ഇലാഹാണെന്ന് വിശ്വസിച്ചാൽ മാത്രമേ ശിർക്കാകൂ എന്ന വാദം ഖുർആനും സുന്നത്തും സലഫുകളുടെ വിശ്വാസവും പിന്തുണയ്ക്കുന്നില്ല. ഉമർ മൗലവി رحمه الله ക്ക് പിഴവ് സംഭവിച്ചിട്ടില്ല.
ഇലാഹാണെന്ന് വിശ്വസിച്ചാൽ മാത്രമേ ശിർക്കാകൂ എന്ന വാദം ഖുർആനും സുന്നത്തും സലഫുകളുടെ വിശ്വാസവും പിന്തുണയ്ക്കുന്നില്ല. ഉമർ മൗലവി رحمه الله ക്ക് പിഴവ് സംഭവിച്ചിട്ടില്ല.
ഒരു സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആരാധനക്ക് അർഹനാണെന്ന വിശ്വാസത്തിലൂടെയുള്ള വിളിയും ദുആഉം മാത്രമെ ഇബാദത്താവൂ. അവിശ്വാസത്തിൽ വിളിച്ചാൽ കാഫിറാവും മുശ്‌രിക്കാവും ഇല്ലെങ്കിൽ നാം ആരെയൊക്കെ വിളിക്കാറുണ്ട്. ഉമ്മാ..ഇക്കാ... ഉപ്പാ.... സഹായിക്കണേ... രക്ഷിക്കണേ.... പോലീസിനോട് ഏമാനെ രക്ഷിക്കണേ... ഇതൊന്നും ഇലാഹാണെന്ന വിശ്വാസത്തിലല്ലാത്തതിനാൽ ഇബാദത്തല്ല. ശിർക്കുമല്ല. ഈ (ആരാധനക്കർഹനാണെന്ന) വിശ്വാസത്തിലല്ലാതെ ജിന്നിനെ സഹായത്തിന് വിളിച്ചാൽ ബദ് രീങ്ങളെ വിളിച്ചാൽ മുഹ്‌യിദ്ദീൻ ശൈഖിനെ വിളിച്ചാൽ കാഫിറാവില്ല.
ഈ ഉമർ മൗവലവി പുലമ്പാൻ കേമനാ . വിവരമുള്ള യാളായിരുന്നില്ല. വിവരം കുറവായിരുന്നു. അദ്ദേഹം അങ്ങനെ പലതും പറഞ്ഞിട്ടുണ്ട്. എത്രയോ പേരെ മുശ്രിക്കാക്കി മരിച്ചുപോയ അദ്ദേഹം അതിൻ്റെയൊക്കെശിക്ഷ അനുഭവിക്കുന്നുണ്ടാവും. നമ്മെ ഇത്തരം ആളുകളുടെ തിരിപ്പിൽനിന്ന് അല്ലാഹുരക്ഷപ്പെടുത്തിത്തരട്ടെ , ആമീൻ!
എൻ്റെ മറുപടി:
ഇത് ഗുരുതരമായ തെറ്റായ പ്രചാരണമാണ്.
"ഉമ്മാ", "ഉപ്പാ", "പോലീസേ രക്ഷിക്കണേ" എന്നൊക്കെ പറയുന്നത്, അവർക്ക് കഴിവുള്ള സാന്നിധ്യത്തിലുള്ള കാര്യങ്ങളിൽ സഹായം തേടുന്നതാണ്. ഇത് അല്ലാഹു അനുവദിച്ച സാധാരണ കാരണോപായമാണ്. എന്നാൽ, മരിച്ചവരെയോ അദൃശ്യരായ ജിന്നുകളെയോ "ഗൗസേ", "മുഹ്‌യിദ്ദീൻ ശൈഖേ", "ബദ്‌രീങ്ങളേ" എന്നിങ്ങനെ വിളിച്ച് സഹായം തേടുന്നത് ഖുർആൻ അപലപിച്ച ദുആയാണ്. കാരണം, അല്ലാഹുവിനോട് മാത്രമുള്ള ദുആ മറ്റൊരാൾക്ക് സമർപ്പിക്കുകയാണ്.
അല്ലാഹു പറയുന്നു:
﴿وَمَنْ أَضَلُّ مِمَّنْ يَدْعُو مِنْ دُونِ اللَّهِ مَنْ لَا يَسْتَجِيبُ لَهُ إِلَى يَوْمِ الْقِيَامَةِ﴾
"അല്ലാഹുവിന് പുറമെ, തനിക്ക് ഉത്തരം ചെയ്യാത്തവരെ വിളിച്ചുപ്രാർത്ഥിക്കുന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?" (അൽ-അഹ്ഖാഫ്: 5).
അത് കൊണ്ട് അല്ലാഹു അല്ലാത്തവരോട് , അല്ലാഹുവിനോട് മാത്രമുള്ള ദുആ മറ്റൊരാൾക്ക് സമർപ്പിച്ചാൽ അവർ ഉത്തരം ചെയ്യുകയില്ല എന്ന് അല്ലാഹു വ്യക്തമാക്കുന്നു.
ഖുറൈശികൾ അല്ലാഹുവാണ് സൃഷ്ടാവെന്നും പരിപാലകനെന്നും വിശ്വസിച്ചിരുന്നു. എന്നിട്ടും അവർ അല്ലാഹുവിന് പുറമെ മറ്റുള്ളവരെ വിളിച്ചപ്പോൾ അല്ലാഹു അവരെ മുശ്‌രിക്കുകളെന്ന് വിധിച്ചു.
ആ വിഗ്രഹങ്ങളെ അല്ലാഹുവിലേക്കുള്ള ശുപാർശക്കാരെന്നും ഇടയാളുകളെന്നുമാണ് അവർ കരുതിയത്.
അതുകൊണ്ട് "ഇലാഹാണെന്ന് വിശ്വസിച്ചാൽ മാത്രമേ ശിർക്കാകൂ" എന്ന വാദം ഖുർആനും സുന്നത്തും സലഫുകളുടെ അഖീദയും പിന്തുണയ്ക്കുന്നില്ല.
അവസാനമായി, ഒരു പണ്ഡിതനെ വിമർശിക്കേണ്ടി വന്നാലും തെളിവുകളോടും ആദബോടും കൂടിയായിരിക്കണം. "അദ്ദേഹം വിവരമില്ലാത്തവനായിരുന്നു", "ശിക്ഷ അനുഭവിക്കുന്നുണ്ടാവും" എന്നിങ്ങനെ മരിച്ച മുസ്ലിമിനെക്കുറിച്ച് വിധിപറയുന്നത് അല്ലാഹുവിന് വിട്ടുകൊടുക്കേണ്ട കാര്യമാണ്. സത്യത്തെ തെളിവുകളാൽ വ്യക്തമാക്കുക എന്നതാണ് അഹ്‌ലുസ്സുന്നയുടെ മാർഗം; വ്യക്തിപരമായ അധിക്ഷേപമല്ല.
അല്ലാഹു നമുക്കെല്ലാവർക്കും സത്യത്തെ സത്യമായി മനസ്സിലാക്കാനും അതിനെ പിന്തുടരാനും അസത്യത്തെ അസത്യമായി മനസ്സിലാക്കി അതിൽ നിന്ന് വിട്ടുനിൽക്കാനും തൗഫീഖ് നൽകട്ടെ.
മറ്റൊരു സഹോദരൻ:
ഉമർ മൗലവി, എന്താണ് അള്ളാ എന്നുകൂടി വിശദീകരിക്കേണ്ടതായിരുന്നു..... എന്നിട്ട് പ്രാർത്ഥനയിലേക്ക് കടക്കുകയായിരുന്നു നല്ലത്. അള്ളാനേ തിരിയാത്തതാണ് ഇയാളെപ്പോലുള്ളവരുടെ പരാജയം. ഇയാളുടെ മകൻ ബഷീർ മാഷ് അത് മനസ്സിലാക്കി. നാട്ടുകാരെ നന്നാക്കാൻ നടന്ന ബാപ്പാന്റെ മോൻ ബാപ്പാക്ക് തന്നെ പണി കൊടുത്തു. ലാഇലാഹ ഇല്ലള്ളാന്റെ പൊരുളല്ല ലാഇലാഹ ഇല്ലല്ലാഹ് എന്താണ് എന്ന് തന്നെയാണ് ഇയാൾ പറയേണ്ടിയിരുന്നത്. അല്ലാഹുവിനെ നന്നാക്കി നന്നാക്കി മുസ്ലിം സമുദായത്തിന് ചിന്നഭിന്നമാക്കി ലോകത്ത് മറ്റു സമുദായങ്ങളുടെ ഇടയിൽ ഒന്നിനും കൊള്ളാത്തവൻ ആക്കി ഒരു ജനവിഭാഗത്തെ വാർത്തെടുത്തു. അതിന്റെ കേന്ദ്ര സ്ഥാനമായ അബ്ദുൽ വഹാബിന്റെ ജന്മനാടായ സൗദി അറേബ്യ ഇന്ന് എത്തിപ്പെട്ട സാംസ്കാരിക പതനത്തിന്റെ സ്ഥിതി അതുതന്നെയാണ് ഇയാൾ ഉൾപ്പെടുന്ന കേരള മുസ്ലിം സംഘടനയുടെയും അവസ്ഥ. വെളുക്കാൻ തേച്ചത് പാണ്ടാക്കി മാറ്റിയവരാണ് ഇവർ.
എൻ്റെ മറുപടി:
വികാരപ്രകടനങ്ങളും വ്യക്തിപരമായ പരിഹാസങ്ങളും ചരിത്രത്തെ മാറ്റുകയില്ല.
ഉമർ മൗലവി رحمه الله തന്റെ ജീവിതകാലത്ത് തൗഹീദിലേക്കും സുന്നത്തിലേക്കും ജനങ്ങളെ ക്ഷണിച്ച വ്യക്തിയാണ്. പിന്നീട് താൻ പ്രവർത്തിച്ചിരുന്ന സംഘടന ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യതിചലിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ അതിൽ നിന്ന് അദ്ദേഹം പിന്മാറുകയും ചെയ്തു. അതിനാൽ, ആ സംഘടനയുടെ ഇന്നത്തെ അവസ്ഥ അദ്ദേഹത്തിന്റെ മേൽ ചുമത്തുന്നത് നീതിയല്ല.
"അല്ലാഹ് എന്താണെന്ന് അദ്ദേഹം പഠിപ്പിച്ചില്ല" എന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഗ്രന്ഥങ്ങളും വായിക്കുന്നവർക്ക് അദ്ദേഹം "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന കലിമയുടെ അർഥം, തൗഹീദിന്റെ വിവിധ വശങ്ങൾ, ശിർക്കിന്റെ അപകടം എന്നിവ വ്യക്തമായി പഠിപ്പിച്ചിരുന്നതായി മനസ്സിലാകും.
"സമുദായത്തെ ചിന്നഭിന്നമാക്കി" എന്നത് സലഫീ ദഅ്‌വയ്‌ക്കെതിരായ പഴയ ആരോപണമാണ്. യഥാർഥത്തിൽ, ഖുർആനിലേക്കും സുന്നത്തിലേക്കും സലഫുസ്സ്വാലിഹീന്റെ ഗ്രഹണത്തിലേക്കും ക്ഷണിക്കുന്നതാണ് ഈ ദഅ്‌വ. ഭിന്നിപ്പിന് കാരണം അതല്ല; മറിച്ച് ഖുർആനും സുന്നത്തിനും വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിക്കുന്നതാണ്.
സൗദി അറേബ്യയെക്കുറിച്ചുള്ള വിമർശനവും വസ്തുനിഷ്ഠമല്ല. തൗഹീദിന്റെ വിശ്വാസത്തിലും സുന്നത്തിന്റെ പ്രബോധനത്തിലും ഇന്നും ഏറ്റവും ശക്തമായി നിലകൊള്ളുന്ന രാജ്യമാണ് സൗദി അറേബ്യ. അതിനാൽ സത്യസന്ധരായ എല്ലാ മുസ്ലിംകളും ആ നാടിന്റെ തൗഹീദിനെയും സുന്നത്തിനെയും പിന്തുണയ്ക്കും. ആ അടിസ്ഥാനങ്ങളോടുള്ള വിരോധമുള്ളവരാണ് ആ നാടിനെ വെറുക്കുന്നത്.
അതേസമയം, ചില തിന്മകളും പോരായ്മകളും ഒരു രാജ്യത്ത് ഉണ്ടായേക്കാം. പൂർണ്ണത സൃഷ്ടികൾക്കുള്ളതല്ല; അത് അല്ലാഹുവിന്റെ മാത്രം ഗുണമാണ്. ചില തെറ്റുകളോ കുറവുകളോ ഉണ്ടെന്ന കാരണത്താൽ തൗഹീദിന്റെ ദഅ്‌വയെ തള്ളിക്കളയുന്നത് നീതിയല്ല.
വ്യക്തികളെ അധിക്ഷേപിക്കുന്നതിനു പകരം, ഉമർ മൗലവി رحمه الله പഠിപ്പിച്ച തൗഹീദിലോ ശിർക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണങ്ങളിലോ ഖുർആൻ-സുന്നത്തിന് വിരുദ്ധമായ ഒരു തെളിവ് അവതരിപ്പിക്കുകയാണ് വേണ്ടത്. തെളിവിനെയാണ് തെളിവുകൊണ്ട് നേരിടേണ്ടത്; പരിഹാസം കൊണ്ടല്ല.
ഒരു സഹോദരൻ്റെ പ്രതികരണം:
നല്ല മറുപടി, വളരെ സന്തോഷം. ഒരു സംഘടനയിൽ നിലകൊള്ളുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനുശേഷം അതിൽ കുറെ പേര് വന്നുചേരും അവരെ വഴിയാധാരമാക്കി അതിൽ നിന്ന് പിരിഞ്ഞു പോകുന്ന പലരും അതിൽ ചേർത്ത് കളുടെ കാര്യം നോക്കാറില്ല അതു തന്നെയാണ് ഞാൻ കാണുന്ന കുറ്റവും. തൗഹീദ് അവനവൻ തിരിച്ചറിയേണ്ടതാണ് തിരിച്ചറിഞ്ഞവൻ അത് ബോധ്യപ്പെട്ടെങ്കിൽ മാത്രമേ മറ്റുള്ളവനെ പഠിപ്പിക്കാൻ പാടുള്ളൂ അതുവരെ അവൻ പഠിതാവാണ് ഉമർ മൗലവിയുടെ കാര്യവും അത് തന്നെയാണ് അങ്ങനത്തെ കുറെ പേരുണ്ട് കുറെ ലേഖനങ്ങൾ എഴുതി പുസ്തകങ്ങൾ രചിച്ചു എന്നു പറഞ്ഞതുകൊണ്ട് ഒന്നും അവനവന്റെ ബോധം തെളിയുന്നവരല്ല തൗഹീദ് മനസ്സിലായവനിൽ നിന്ന് തൗഹീദ് കരസ്ഥമാക്കണം. അതിന്റെ അഭാവമാണ് മുസ്ലിം സമുദായതിന് വന്നു പെട്ടത്. ഗ്രന്ഥരചയിതാക്കളും പ്രാസംഗികന്മാരുമായി മാറി. അറിഞ്ഞു ജീവിക്കുന്നവർ കുറഞ്ഞു അറിഞ്ഞത് പറഞ്ഞു നടക്കുന്നവർ കൂടി എല്ലാ സമുദായത്തിന്റെയും പരാജയം ഇതുതന്നെയാണ്
എൻ്റെ മറുപടി:
സഹോദരാ, ഞാൻ ഒരിക്കലും ഉമർ മൗലവിക്ക് തൗഹീദിൽ പിഴവുണ്ടെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതും ശരിയല്ല. ചർച്ചയായത് ഒരു നിർദ്ദിഷ്ട വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാടും അതുമായി ബന്ധപ്പെട്ട പിഴവുമാണ്; തൗഹീദിന്റെ അടിസ്ഥാനബോധമോ അഖീദയോ അല്ല.
ഒരു വിഷയത്തിൽ പിഴച്ചുവെന്ന് പറയുന്നത്, അദ്ദേഹത്തിന് തൗഹീദ് മനസ്സിലായിട്ടില്ലെന്ന് പറയുന്നതിനോ, അദ്ദേഹത്തിൽ നിന്ന് തൗഹീദ് പഠിക്കരുതെന്ന് പറയുന്നതിനോ തുല്യമല്ല. അഹ്ലുസ്സുന്നത്തിന്റെ മൻഹജ്, ഒരാളുടെ ശരിയായ കാര്യങ്ങൾ അംഗീകരിക്കുകയും, പിഴവുകൾ തെളിവോടെ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ്.
അതുകൊണ്ട്, ഞങ്ങൾ പറയാത്ത കാര്യം ഞങ്ങളുടെ പേരിൽ ആരോപിക്കാതെ, ചർച്ചയായ വിഷയത്തിൽ മാത്രം സംസാരിക്കുന്നതാണ് നീതി.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment