രണ്ട് ഹൃദയരോഗങ്ങളെ പ്രതിരോധിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം.

രണ്ട് ഹൃദയരോഗങ്ങളെ പ്രതിരോധിച്ചാൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം.

രണ്ട് ഹൃദയരോഗങ്ങളെ എങ്ങനെ പ്രതിരോധിച്ച് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന്, നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം എന്നതിന് ഇമാം ഇബ്നുൽ ഖയ്യിം رحمه الله ഒരു മഹത്തായ തത്വം നമ്മെ പഠിപ്പിക്കുന്നുണ്ട്. 

അദ്ദേഹം പറഞ്ഞു :

"فبالصبر يدفع الشهوات، وباليقين يدفع الشبهات، فلا ينجو من عذاب الله إلا من دفع شهواته بالصبر، وشبهاته باليقين."


"ക്ഷമ കൊണ്ടാണ്  മോഹങ്ങളെ പ്രതിരോധിക്കുന്നത്.  ഉറപ്പ് കൊണ്ടാണ്  സംശയങ്ങളെ പ്രതിരോധിക്കുന്നത്. തന്റെ മോഹങ്ങളെ ക്ഷമ കൊണ്ടും തന്റെ സംശയങ്ങളെ  ഉറപ്പ് കൊണ്ടും പ്രതിരോധിച്ചവനല്ലാതെ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയില്ല."

അത് കൊണ്ട് മനുഷ്യ ഹൃദയത്തെ നശിപ്പിക്കുന്ന രണ്ട് പ്രധാന രോഗങ്ങളുണ്ട്, ആ രണ്ട് രോഗങ്ങളാണ് നരക ശിക്ഷയുടെ കാരണം, ആ രോഗങ്ങളെ പ്രതിരോധിച്ചാൽ മാത്രമേ നരക ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയുള്ളു , അവ :

1. مرض الشبهات 
സംശയങ്ങളുടെ  രോഗം

2. مرض الشهوات 
മോഹങ്ങളുടെ രോഗം

അല്ലാഹു പറയുന്നു:

فِي قُلُوبِهِمْ مَرَضٌ 

"അവരുടെ ഹൃദയങ്ങളിൽ രോഗമുണ്ട് "

(അൽ-ബഖറ: 10).

ഇമാം ഇബ്നു തൈമിയ്യ رحمه الله ഈ ഹൃദയ രോഗത്തെ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു :

"ഹൃദയ രോഗം രണ്ട് തരമാണ്:

സംശയത്തിന്റെ രോഗവും ,

മോഹത്തിന്റെ രോഗവും."

ഒന്നാമത്തേത്: ശുബുഹാത്ത് (സംശയങ്ങളുടെ രോഗം)

ശുബുഹാത്ത് എന്നത് സത്യത്തെക്കുറിച്ചുള്ള  സംശയങ്ങളാണ്. ഇത് പലപ്പോഴും ബിദ്അത്തിലേക്കും വഴികേടിലേക്കും നയിക്കുന്നു.

ചില സംശയങ്ങളുടെ ഉദാഹരണങ്ങളാണ്:

- "ഇത് നല്ല ബിദ്അത്തല്ലേ?"

- "ഔലിയാക്കളെ വിളിക്കുന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കാനല്ലേ?"

- "സലഫുകൾ (നബി صلى الله عليه وسلم യും സ്വഹാബികളും رضي الله عنهم, അടുത്ത രണ്ട് തലമുറകളുടേയും) മനസ്സിലാക്കിയ രീതിയിൽ  എന്തിന് ദീൻ മനസ്സിലാക്കണം? "

- "എല്ലാ വിഷയങ്ങൾക്കും അഭിപ്രായവ്യത്യാസം ഉണ്ടല്ലോ ", എന്ന് പറഞ്ഞ്  ന്യായീകരിക്കുക.

- " സൂര്യനും ചന്ദ്രനും കണക്ക് പ്രകാരം നീങ്ങുന്നു എന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ, അത് കൊണ്ട് മാസപ്പിറവി നിർണയത്തിന് കണക്ക് നോക്കാമല്ലൊ."

ഇവയെല്ലാം ശുബുഹാത്തുകളുടെ, സംശയങ്ങളുടെ ഉദാഹരണങ്ങളാണ്.

ശുബുഹാത്തുകളെ പ്രതിരോധിക്കാൻ  വേണ്ടത് യഖീൻ, ഉറപ്പാണ്.

എന്നാൽ യഖീൻ എവിടെ നിന്നാണ് ലഭിക്കുന്നത്?

അത് ലഭിക്കുക ശരിയായ വിജ്ഞാനത്തിൽ നിന്നാണ്.

അല്ലാഹു പറഞ്ഞു :

فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ

"അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി യാതൊരു ദൈവവും ഇല്ല എന്ന് നീ അറിയുക."

(മുഹമ്മദ്: 19).

അല്ലാഹു ആദ്യം "അറിയുക" എന്നാണ് പറഞ്ഞത്.

അത് കൊണ്ട് ആദ്യം വിജ്ഞാനം തേടണം.

അതുകൊണ്ട്:

- ഖുർആൻ പഠിക്കണം.

- സഹീഹ് ഹദീസുകൾ പഠിക്കണം.

- സലഫുകളുടെ (നബി صلى الله عليه وسلم യും സ്വഹാബികളും رضي الله عنهم, അടുത്ത രണ്ട് തലമുറകളുടേയും) മന്ഹജ്, മാർഗം പഠിക്കണം.

- വിശ്വസ്തരായ സലഫുകളുടെ മന്ഹജ്, മാർഗത്തിലുള്ള പൂർവികരും, ആധുനികരുമായ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം സ്വീകരിക്കണം.

ഇതിലൂടെയാണ് യഖീൻ, ഉറപ്പ് വർദ്ധിക്കുന്നത്. യഖീൻ വർദ്ധിക്കുമ്പോൾ ശുബുഹാത്തുകൾ, സംശയങ്ങൾ അകന്നു പോകുന്നു. അങ്ങനെ നമ്മൾ സിറാത്തൽ മുസ്തഖീം, നേരായ പാതയിലാകുന്നു.
പിഴച്ച ബിദ്അത്തിന്റെ വഴികളിൽ നിന്ന് രക്ഷപ്പെടുന്നു.

രണ്ടാമത്തെത്: ശഹ്‌വാത്ത് (മോഹങ്ങളുടെ രോഗം).

ഇത് അല്ലാഹുവിന്റെ കല്പനകൾക്ക് വിരുദ്ധമായ മോഹങ്ങളുമാണ്.

ചില ഉദാഹരണങ്ങൾ:

- നിസ്കാരം വിട്ടുകളയുക.

- അശ്ലീലത കാണുക.

- വ്യഭിചാരം.

- പലിശ.

- സംഗീതാസക്തി.

- സമ്പത്തിനോടും പ്രശസ്തിയോടുമുള്ള അമിതമായ മോഹം.

- കോപം നിയന്ത്രിക്കാതിരിക്കുക.

അല്ലാഹു പറഞ്ഞു :

وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَىٰ فَإِنَّ الْجَنَّةَ هِيَ الْمَأْوَىٰ

"തന്റെ രക്ഷിതാവിന്റെ മുമ്പിൽ നിൽക്കേണ്ടതിനെ ഭയപ്പെടുകയും തന്റെ മനസ്സിനെ മോഹങ്ങളിൽ നിന്ന് തടയുകയും ചെയ്തവന് സ്വർഗ്ഗം തന്നെയാണ് വാസസ്ഥലം."

(അന്നാസിആത്: 40-41)»

ശഹ്‌വാത്തുകളെ മോഹങ്ങളെ പ്രതിരോധിക്കാൻ  വേണ്ടത് ക്ഷമയാണ്.

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

«"فبالصبر يدفع الشهوات"»

" ക്ഷമ കൊണ്ടാണ് ശഹ്‌വാത്തുകളെ, മോഹങ്ങളെ പ്രതിരോധിക്കുന്നത്."

മോഹങ്ങളെ നിയന്ത്രിക്കാൻ:

- അല്ലാഹുവിനെ ഭയക്കുക.

- നരക ശിക്ഷയുടെ കാഠിന്യം ഓർക്കുക.

- ശൈതാനെ ശത്രുവായി കാണുക.

- നല്ല കൂട്ടുകെട്ട് സ്വീകരിക്കുക.

- അർത്ഥം മനസ്സിലാക്കി ഒരു ദിവസം പോലും മുടങ്ങാതെ കഴിയുന്നത്ര ഖുർആൻ പാരായണം ചെയ്യുക.

- മനസ്സിനെ നിയന്ത്രിക്കാൻ നിരന്തരം പരിശീലിപ്പിക്കുക.

അല്ലാഹു പറഞ്ഞു :

إِنَّ الشَّيْطَانَ لَكُمْ عَدُوٌّ 

"ശൈതാൻ നിങ്ങൾക്ക് ശത്രുവാണ് ".

(ഫാതിർ: 6).

ദിക്റുകൾ വർദ്ധിപ്പിക്കുക.

ഹൃദയം ശക്തമാകുന്നത് അല്ലാഹുവിന്റെ ദിക്റ് കൊണ്ടാണ്.

അല്ലാഹു പറഞ്ഞു :

أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

"അല്ലാഹുവിന്റെ ദിക്റ് കൊണ്ടാണ് ഹൃദയങ്ങൾ ശാന്തമാകുന്നത്."

(അർ-റഅദ്: 28).

ദിക്റ് വെറും നാവ് കൊണ്ട് മാത്രമല്ല, അർത്ഥം മനസ്സിലാക്കി ഹൃദയസാന്നിധ്യത്തോടെ ചെയ്യണം.

- سبحان الله

- الحمد لله

- لا إله إلا الله

- الله أكبر

- لا حول ولا قوة إلا بالله

- سُبْحَانَ اللَّهِ وَبِحَمْدِهِ ، سُبْحَانَ اللَّهِ الْعَظِيمِ

- لا إلهَ إلاَّ اللَّه وحْدهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الحمْدُ، وَهُو عَلَى كُلِّ شَيءٍ قَدِيرٌ

ഇവയെല്ലാം ഹൃദയത്തെ ശക്തിപ്പെടുത്തുകയും ശൈതാന്റെ ആക്രമണങ്ങളെ ദുർബലമാക്കുകയും ചെയ്യുന്നു. ധാരാളം പ്രതിഫലങ്ങൾ ലഭിക്കുന്നു. അർത്ഥം മനസ്സിലാക്കി ഹൃദയസാന്നിധ്യത്തോടെ ചൊല്ലിക്കൊണ്ടിരിക്കണം .

അത് കൊണ്ട് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി, അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലിമും തന്റെ ഹൃദയത്തെ പരിശോധിക്കണം.

എന്റെ ഹൃദയത്തിൽ സംശയങ്ങൾ , ശുബുഹാത്തുകളുണ്ടോ?

എന്റെ ഹൃദയത്തിൽ, മോഹങ്ങൾ , ശഹ്‌വാത്തുകളുടെ ആധിപത്യമുണ്ടോ?

ശുബുഹാത്തുകളെ, സംശയങ്ങളെ അകറ്റാനുള്ള വഴി:

വിജ്ഞാനം യഖീൻ സത്യത്തിൽ ഉറച്ചുനിൽക്കൽ.

ശഹ്‌വാത്തുകളെ, മോഹങ്ങളെ അകറ്റാനുള്ള വഴി:

ക്ഷമ ദിക്റ് സ്വന്തത്തോടും ശൈതാനോടും പോരാട്ടം.

അതിനാൽ, അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ:

- യഖീൻ, ഉറപ്പ്, ശരിയായ വിജ്ഞാനം തേടി ശക്തമാക്കുക.

- അത് വഴി  സംശയങ്ങൾ നീക്കുക.

- മോഹങ്ങളെ നിയന്ത്രിക്കുക.

- പാപങ്ങളെ ഉപേക്ഷിക്കുക.

- അല്ലാഹുവിന്റെ ദിക്റിൽ സ്ഥിരത പുലർത്തുക.

- ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കുക, അങ്ങനെ മനസ്സിലാക്കിയ പൂർവികരും, ആധുനികരുമായ പണ്ഡിതന്മാരിൽ നിന്ന് വിജ്ഞാനം സ്വീകരിക്കുക.

ഇങ്ങനെ ജീവിക്കുന്നവനാണ് ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞതുപോലെ തന്റെ ശുബുഹാത്തുകളെ, സംശയങ്ങളെ വിജ്ഞാനം തേടി യഖീൻ, ഉറപ്പ് കൊണ്ടും തന്റെ ശഹ്‌വാത്തുകളെ, മോഹങ്ങളെ ക്ഷമ കൊണ്ടും പ്രതിരോധിച്ച് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് , നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നവൻ.

അല്ലാഹുവേ, ഞങ്ങൾക്ക് ക്ഷമയും ഉറപ്പും നൽകേണമേ, സംശയങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കേണമേ.

നിന്നെ കണ്ടുമുട്ടുന്നതുവരെ ഞങ്ങളെ സുന്നത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കേണമേ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.