ഫുട്ബോൾ ലോകകപ്പും സ്വർണ പ്രതിമയുടെ മഹത്വവൽക്കരണവും: തൗഹീദിന്റെ വെളിച്ചത്തിൽ ഒരു മുസ്ലിമിന്റെ നിലപാട്
ഫുട്ബോൾ ലോകകപ്പും സ്വർണ പ്രതിമയുടെ മഹത്വവൽക്കരണവും: തൗഹീദിന്റെ വെളിച്ചത്തിൽ ഒരു മുസ്ലിമിന്റെ നിലപാട്
നാം ഒരു നിമിഷം ചിന്തിച്ചുനോക്കൂ.
ഫുട്ബോൾ ലോകകപ്പിന്റെ പരമമായ ലക്ഷ്യം എന്താണ്? ഒടുവിൽ അത് സ്വർണത്തിൽ നിർമ്മിച്ച ഒരു ട്രോഫിയെ പ്രതിമയെ സ്വന്തമാക്കുക എന്നതാണ്.
സ്വർണത്തിൽ നിർമ്മിച്ച ഒരു പ്രതിമയെ സ്വന്തമാക്കാനും, അതിനെ തൊടാനും, ചുംബിക്കാനും, തലക്കുമുകളിൽ ഉയർത്തിപ്പിടിക്കാനുമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്നു.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം മഹത്വം അർഹിക്കുന്നത് അല്ലാഹു മാത്രമാണ്.
അതിനാൽ ഒരു സ്വർണ പ്രതിമയെയോ ട്രോഫിയെയോ അതിരുകടന്ന് മഹത്വവൽക്കരിക്കുന്ന സംസ്കാരത്തെ ഒരു വിശ്വാസി വിമർശനാത്മകമായി കാണണം.
ഇവിടെ പ്രശ്നം ഒരു കളിയോ കായിക വിനോദമോ മാത്രമല്ല. മറിച്ച് ഒരു മനുഷ്യനിർമ്മിത വസ്തുവിനെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന അമിതമായ വികാരബന്ധവും മഹത്വവൽക്കരണവുമാണ്.
അതിനുവേണ്ടി കോടിക്കണക്കിന് ആളുകൾ സമയം ചെലവഴിക്കുന്നു, രാത്രികൾ ഉറക്കമൊഴിയുന്നു വികാരങ്ങൾ പങ്കുവെക്കുന്നു, ചിലപ്പോൾ നിസ്കാരങ്ങളും മറ്റ് ബാധ്യതകളും അവഗണിക്കുന്നു.
ഒരു മുസ്ലിമിന്റെ ഹൃദയം അല്ലാഹുവിന്റെ പ്രീതിയോടും പരലോക വിജയത്തോടുമാണ് ബന്ധിക്കപ്പെടേണ്ടത്; ഒരു സ്വർണ ട്രോഫിയോടല്ല.
എന്നാൽ ഇന്ന് പലരും മണിക്കൂറുകളോളം മത്സരങ്ങൾ കാണാനും ടീമുകളെ പിന്തുണയ്ക്കാനും വികാരങ്ങൾ ചെലവഴിക്കുമ്പോൾ, ഈ കളി കൊണ്ട് സ്വന്തം ദീനിനും കുടുംബത്തിനും സമൂഹത്തിനും യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
മാത്രമല്ല, ഇത്തരം മത്സരങ്ങൾ പലപ്പോഴും നിസ്കാരങ്ങളെ വൈകിപ്പിക്കാനും, ജമാഅത്ത് നഷ്ടപ്പെടുത്താനും, അല്ലാഹുവിന്റെ സ്മരണയിൽ നിന്ന് അശ്രദ്ധരാകാനും കാരണമാകുന്നു.
ഒരു മത്സരവും നിസ്കാരത്തെക്കാൾ പ്രധാനമല്ലെന്നും, ഒരു ട്രോഫിയും അല്ലാഹുവിന്റെ പ്രീതിയെക്കാൾ വിലപ്പെട്ടതല്ലെന്നും മനസ്സിലാക്കുക.
ഒരു വിശ്വാസിയുടെ സമയം അവന്റെ ഏറ്റവും വിലപ്പെട്ട സമ്പത്താണ്. അതിനെ അല്ലാഹുവിന്റെ പ്രീതി നേടുന്ന കാര്യങ്ങളിലാണ് വിനിയോഗിക്കേണ്ടത്.
ഒരു മുസ്ലിം അവന്റെ വിജയത്തെ ഒരു ടീമിന്റെ വിജയത്തോട് ബന്ധിപ്പിക്കുകയല്ല വേണ്ടത്; മറിച്ച് അല്ലാഹുവിന്റെ അനുസരണയിലും പരലോക വിജയത്തിലുമാണ് യഥാർത്ഥ വിജയം തേടേണ്ടത്.
ലോകം സ്വർണ ട്രോഫിക്കായി മത്സരിക്കുമ്പോൾ, ഒരു വിശ്വാസി സ്വർഗത്തിന് വേണ്ടിയാണ് മത്സരിക്കേണ്ടത്.
ലോകം ഒരു കപ്പ് ഉയർത്തിപ്പിടിക്കുന്നതിൽ അഭിമാനിക്കുമ്പോൾ, ഒരു മുസ്ലിം അല്ലാഹുവിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നതിലാണ് അഭിമാനം കണ്ടെത്തേണ്ടത്.
ഷെയ്ഖ് ബിൻ ബാസ് رحمه الله പറഞ്ഞു:
" നാം വിശ്വസിക്കുന്നത്: ഔറത് മറക്കൽ, സമയനിഷ്ഠ, നിസ്കാരം സമയത്ത് നിർവഹിക്കുക, നിസ്കാരസമയം നഷ്ടപ്പെടാത്ത രീതിയിൽ കളിക്ക് നിശ്ചിതമായ സമയം വെക്കുക തുടങ്ങിയ നിബന്ധനകൾ കളിക്കാരും കണികളുമടങ്ങിയ ആളുകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അവർ ഇന്നു ഏർപ്പെട്ടിരിക്കുന്ന ഈ കളി നിഷിദ്ധമാണ് എന്നാണ് . അല്ലാഹുവിനോട് നാം രക്ഷ ചോദിക്കുന്നു,
( فتاوى الجامع الكبير - حكم مشاهدة مبارايات كرة القدم)
നബി ﷺ യും ആയിഷ رضي الله عنها യും തമ്മിൽ ഓട്ടമത്സരം നടത്തിയ സംഭവം ചിലർ ആധുനിക ഫുട്ബോൾ മത്സരത്തെ ന്യായീകരിക്കാൻ ഉദ്ധരിക്കാറുണ്ട്. എന്നാൽ അത് വീട്ടുമുറ്റത്ത് ഭാര്യാഭർത്താക്കൾ തമ്മിൽ നടന്ന സ്നേഹപൂർവമായ ഒരു സംഭവമാണ്.
അവിടെ നിർബന്ധ നിസ്കാരങ്ങൾ അവഗണിക്കപ്പെടുകയോ, ഔറത്ത് മറയ്ക്കുന്നതിൽ വീഴ്ച സംഭവിക്കുകയോ, സമയനഷ്ടമോ മറ്റ് ശറഈ ലംഘനങ്ങളോ ഉണ്ടായിരുന്നില്ല.
ഈ കാര്യങ്ങൾ എല്ലാം പാലിക്കപ്പെടുകയും ശറഈ വിരുദ്ധമായ ഘടകങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്താൽ, ആധുനിക ഫുട്ബോൾ മത്സരങ്ങൾ അനുവദനീയമാണെന്ന് ഷെയ്ഖ് ബിൻ ബാസ് رحمه الله തന്നെയും പറഞ്ഞിട്ടുണ്ട്.
അല്ലാഹു നമ്മുടെ ഹൃദയങ്ങളെ അവന്റെ ദീനിൽ ഉറപ്പിക്കുകയും, വ്യർത്ഥമായ കാര്യങ്ങളിൽ സമയം പാഴാക്കുന്നതിൽ നിന്ന് നമ്മെ കാത്തുസൂക്ഷിക്കുകയും ചെയ്യട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment