തഷ്‌രീഖിന്റെ ദിവസങ്ങളിലെ (ബലിപെരുന്നാളിന് ശേഷമുള്ള മൂന്ന് ദിവസങ്ങളിലെ) ദുആ.

തഷ്‌രീഖിന്റെ ദിവസങ്ങളിലെ (ബലിപെരുന്നാളിന് ശേഷമുള്ള മൂന്ന് ദിവസങ്ങളിലെ) ദുആ.

അല്ലാഹു പറഞ്ഞു:

وَمِنهُم مَن يَقُولُ رَبَّنَا آتِنَا فِي الدُّنيا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

" അവരിൽ ചിലർ ദുആ ചെയ്യുന്നു :

‘ഞങ്ങളുടെ റബ്ബെ ഈ ലോകത്ത് ഞങ്ങൾക്ക് നന്മ നൽകേണമേ; പരലോകത്തും നന്മ നൽകേണമേ; നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.’”
(സൂറത് അൽ-ബഖറ 2:201).

ഇബ്നു റജബ് അൽ-ഹൻബലി رحمه الله പറഞ്ഞു:

“ ആദ്യകാല സജ്ജനങ്ങളായ സലഫുകളിൽ (നബി صلى الله عليه وسلم യും, സഹാബികൾ رضي الله عنهم വും, അടുത്ത രണ്ട് തലമുറകളും رحمهم الله ) പലരും തഷ്‌രീഖിന്റെ ദിവസങ്ങളിൽ  ഈ ദുആ ധാരാളമായി ചൊല്ലുന്നത് ശുപാർശ ചെയ്യപ്പെട്ട കാര്യമായി കരുതിയിരുന്നു.”

ഇക്രിമഃ رضي الله عنه പറഞ്ഞു:

“തഷ്‌രീഖിന്റെ ദിവസങ്ങളിൽ ഇപ്രകാരം പറയുന്നത് ശുപാർശ ചെയ്യപ്പെട്ടിരുന്നു:

رَبَّنَا آتِنَا فِي الدُّنيا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

" റബ്ബനാ ആതിനാ ഫിദ്ദുന്യാ ഹസനതൻ, വഫിൽ ആഖിറതി ഹസനതൻ, വകിനാ അദാബന്നാർ ".

‘ഞങ്ങളുടെ റബ്ബെ ഈ ലോകത്ത് ഞങ്ങൾക്ക് നന്മ നൽകേണമേ; പരലോകത്തും നന്മ നൽകേണമേ; നരകശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.’”

(സൂറത് അൽ-ബഖറ 2:201).

ഈ ദുആ നന്മയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന ഏറ്റവും സമഗ്രമായ ദുആകളിൽ ഒന്നാണ്. 

നബി صلى الله عليه وسلم ഈ ദുആ പതിവായി ഏറെ ചൊല്ലാറുണ്ടായിരുന്നു. 

നബി صلى الله عليه وسلم ഏറ്റവും കൂടുതൽ ആവർത്തിച്ച ദുആകളിൽ ഒന്നായും ഇത് വിവരിക്കപ്പെട്ടിട്ടുണ്ട്.

മറ്റേതെങ്കിലും ദുആ ചെയ്താലും, അതിനോടൊപ്പം ഈ ദുആയും ഉൾപ്പെടുത്താറുണ്ടായിരുന്നു. 

കാരണം, ഇത് ഇഹലോകത്തിന്റെയും പരലോകത്തിന്റെയും സമസ്ത നന്മകളെയും ഉൾക്കൊള്ളുന്നതാണ്.

ഈ ആയത്തിന്റെ അർത്ഥം വിശദീകരിച്ചുകൊണ്ട്, ഇമാം ഹസൻ അൽ-ബസ്വരി رحمه الله പറഞ്ഞു:

"ദുനിയാവിലെ നന്മ എന്നത് ഉപകാരപ്രദമായ വിജ്ഞാനവും  അല്ലാഹുവിനുള്ള ആരാധനയുമാണ്. ആഖിറത്തിലെ നന്മ സ്വർഗ്ഗമാണ്."

സുഫ്യാൻ رحمه الله പറഞ്ഞു:

"ദുനിയാവിലെ നന്മ എന്നത് ഉപകാരപ്രദമായ വിജ്ഞാനവും ശുദ്ധമായ ഉപജീവനവുമാണ്. ആഖിറത്തിലെ നന്മ സ്വർഗ്ഗമാണ്."

തഷ്‌രീഖ് ദിവസങ്ങളിൽ ചെയ്യുന്ന ദുആകൾ അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്ഠമായ ദിക്‌റുകളിൽ പെട്ടവയാണ്.

സിയാദ് അൽ-ജസസീ, അബൂ കിനാന അൽ-ഖുറശിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം അബൂ മൂസാ അൽ-അശ്അരി رضي الله عنه നെ നഹ്ർ ദിനത്തിൽ (ബലിപെരുന്നാൾ ദിവസം) നടത്തിയ ഖുത്ബയിൽ ഇപ്രകാരം പറയുന്നത് കേട്ടു:

"നഹ്ർ ദിവസത്തിന് ശേഷം അല്ലാഹു പരാമർശിച്ച മൂന്ന് എണ്ണപ്പെട്ട ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളിൽ ദുആകൾ സ്വീകരിക്കപ്പെടുന്നതാണ്. 
അതിനാൽ നിങ്ങളുടെ ആവശ്യങ്ങൾ അല്ലാഹുവിനോട് ഉന്നയിക്കുക - അല്ലാഹുവിനോട് ചോദിക്കുക ".

അതിനാൽ, വിശ്വാസികളെ സംബന്ധിച്ചിടത്തോളം തഷ്‌രീഖ് ദിവസങ്ങൾ അവരുടെ ശരീരങ്ങൾക്ക് ഭക്ഷണവും പാനീയവും മുഖേന ലഭിക്കുന്ന അനുഗ്രഹങ്ങളുടെയും, അവരുടെ ഹൃദയങ്ങൾക്ക് അല്ലാഹുവിന്റെ സ്മരണ (ദിക്ർ) മുഖേനയും അവനോടുള്ള നന്ദി പ്രകടനത്തിലൂടെയും ലഭിക്കുന്ന അനുഗ്രഹങ്ങളുടെയും ദിവസങ്ങളാണ്. ഇങ്ങനെ അനുഗ്രഹങ്ങൾ പൂർണ്ണമാകുന്നു.

എന്നാൽ, ഒരു അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കാൻ ഒരാൾക്ക് സാധിക്കുമ്പോൾ, ആ നന്ദി പ്രകടിപ്പിക്കാനുള്ള കഴിവ് തന്നെ അല്ലാഹുവിൽ നിന്നുള്ള മറ്റൊരു അനുഗ്രഹമാണ്. അതിനാൽ, ആ അനുഗ്രഹത്തിനും വീണ്ടും നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട് ".

(ലതാഇഫ് അൽ-മആരിഫ്, പേജ് 505).

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.