പടച്ചോനെ, തമ്പുരാനേ എന്ന് അല്ലാഹുവിനെ വിളിക്കാമോ?
പടച്ചോനെ, തമ്പുരാനേ എന്ന് അല്ലാഹുവിനെ വിളിക്കാമോ?
അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും (الأسماء والصفات) സംബന്ധിച്ച വിഷയങ്ങൾ ഇസ്‌ലാമിക അഖീദയിലെ അതീവ സൂക്ഷ്മമായ വിഷയങ്ങളിലൊന്നാണ്.
മുസ്ലിംകൾ അല്ലാഹുവിനെ എങ്ങനെ വിളിക്കണം എന്നത് ശർഈ തത്വങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കേണ്ട വിഷയമാണ്.
കേരളത്തിലെ മുസ്ലിം സമൂഹത്തിൽ ദുആകളിൽ ഉപയോഗിക്കപ്പെടുന്ന ചില പ്രാദേശിക പദങ്ങളെക്കുറിച്ച് സംശയങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, ഒരു ഷെയ്ഖിനോട് ചോദിച്ചപ്പോൾ ലഭിച്ച വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ആദ്യമായി :
അല്ലാഹുവിന്റെ നാമങ്ങൾ, അടിസ്ഥാന തത്വം ഇസ്‌ലാമിക വിശ്വാസപ്രകാരം:
അല്ലാഹുവിന്റെ നാമങ്ങൾ തൗഖീഫിയ്യ (توقيفية) ആണ്.
അത് അർത്ഥമാക്കുന്നത്:
അല്ലാഹു ഖുര്‍ആനിലും സുന്നത്തിലും സ്വയം പറഞ്ഞ നാമങ്ങൾ മാത്രമാണ് അല്ലാഹുവിന്റെ നാമങ്ങൾ.
ഇത് അഖീദയിൽ അംഗീകരിക്കപ്പെട്ട ഒരു അടിസ്ഥാന നിയമമാണ്.
അല്ലാഹു പറഞ്ഞു:
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا ۖ وَذَرُوا۟ ٱلَّذِينَ يُلْحِدُونَ فِىٓ أَسْمَـٰٓئِهِۦ ۚ سَيُجْزَوْنَ مَا كَانُوا۟ يَعْمَلُونَ
“അല്ലാഹുവിന് ഏറ്റവും ഉത്തമമായ നാമങ്ങളുണ്ട്; അതിനാൽ അവ (ആ നാമങ്ങൾ) കൊണ്ടു നിങ്ങൾ അവനെ വിളിച്ചുകൊള്ളുക.
അവന്റെ നാമങ്ങളിൽ ഇൽഹാദ് (ക്രമക്കേട്) കാണിക്കുന്നവരെ നിങ്ങൾ ഒഴിവാക്കുക.
അവർ ചെയ്തുകൊണ്ടിരുന്നതിന് അവർക്കു പ്രതിഫലം നൽകപ്പെടും.”
(അൽ-അഅ്റാഫ് 7:180).
ഈ വചനത്തിൻ്റെ വിശദീകരണത്തിൽ തഫ്‌സീർ ഇബ്നു കസീറിൽ മുഷ്‌രിക്കുകൾ അവരുടെ ദൈവങ്ങൾക്ക് നൽകിയ പേരുകളിൽ, അത് അല്ലാഹുവിൻ്റെ നാമത്തിൽ നിന്ന് എടുത്തതാണെങ്കിലും അല്ലാഹുവിനെ ആ പേരുകളിൽ വിളിക്കരുത് ശിർക്കാണ് എന്നതിന് തെളിവുകൾ നൽകിയിട്ടുണ്ട്.
പടച്ചോനെ എന്ന് വിളിക്കാമോ?
ഷെയ്ഖ് حفظه الله മറുപടി പറഞ്ഞു:
وعليكم السلام ورحمة الله وبركاته
لا مانع من ذلك
وهذا يدخل في باب الإخبار أو ترجمة اللفظ
وليس من تسمية الله بغير ما سمى به تفسه
മറുപടിയിൽ നിന്ന് മനസ്സിലാക്കാം:
നാമകരണവും (التسمية) വിവരണപ്രയോഗവും (الإخبار) തമ്മിൽ വ്യത്യാസമുണ്ട്.
നാമകരണം (التسمية)
അല്ലാഹു സ്വയം നൽകിയിട്ടില്ലാത്ത പേരുകൾ അല്ലാഹുവിന് നാമമായി നൽകുന്നത് അനുവദനീയമല്ല.
വിവരണം / അർത്ഥപ്രയോഗം (الإخبار)
അല്ലാഹുവിന്റെ നാമങ്ങളുടെ അർത്ഥം ഭാഷാന്തരം ചെയ്ത് പറയുന്നത് അനുവദനീയമാണ്.
അതിനാൽ എല്ലാ ഭാഷാന്തര പദങ്ങളെയും ഒരേ രീതിയിൽ വിലയിരുത്താൻ പാടില്ല.
മലയാളത്തിൽ പടച്ചോൻ എന്ന പദം:
“സൃഷ്ടിച്ചവൻ”
“സൃഷ്ടാവ്”
എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.
ഇത് അല്ലാഹുവിന്റെ അൽ-ഖാലിഖ് (الخالق) എന്ന നാമത്തിന്റെ അർത്ഥവുമായി പൊരുത്തപ്പെടുന്നു.
അതിനാൽ:
പടച്ചോനെ എന്ന് അല്ലാഹുവിനെ വിളിക്കുന്നത് അനുവദനീയമാണ്, കാരണം അത് പുതിയ നാമകരണം അല്ല; ഭാഷാന്തര വിവരണം മാത്രമാണ്.
തമ്പുരാനേ എന്ന് വിളിക്കാമൊ?
കേരള ഭാഷാപരിസരത്തിൽ തമ്പുരാൻ എന്ന പദം :
മനുഷ്യർക്കും ബഹുമാനപദമായി ഉപയോഗിക്കപ്പെടുന്നു.
സാമൂഹിക പദവിയുമായി ബന്ധപ്പെട്ട ചരിത്രപ്രയോഗമുണ്ട്.
ഈ പശ്ചാത്തലത്തിൽ ഷെയ്ഖ് حفظه الله നൽകിയ മാർഗ്ഗനിർദേശം :
لو يجتنب أولى تأدبا مع الله وأسمائه وصفاته
അല്ലാഹുവിനോടുള്ള ആദരവിനായി (تأدبا ) ഇത്തരം പദങ്ങൾ ഒഴിവാക്കുന്നത് കൂടുതൽ ഉചിതമാണ് (الأولى).
ശ്രദ്ധിക്കണം:
ശിർക്ക് എന്ന് വിധിച്ചിട്ടില്ല
എന്നാൽ കൂടുതൽ അദബിനായി ഒഴിവാക്കൽ ശ്രേഷ്ഠം.
ദുആ ചെയ്യുമ്പോൾ ഏറ്റവും സുരക്ഷിതമായ ഉത്തമമായ മാർഗം:
ഖുര്‍ആനും സുന്നത്തും പഠിപ്പിച്ച നാമങ്ങൾ ഉപയോഗിക്കുക.
അല്ലാഹുവിന് പ്രത്യേകമായ മഹത്വം പ്രകടിപ്പിക്കുന്ന പദങ്ങൾ തിരഞ്ഞെടുക്കുക.
ഉദാഹരണങ്ങൾ:
അല്ലാഹുവേ
റബ്ബേ
റഹ്മാനെ
റഹീമേ
അല്ലാഹുവിന്റെ നാമങ്ങളുടെ അർത്ഥം ഭാഷാന്തരം ചെയ്ത് വിളിക്കുന്നത് അനുവദനീയമാണ്.
പടച്ചോനെ എന്ന് വിളിക്കുന്നത് അനുവദനീയമാണ്.
തമ്പുരാൻ എന്ന സാമൂഹിക ബഹുമാനപദങ്ങൾ അല്ലാഹുവിനായി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് കൂടുതൽ ഉചിതമാണ്.
സാധാരണ ഉയരുന്ന ചില സംശയങ്ങൾ :
പടച്ചോനെ എന്ന് വിളിക്കുന്നത് ബിദ്അത്താണോ?
അല്ല. ഇത് അർത്ഥവിവരണം മാത്രമാണ്.
തമ്പുരാൻ ശിർക്കാണോ?
അങ്ങനെ വിധിക്കപ്പെട്ടിട്ടില്ല; എന്നാൽ ഒഴിവാക്കുന്നത് ഉചിതം.
മുമ്പ് ഉപയോഗിച്ചവർ തെറ്റുകാരാണോ?
അല്ല. അറിവ് ലഭിച്ചതിന് ശേഷം മികച്ചത് സ്വീകരിക്കുന്നതാണ് ശരിയായ സമീപനം.
ലക്ഷ്യം ആരെയും വിമർശിക്കൽ അല്ല; മറിച്ച് അല്ലാഹുവിനെ കൂടുതൽ ആദരവോടെയും ശരിയായ അറിവോടെയും വിളിക്കാനുള്ള ശ്രദ്ധ വളർത്തലാണ്.
ഇത്തരത്തിലുള്ള വിഷയങ്ങളിൽ വികാരപരമായ വാദപ്രതിവാദങ്ങൾ ഒഴിവാക്കി അറിവിനെയും അദബിനെയും മുൻനിർത്തുന്നത് മുസ്ലിംകളുടെ ശൈലിയായിരിക്കണം.
വിവിധ ഭാഷാപരിസരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പ്രയോഗങ്ങളെക്കുറിച്ചുള്ള ശർഈ തത്വം വ്യക്തമാക്കുക മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം; വ്യക്തികളെയോ സമൂഹങ്ങളെയോ വിലയിരുത്തുക ലക്ഷ്യമല്ല.
അല്ലാഹു നമ്മെ ശരിയായ അറിവിലും നല്ല അദബിലും സ്ഥിരപ്പെടുത്തട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
പ്രാർത്ഥിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് പ്രശ്നം.. അല്ലാതെ പടച്ചോൻ എന്ന് പൊതുവെ പറയുമ്പോൾ ഉപയോഗിക്കുന്നത് അല്ല
ReplyDeleteപ്രാർത്ഥിക്കുമ്പോൾ പടച്ചോനേ എന്ന് വിളിക്കുന്നത് പ്രശ്നമാണ് എന്ന് ഷെയ്ഖ് പറഞ്ഞിട്ടില്ല.
Deleteതമ്പുരാനേ എന്ന് വിളിക്കാത്തതാണ് ഉചിതം എന്നും ഷെയ്ഖ് പറഞ്ഞു
Delete