എന്തു കൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ ഇറാനെ ആക്രമിക്കുന്നില്ല?വികാരത്തിന് പകരം ഖുർആൻ പഠിപ്പിക്കുന്നത്.
എന്തു കൊണ്ട് ഗൾഫ് രാഷ്ട്രങ്ങൾ ഇറാനെ ആക്രമിക്കുന്നില്ല?വികാരത്തിന് പകരം ഖുർആൻ പഠിപ്പിക്കുന്നത്.
അറബ് രാഷ്ട്രങ്ങൾ , സ്വന്തം രാജ്യങ്ങളിലേക്ക് ആക്രമണം ഉണ്ടായിട്ടും, സൗദി പോലുള്ള രാജ്യങ്ങൾക്ക് സൈനിക ശക്തിയുണ്ടായിട്ടും, അവർ തൽക്ഷണം സൈനിക പ്രതികരണം നടത്താത്തത് നമ്മൾ കാണുന്നുവല്ലോ.
അതുകൊണ്ട് ചിലർ ചോദിക്കുന്നു :
“എന്തുകൊണ്ട് അവർ യുദ്ധം തുടങ്ങുന്നില്ല?”
യുദ്ധം എന്നത് വെറും വികാരപരമായ തീരുമാനമല്ല. അതിന് പിന്നിൽ വലിയ രാഷ്ട്രീയ, സൈനിക, തന്ത്രപരമായ കണക്കുകൂട്ടലുകൾ ഉണ്ടാകാറുണ്ട്.
ഖുർആൻ ഈ വിഷയത്തിൽ ഒരു അടിസ്ഥാന തത്വം വ്യക്തമാക്കുന്നു.
അല്ലാഹു പറയുന്നു:
“وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُمْ بِهِ ۖ وَلَئِنْ صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرِينَ”
"നിങ്ങൾ പ്രതികാരം ചെയ്യുകയാണെങ്കിൽ നിങ്ങളെ എത്രത്തോളം ഉപദ്രവിച്ചുവോ അത്രത്തോളം മാത്രം ചെയ്യുക; എന്നാൽ ക്ഷമ പുലർത്തുന്നത് ക്ഷമിക്കുന്നവർക്കു കൂടുതൽ നല്ലതാണ്."
(16:126).
ഇവിടെ അല്ലാഹു വ്യക്തമാക്കുന്നത്:
തിരിച്ചടി അനുവദനീയമാണ്.
എന്നാൽ ക്ഷമയാണ് ഉത്തമം.
അല്ലാഹു മറ്റൊരു സ്ഥലത്ത് പറയുന്നു:
“الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَٰئِكَ الَّذِينَ هَدَاهُمُ اللَّهُ وَأُولَٰئِكَ هُمْ أُولُو الْأَلْبَابِ”
" ആ വാക്ക് ശ്രദ്ധിച്ചു കേട്ട്, അതിൽ ഏറ്റവും നല്ലത് പിന്തുടരുന്നവരാണ് അല്ലാഹു മാർഗ്ഗദർശനം നൽകിയവർ; അവർ തന്നെയാണ് ബുദ്ധിയുള്ളവർ."
(39:18).
തഫ്‌സീറുകൾ വ്യക്തമാക്കുന്നതുപോലെ ഇവിടെ “അൽ ഖൗൽ” എന്നത് ഖുർആനെയാണ് സൂചിപ്പിക്കുന്നത്.
അതിനാൽ ഈ വിഷയത്തിൽ ഖുർആൻ 16:126-ൽ പറഞ്ഞിരിക്കുന്ന ഏറ്റവും നല്ലത് ക്ഷമയും നിയന്ത്രണവും തന്നെയാണ്, തിരിച്ചടിയല്ല.
അതുകൊണ്ട് വികാരപ്രചാരണങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് വിഷയങ്ങളെ വിലയിരുത്തുന്നതിന് പകരം, അവയെ ഖുർആനും സുന്നത്തും സലഫുകളുടെ മനസ്സിലാക്കലും അടിസ്ഥാനമാക്കി ഹിക്മത്തോടെയും യാഥാർഥ്യബോധത്തോടെയും വിലയിരുത്തുകയാണ് ശരിയായ സമീപനം.
നബി صلى الله عليه وسلم യുടെ ജീവിതം നോക്കുമ്പോൾ നമ്മൾ കാണുന്നത്:
ക്ഷമയും മാപ്പും വലിയ ദോഷത്തിലേക്ക് നയിക്കാത്ത സാഹചര്യങ്ങളിലാണ് ഉത്തമം.
എന്നാൽ ക്ഷമ മൂലം അനീതി തുടരാൻ അവസരം ഉണ്ടാകുന്നുവെങ്കിൽ, അപ്പോൾ നീതി നടപ്പാക്കലും പ്രതിരോധവും നിർബന്ധമായ നടപടിയാകും.
എന്നാൽ അനീതി ഉണ്ടായാൽ ഉടൻ തന്നെ യുദ്ധം നടത്തണം എന്നത് ഇസ്ലാമിക നിയമമല്ല.
ഇന്ന് ചില ഇഖ്‌വാനികൾ ചോദിക്കുന്നുണ്ട്:
“സൗദി പോലുള്ള രാജ്യങ്ങൾക്ക് സൈനിക ശക്തിയുണ്ടല്ലോ, പിന്നെ എന്തുകൊണ്ട് ഫലസ്തീനിന് വേണ്ടി യുദ്ധം ചെയ്യുന്നില്ല?”
പക്ഷേ അവർ നേരിട്ട് സയോണിസ്റ്റുകളോട് യുദ്ധം തുടങ്ങുകയാണെങ്കിൽ അത് ചെറിയ യുദ്ധമാവില്ല.
കാരണം അമേരിക്ക പോലുള്ള ശക്തമായ രാജ്യങ്ങൾ സയോണിസ്റ്റുകളെ പിന്തുണക്കുന്നു. അങ്ങനെ വന്നാൽ യുദ്ധം വലിയ അന്താരാഷ്ട്ര യുദ്ധമായി മാറാൻ സാധ്യതയുണ്ട്.
അതിന്റെ ഫലമായി:
ഗൾഫ് രാജ്യങ്ങളിലെ എണ്ണസ്ഥാപനങ്ങൾ ആക്രമിക്കപ്പെടാം,
വലിയ നഗരങ്ങൾ ലക്ഷ്യമാകാം,
സമ്പദ്‌വ്യവസ്ഥ തകർന്നുപോകാം,
ലക്ഷക്കണക്കിന് ജനങ്ങൾ ,സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വധിക്കപ്പെടാം,
അനേകർക്ക് സ്ഥിരമായ അംഗവൈകല്യങ്ങൾ സംഭവിക്കാം.
മറ്റു രാജ്യങ്ങളേയും ബാധിക്കാം.
ശർത്തുകൾ പൂർത്തിയാക്കാതെ ഹമാസ് യുദ്ധം ചെയ്തത് കാരണം , ഫലസ്തീൻ നാടിനും ജനങ്ങൾക്കും സംഭവിച്ച വമ്പിച്ച ദുരന്തങ്ങൾ അറബ് രാജ്യങ്ങളിൽ സംഭവിക്കാൻ അനുവദിക്കരുതല്ലൊ.
അതു കൊണ്ടാണ് സൗദി പോലുള്ള രാജ്യങ്ങൾ നേരിട്ടുള്ള യുദ്ധത്തിന് പകരം സമാധാനപരമായ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കുന്നത്.
ഇസ്ലാം സമാധാനപരമായ മാർഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment