അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് ജനങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് ജനങ്ങൾക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം.
ഷെയ്ഖ് അബ്ദുറസ്സാഖ് അൽ-ബദ്റ് حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് അബ്ദുറസ്സാഖ് അൽ-ബദ്റ് حفظه الله പറഞ്ഞു:
" ഒരാൾ ഒരു ജോലിയിൽ ആയിരിക്കാം. തന്റെ ഉപജീവനം ആ ജോലിയിൽ നിന്നു മാത്രമാണെന്ന് അവൻ കരുതുന്നു. പിന്നീട് ഒരു ദിവസം ആ ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെടുമ്പോൾ അവൻ നിരാശനാകുകയും പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുന്നു.
അല്ല. അവൻ അതിലേക്ക് നോക്കേണ്ടതില്ല. അവൻ ആരിലേക്ക് നോക്കണം? അൽ-വാസിഅ് (الواسع) ആയ അല്ലാഹുവിലേക്കാണ് നോക്കേണ്ടത്. എല്ലാം ഉൾക്കൊള്ളുന്ന വിശാലമായ അനുഗ്രഹത്തിന്റെയും ദാനത്തിന്റെയും ഉടമയാണ് അല്ലാഹു.
അല്ലാഹു പറയുന്നു:
" അല്ലാഹു അവന്റെ വിശാലമായ ഔദാര്യത്തിൽ നിന്ന് അവരിൽ ഓരോരുത്തരെയും സമ്പന്നരാക്കുന്നതാണ് ".
(സൂറത്തു നിസാഅ്- 4: 130)
ജനങ്ങൾ ഈ മഹത്തായ നാമത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും, ഈ മഹത്തായ നാമത്തിലൂടെ അല്ലാഹുവിനെ ആരാധിക്കുന്നതിൽ പൂർണത കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്.
അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് മനുഷ്യരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ജനങ്ങളോടുള്ള ഇടപാടുകളിലും മറ്റ് അനേകം കാര്യങ്ങളിലുമുള്ള വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് ".
ഷെയ്ഖ് അബ്ദുറസ്സാഖ് അൽ-ബദ്റ് حفظه الله പറഞ്ഞതുപോലെ, അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും കുറിച്ചുള്ള അജ്ഞതയാണ് മനുഷ്യർ നേരിടുന്ന പല വലിയ പ്രശ്നങ്ങളുടെയും മൂലകാരണം. അതുകൊണ്ടുതന്നെ സലഫുസ്സ്വാലിഹീൻ (സച്ചരിതരായ മുൻഗാമികൾ) അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും പഠിക്കുന്നതിനും അവ മനസ്സിലാക്കുന്നതിനും , അവ പഠിപ്പിക്കുന്നതിനും വലിയ പ്രാധാന്യം നൽകിയിരുന്നു.
കാരണം അല്ലാഹുവിനെക്കുറിച്ചുള്ള ശരിയായ വിജ്ഞാനമാണ് മനുഷ്യന്റെ ഹൃദയത്തെയും സ്വഭാവത്തെയും പ്രവർത്തനങ്ങളെയും ശരിയാക്കുന്നത്.
അല്ലാഹു അർ-റസ്സാഖ് (الرزاق) ആണെന്ന് അറിയുന്നവൻ ഉപജീവനത്തെക്കുറിച്ച് അമിതമായ ഭയത്തിലും ഉത്കണ്ഠയിലും കഴിയുകയില്ല. സൃഷ്ടികളല്ല, അല്ലാഹുവാണ് യഥാർത്ഥ ഉപജീവനദാതാവെന്ന് അവൻ മനസ്സിലാക്കും.
അല്ലാഹു അൽ ഗനീ (الغني) ആണെന്നും താൻ അവനോട് പൂർണ്ണമായി ആശ്രിതനാണെന്നും അറിയുന്നവൻ ജനങ്ങളുടെ മുമ്പിൽ സ്വയം താഴ്ത്തിക്കൊടുക്കുകയോ അവരുടെ കൈവശമുള്ളതിനുവേണ്ടി മോഹിക്കുകയോ ചെയ്യില്ല.
അല്ലാഹു അസ്സമീഅ് (السميع) — എല്ലാം കേൾക്കുന്നവൻ — ആണെന്ന് വിശ്വസിക്കുന്നവൻ തന്റെ നാവിനെ സൂക്ഷിക്കും. ആരും കേൾക്കുന്നില്ലെന്ന് കരുതി അവൻ പാപവാക്കുകൾ പറയുകയില്ല.
അല്ലാഹു അൽ ബസീർ (البصير) — എല്ലാം കാണുന്നവൻ — ആണെന്ന് അറിയുന്നവൻ ഏകാന്തതയിലും പാപം ചെയ്യാൻ ധൈര്യപ്പെടുകയില്ല. കാരണം മനുഷ്യരുടെ കണ്ണുകളിൽ നിന്ന് മറഞ്ഞാലും അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്ന് ഒന്നും മറയുന്നില്ലെന്ന് അവൻ അറിയുന്നു.
അല്ലാഹു അൽ ഗഫൂർ (الغفور),
അർ റഹീം (الرحيم) ആണെന്ന് അറിയുന്നവൻ തന്റെ പാപങ്ങൾ കാരണം നിരാശനാകുകയില്ല. അവൻ തൗബയിലേക്ക് മടങ്ങുകയും അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രത്യാശ വെക്കുകയും ചെയ്യും.
അല്ലാഹു അൽ ഹകീം (الحكيم) — അത്യന്തം ജ്ഞാനവാൻ — ആണെന്ന് അറിയുന്നവൻ ജീവിതത്തിലെ പരീക്ഷണങ്ങളെയും ദുരിതങ്ങളെയും കുറിച്ച് അല്ലാഹുവിനെ കുറ്റപ്പെടുത്തുകയില്ല. ഓരോ വിധിയുടെയും പിന്നിൽ ഒരു മഹത്തായ ജ്ഞാനമുണ്ടെന്ന് അവൻ വിശ്വസിക്കും.
അതിനാൽ, അല്ലാഹുവിന്റെ നാമങ്ങളെയും വിശേഷണങ്ങളെയും പഠിക്കുന്നത് വെറും വിജ്ഞാനം നേടാനുള്ള ഒരു വിഷയമല്ല.
അത് തൗഹീദിനെ ശക്തിപ്പെടുത്തുകയും, വിശ്വാസം വർധിപ്പിക്കുകയും, ഹൃദയത്തെ ശുദ്ധീകരിക്കുകയും, ജീവിതത്തെ ശരിയായ രീതിയിൽ നയിക്കുകയും ചെയ്യുന്ന ഏറ്റവും മഹത്തായ ഇബാദത്തുകളിൽ ഒന്നാണ്.
ജനങ്ങൾക്ക് അല്ലാഹുവിനെക്കുറിച്ചുള്ള വിജ്ഞാനം കുറയുന്നതനുസരിച്ച് അവരുടെ ഭയങ്ങളും ആശങ്കകളും സംശയങ്ങളും വർധിക്കുന്നു.
അല്ലാഹുവിനെക്കുറിച്ചുള്ള വിജ്ഞാനം വർധിക്കുന്നതനുസരിച്ച് അവരുടെ തവക്കുലും (അല്ലാഹുവിലുള്ള ആശ്രയവും), സംതൃപ്തിയും, മനഃസമാധാനവും വർധിക്കുന്നു.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment