാണ് .
അതിനാൽ “ഖുർആൻ മാത്രം മതി, സുന്നത്ത് പ്രമാണമല്ല” എന്ന നിലപാട് ഖുർആന്റെ തന്നെ ആയത്തുകളെയും അറബി ഭാഷാ ഘടനക്കും വിരുദ്ധമാണ്.
അറബി ഭാഷയിൽ പാണ്ഡിത്യമുള്ള തഫ്സീർ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെ മറികടന്ന്, വെറും പരിഭാഷയെ ആശ്രയിച്ച് അഭിപ്രായം പറയുന്നത് നിങ്ങളെ വഴി തെറ്റിക്കും.
പിന്നീട് ഹദീസ് നിഷേധി പ്രതികരിച്ചിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment