മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കരുത്
മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കരുത്
ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله.
കുടുംബ ബന്ധം ചേർത്തുന്നത് ഈ ലോകത്തും പരലോകത്തും അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും നേടിക്കൊടുക്കുന്ന സൽകർമ്മമാണ്.
കുടുംബ ബന്ധം ആയുസ്സിൽ വർധനവിനും ഉപജീവനത്തിൽ വിശാലതയ്ക്കും കാരണമാകുന്നുവെങ്കിൽ, മാതാപിതാക്കളോട് നന്മ ചെയ്യുക അതിലും വലിയ കാര്യമാകുന്നു. കാരണം അവർ എല്ലാ ബന്ധുക്കളിലും ഏറ്റവും അടുത്തവരാണ്.
അതിനാൽ മാതാപിതാക്കളോട് നന്മ ചെയ്യുന്നത് അല്ലാഹു നിങ്ങളുടെ ആയുസ്സ് വർധിപ്പിക്കുന്നതിനും ഉപജീവനം വിശാലമാക്കുന്നതിനും കാരണമാകും.
അതേസമയം, മാതാപിതാക്കളെ അനുസരിക്കാതിരിക്കുകയും അവരോട് ദ്രോഹം ചെയ്യുകയും ചെയ്യുന്നത് ആയുസ്സിൽ കുറവും ഉപജീവനത്തിൽ ഇടുക്കവും വരാൻ കാരണമാകും. നന്മയ്ക്ക് നന്മയും തിന്മയ്ക്ക് തിന്മയുമാണ് പ്രതിഫലം.
അല്ലാഹു പറയുന്നു:
"നിങ്ങൾ പ്രവർത്തിച്ചിരുന്നതിനല്ലാതെ മറ്റൊന്നിനും നിങ്ങൾക്ക് പ്രതിഫലം ലഭിക്കുകയില്ല."
(36:54).
ഇന്ന് ദൗർഭാഗ്യവശാൽ മുസ്ലിം സമൂഹങ്ങളിൽ കണ്ടുവരുന്ന ഒരു കാര്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.
പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കോ "വയോജന പരിചരണ കേന്ദ്രങ്ങൾ" എന്ന പേരിലുള്ള സ്ഥാപനങ്ങളിലേക്കോ കൊണ്ടുപോയി ഉപേക്ഷിക്കുന്നു. മക്കൾ അവരെ അവിടെ ഏൽപ്പിച്ച് തങ്ങളുടെ ഉത്തരവാദിത്തം തീർന്നതുപോലെ പെരുമാറുന്നു.
അവർ സ്വന്തം മാതാപിതാക്കളല്ല, ആ സ്ഥാപനത്തിലെ ആളുകളുടെ മാതാപിതാക്കളാണെന്നപോലെയാണ് പെരുമാറ്റം.
സുബ്ഹാനല്ലാഹ്! ഇത് ഒരു മനുഷ്യന്റെ പ്രവൃത്തിയാണോ, അതോ മൃഗത്തിന്റേതൊ? അല്ലാഹുവിനല്ലാതെ ശക്തിയും കഴിവും മറ്റാർക്കും ഇല്ല.
ഇത് മാതാപിതാക്കളോടുള്ള ഏറ്റവും വലിയ അനുസരണക്കേടുകളിൽ ഒന്നാണ്. അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാളുടെ ഹൃദയത്തിൽ ഇങ്ങനെയൊരു പ്രവൃത്തി ഉണ്ടാകുകയില്ല.
നിങ്ങൾ ചിന്തിച്ചുനോക്കൂ:
നിങ്ങൾ പ്രായമാവുകയും രോഗിയാവുകയും ചെയ്തപ്പോൾ നിങ്ങളുടെ മകൻ നിങ്ങളെ ഒരു വൃദ്ധസദനത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചാൽ നിങ്ങളുടെ മനസ്സിന് എത്രമാത്രം വേദനയുണ്ടാകും?
അവനോടുള്ള നിങ്ങളുടെ കോപം എത്രയായിരിക്കും? അപ്പോൾ അവൻ വഹിക്കേണ്ടിവരുന്ന പാപം എത്ര വലുതായിരിക്കും?
നിങ്ങൾ നിങ്ങളുടെ അവകാശം ആവശ്യപ്പെടുമ്പോൾ, നിങ്ങളുടേതായ കടമ നിർവഹിച്ചില്ലെങ്കിൽ അതിന് എന്ത് ന്യായമുണ്ട്?
അതിനാൽ ഓരോ മുസ്ലിമും അല്ലാഹുവിനെ സൂക്ഷിക്കട്ടെ.
ഇന്നത്തെ കാലത്ത് മാതാപിതാക്കളോടുള്ള അനുസരണക്കേട് വ്യാപകമായിരിക്കുന്നു.
ഹൃദയങ്ങൾ കഠിനമായി. ബന്ധങ്ങൾ അകന്നു. പാശ്ചാത്യരുടെയും സത്യനിഷേധികളുടെയും ശീലങ്ങൾ നമ്മിലേക്ക് കടന്നുവന്നു.
അവർക്ക് കുടുംബബന്ധങ്ങളോ യഥാർത്ഥ കുടുംബജീവിതമോ ഇല്ല. ഓരോരുത്തരും തനിച്ചോ അല്ലെങ്കിൽ നായകളോടൊപ്പമോ ജീവിക്കുന്നു.
മാതാപിതാക്കളോടും മക്കളോടും സഹോദരങ്ങളോടും ഒത്തുചേർന്ന് ജീവിക്കുന്ന കുടുംബസംവിധാനം പല അവിശ്വാസി സമൂഹങ്ങളിലും ഇന്ന് വളരെ അപൂർവമാണ്.
ദൗർഭാഗ്യവശാൽ ചില മുസ്ലിംകളും അവരെ അനുകരിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ അവർ സ്വന്തം മാതാപിതാക്കളെയോ അവരിൽ ഒരാളെയോ വൃദ്ധസദനങ്ങളിൽ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നു.
അൽപം മനസ്സാക്ഷിയുള്ളവർ, പെരുന്നാൾ ദിവസത്തിൽ പോയി ഒരു സന്ദർശനം നടത്തും. പിന്നെ കുറച്ച് ദിവസങ്ങൾക്കുശേഷം വീണ്ടും ഒന്ന് കണ്ടുവരും. അത്ര ചെയ്താൽ മാതാപിതാക്കളോടുള്ള കടമ നിർവഹിച്ചുവെന്ന് കരുതുന്നു.
അതിനാൽ മുസ്ലിം സ്വയം ശ്രദ്ധിക്കണം. അല്ലാഹുവിനെ സൂക്ഷിക്കണം. താൻ ചെയ്ത പ്രവൃത്തിക്കനുസരിച്ചാണ് തനിക്കും പ്രതിഫലം ലഭിക്കുകയെന്ന് മനസ്സിലാക്കണം.
പ്രതിഫലവും പുണ്യവും ആഗ്രഹിക്കുന്ന ഒരാൾ അല്ലാഹുവിന്റെ അവകാശത്തിന് ശേഷം മാതാപിതാക്കളോടുള്ള നന്മയെക്കാൾ മറ്റൊരു സൽകർമത്തിനും മുൻഗണന നൽകാൻ പാടില്ല.
അവസാനമായി, അല്ലാഹുവിന്റെ അത്യുത്തമ നാമങ്ങളും ഉന്നത ഗുണങ്ങളും മുഖേന ഞാൻ പ്രാർത്ഥിക്കുന്നു:
അല്ലാഹുവേ, മുസ്ലിംകളുടെ മക്കളെയും കുടുംബങ്ങളെയും നീ നന്നാക്കേണമേ.
മുസ്ലിംകളെ അവരുടെ യഥാർത്ഥ ഇസ്‌ലാമിലേക്ക് തിരികെ കൊണ്ടുവരേണമേ.
അവരുടെ കുടുംബങ്ങളെ സ്നേഹത്തിലും ഐക്യത്തിലും പരസ്പര സഹകരണത്തിലും നിലനിർത്തേണമേ.
അവരുടെ വീടുകളെ സച്ചരിതരായ വീടുകളാക്കേണമേ.
അവിശ്വാസികളെയും കപടവിശ്വാസികളെയും അനുകരിക്കുന്നതിൽ നിന്ന് മുസ്ലിംകളെ നീ അകറ്റേണമേ.
അവരുടെ കുടുംബങ്ങൾ തകർന്നുപോയവരെയും ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടവരെയും പോലെ, മൃഗങ്ങളെക്കാളും വഴിപിഴച്ചവരെപ്പോലെ ആകരുതേ.
അല്ലാഹുവിനല്ലാതെ ശക്തിയും കഴിവും മറ്റാർക്കും ഇല്ല.
അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹവും നമ്മുടെ നബി മുഹമ്മദ് صلى الله عليه وسلم യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും എല്ലാ സ്വഹാബികളുടെയും മേൽ ഉണ്ടാകട്ടെ.
ആമീൻ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment