ഹുസൈൻ رضي الله عنه യസീദെന്ന ഭരണാധികാരിക്കെതിരെ ചെയ്ത ജിഹാദായിരുന്നുവോ കർബല സ൦ഭവ൦?
ഹുസൈൻ رضي الله عنه യസീദെന്ന ഭരണാധികാരിക്കെതിരെ ചെയ്ത ജിഹാദായിരുന്നുവോ കർബല സ൦ഭവ൦?
താഴെ ഫേസ്ബുക്കിൽ വന്ന ഒരു പോസ്റ്റ്:
കർബല : വെട്ടിമുറിക്കപ്പെട്ട ചരിത്രത്തിന്റെ വീണ്ടെടുപ്പ്
കേവലം അക്ഷരങ്ങളുടെ കൂട്ടമല്ല ചരിത്രം. അത് ഓർമകളെ തിരിച്ചുപിടിക്കുന്ന ‘കലാപം’ കൂടിയാണ്. സ്മരണകളെ ഭയപ്പെടുന്ന ഭരണകൂടങ്ങളെയും മതാധികാര കേന്ദ്രങ്ങളെയും പൊള്ളിക്കാൻ യഥാർത്ഥ ചരിത്ര സന്ദർഭങ്ങളുടെ പുനഃരാവിഷ്കാരത്തേക്കാളും മികച്ച ആയുധമില്ല. പക്ഷെ, എണ്ണയും വെള്ളവും പോലെ ഭൂതകാലത്തെ വർത്തമാനത്തിൽനിന്ന് വേറിട്ടുനിർത്തുന്ന ഒന്നാവുമ്പോൾ ആ ആയുധം മൂർച്ചയറ്റതാവും. വെട്ടുകൊള്ളുന്നിടത്തെ വേദനിപ്പിക്കാൻ ശേഷിയില്ലാത്ത ദുർബലമായ അക്ഷരവ്യൂഹങ്ങൾ മാത്രമാവും.
വർത്തമാനത്തിൽനിന്ന് ബോധപൂർവം വെട്ടിമാറ്റിപ്പെട്ടതോ മറച്ചുവെക്കപ്പെട്ടതോ ആയ ചരിത്രത്തിന്റെ അനിവാര്യമായ വായനയാണ് ഇമാം ഹുസൈനെ കുറിച്ചുള്ള, ഹിജാസുൽ ഹഖിന്റെ ഈ പുസ്തകം. അത് ഇഴപിരിച്ചെടുക്കുമ്പോൾ ആധുനിക മുസ്‍ലിം ലോകത്തിന്റെ വർത്തമാനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന കടുപ്പമേറിയ നൂലിഴകൾ തെളിഞ്ഞുവരും. അകത്തുനിന്നും പുറത്തുനിന്നും തോൽപിക്കപ്പെട്ട ഒരു ജനതക്ക് വെറുതേ വായിച്ച് അഭിരമിക്കാനുള്ള ഭൂതകാലമഹിമയല്ല ഇതിലുള്ളത്. മറിച്ച്, വ്യാജമായ ചരിത്രത്തിൽ അടയിരുന്നുകൊണ്ട് അധികാരികളും ബുദ്ധിജീവികളും സംഘടിത പ്രസ്ഥാനങ്ങളും യാന്ത്രികമായി പ്രതിധ്വനിപ്പിക്കുന്ന ഉൻമത്തമായ ഉൽബോധനങ്ങൾക്കും, ജൽപനങ്ങൾക്കും, ആഹ്വാനങ്ങൾക്കും നേർക്കുള്ള കടുത്ത പ്രഹരം കൂടിയാണ്.
ലോകത്തെ ആത്മീയമായും ബൗദ്ധികമായും പ്രചോദിപ്പിച്ച് നവോൽക്കർഷത്തിലേക്ക് കൈപിടിച്ചുയർത്താൻ സമാഗതമായ ഒരു ദർശനം എങ്ങനെ അത് ഉദയം കൊണ്ട സമീപസ്ഥ നൂറ്റാണ്ടുകളിൽ തന്നെ ‘കഴുത്തറക്കപ്പെട്ടു’വെന്നതിന്റെ കയ്പേറിയ സ്മരണയാണ് ‘കർബല’. എന്തുകൊണ്ട് ഇസ്‍ലാമിക ചരിത്രം ഖുലഫാഉ റാഷിദുകൾക്കിപ്പുറത്തേക്ക്, ആഴത്തിൽ പഠിപ്പിക്കപ്പെടാതെ പോയി എന്നതിന്റെ ഉത്തരം കൂടി ഇതിലെ സന്ദർഭങ്ങൾ പറയായാതെ പറയുന്നുണ്ട്. പ്രവാചക പരമ്പരയുടെ നീതിയുക്തമായ വഴികളെ ആരൊക്കെയാണ് ഭയപ്പെടുന്നതെന്ന നേർക്കാഴ്ച കൂടി ഇത് പകർന്നു തരുന്നു.
പ്രവാചകൻ ഉണർത്തിയ നീതിയുടെ ദർശനത്തെ നിരതെറ്റാതെ അനുധാവനം ചെയ്ത അഹ്ലു ബയ്ത്തും, അധികാരത്തോടുള്ള ആസക്തിയിൽ അതിന്റെ വേരറുക്കാൻ പാഞ്ഞടുത്ത ‘അഹ്ലു സുന്ന’യെന്ന മുആവിയൻ മതവും തമ്മിലുള്ള സംഘർഷത്തിന് ആദ്യകാല മുസ്‍ലിം സമൂഹത്തോളം തന്നെ പഴക്കമുണ്ട്. അഹ്ലു ബയ്ത്തിന്റെ പാരമ്പര്യം പേറുന്ന മഹത്തരമായ പേർഷ്യൻ (ഇറാൻ) സംസ്കാരവും അവരെ ഒന്നടങ്കം ഉൻമൂലനം ചെയ്യാൻ ആധുനിക പാശ്ചാത്യ ഭരണകൂടങ്ങൾക്ക് ഒത്താശ ചെയ്യുന്ന അറബ് ഭരണകൂടങ്ങളും തമ്മിലുള്ള യുദ്ധമായി ഇന്നും അത് തുടരുന്നു.
എ.ഡി 680ൽ, ഇസ്‍ലാമിക ലോകത്ത് ജാഹിലിയ്യത്തിനോട് ചേർന്നു സഞ്ചരിച്ച രാജവാഴ്ചയുടെ പുതിയ അധ്യായത്തിലേക്കു നയിക്കപ്പെട്ട സംഭവങ്ങൾ ഈ ചരിത്ര വായനയിൽ വെളിപ്പെടും. നാലു ഖലീഫമർക്കുശേഷം അധികാരത്തിൽ സ്വയം അവരോധിതനായ മുആവിയയുടെ അന്ത്യത്തോടെ ഒരു യുഗം അവസാനിച്ചുവെങ്കിലും, അധികാരത്തിന്റെ പുതിയൊരു യുഗം അവിടെ തുടങ്ങുകയായിരുന്നു. മുആവിയ വാളും സൈന്യവും കൊണ്ട് അതിരുകളില്ലാത്ത ഒരു ഭൗതിക സാമ്രാജ്യം പടുത്തുയർത്തിയേപ്പാൾ, സത്യാന്വേഷികളുടെ ഹൃദയങ്ങളിൽ ആത്മീയതയിലധിഷ്ഠിതമായ നീതിയുടെയും ദയാവായ്പിൻ്റെയും സിംഹാസനങ്ങൾ തീർക്കുകയായിരുന്നു പ്രവാചക പൗത്രൻമാർ.
ഉമവികളുടെ സമ്പൂർണ്ണ രാജവാഴ്ചക്ക് ഇമാം ഹസൻ്റെയും ഹുസൈൻ്റെയും സാന്നിധ്യം ഭീഷണിയായിരുന്നു. ജനഹൃദയങ്ങളിൽ അവർക്കുള്ള സ്വാധീനവും, പ്രവാചക പൗത്രൻമാർ എന്ന നിലയിലുള്ള അനിഷേധ്യമായ സ്ഥാനവും ഉമവികൾക്ക് അസഹനീയമായിരുന്നു. സന്ധി വ്യവസ്ഥ നിലനിൽക്കുന്നിടേത്താളം കാലം ഉമവികൾക്ക് തങ്ങളുടെ രാജവംശ സ്ഥാപനം എന്ന സ്വപ്നം വിദൂരസ്ഥമായതിനാൽ ഇരുവരെയും ഇല്ലാതാക്കുക അവരുടെ പ്രധാന അജണ്ടയായി. അധികാരെക്കാതി മൂത്തവർ തുടർന്ന് ചതിയുടെ വഴി തിരെഞ്ഞടുത്തു. ഇമാം ഹസനെ വിഷം നൽകി കൊലപ്പടുത്തി. ഇമാം ഹസന്റെ വിയോഗത്തോടെ ‘ഇമാമിയ്യത്ത്’ ഹുസൈനിൽ നിക്ഷിപ്തമായി. ഇസ്ലാമിന്റെ ആഭ്യന്തര ശത്രുക്കളുടെ അടുത്ത ലക്ഷ്യം ഹുസൈൻ(റ) ആയിരുന്നു. അതിലൊരു സന്ദർഭം ഗ്രന്ഥകാരൻ ഇങ്ങനെ വിവരിക്കുന്നു.
പിതാവ് മുആവിയയുടെ മരണവാർത്തയുമായി യസീദ് തന്റെ ദൂതനെ മദീനയിലെ ഗവർണറുടെ കൊട്ടാരത്തിലേക്ക് പറഞ്ഞയച്ചു. കയ്യിൽ ഒരു കത്തും കൊടുത്തയച്ചു. അതിൽ ഒെരാറ്റ കൽപ്പനയേ ഉണ്ടായിരുന്നുള്ളൂ: ‘ഹുസൈനിൽ നിന്നും അനുസരണ പ്രതിജ്ഞ വാങ്ങുക, വിസമ്മതിച്ചാൽ ശിരസ്സ് വെട്ടുക!’ ആയിരങ്ങൾ ഹുസൈന്റെ പേരിൽ പ്രതിജ്ഞയടുക്കുമ്പോൾ കൂഫയുടെ അന്തഃപുരങ്ങളിൽ വഞ്ചനയുടെ രഹസ്യ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു....തുടർന്നങ്ങോട്ട് അറേബ്യാ ഉപഭൂഖണ്ഡത്തിൽ പ്രവാചക പൗത്രനെതിരെ നടന്ന സംഭവ വികാസങ്ങൾ ഈ പുസ്തകത്തിൽ അനാവരണം ചെയ്യുന്നു.
ഇങ്ങനെ ചതിയുടെയും അധികാര ദുരയുടെയും കണ്ണിമുറിയാത്ത പരമ്പര മുസ്‍ലിംലോകത്ത് ആധിപത്യം നേടുകയും അത് തുടരുകയും ചെയ്തു. അഹ്ലു ബയ്ത്തിനെ അനുധാവനം ചെയ്യുന്നവർ അനുഭവിക്കുന്ന കണ്ണില്ലാ ക്രൂരതകളായും അവരുടെ ഓജസ്സുറ്റ പോരാട്ടമായും ഇന്നും അത് നമ്മുടെ മുന്നിലുണ്ട്. ആ പോരാട്ടത്തിന്റെ ഓരോ പടവുകളിലും അലിയുടേയും ഹസൻ, ഹുസൈൻ എന്നിവരുടെയും നാമങ്ങൾ ധീര സ്മരണകളാൽ ഉണർത്തപ്പെടുന്നു. അതെന്തു കൊണ്ട് സംഭവിക്കുന്നു എന്നറിയാൻ, നിശ്ചയമായും പുറങ്ങൾ മറിച്ച് വായിച്ചു തീർക്കേണ്ട പുസ്തകം ഹിജാസുൽ ഹഖിന്റെ ‘ദീൻ അസ്ത് ഹുസൈനി’ലൂടെ മലയാളക്കരയിലേക്ക് എത്തുകയാണ്. സ്വീകരിക്കുക.
എന്റെ മറുപടി:
ഹുസൈൻ رضي الله عنه യെ സ്നേഹിക്കുന്നത് അഹ്ലുസ്സുന്നയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ കൊലപാതകം അത്യന്തം ദുഃഖകരമായ അനീതിയായിരുന്നു. എന്നാൽ അതിനെ ശിയാ രാഷ്ട്രീയ വായനയുടെ കണ്ണിലൂടെ പുനർവായിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്.
ഒന്നാമതായി, ഹുസൈൻ رضي الله عنه കർബലയിലേക്ക് പോയത് യസീദിനെതിരെ യുദ്ധം ചെയ്യാനോ ഒരു സായുധ വിപ്ലവം ആരംഭിക്കാനോ ആയിരുന്നില്ല. കൂഫയിലെ ശിയാക്കൾ യസീദിന് ബൈഅത്ത് നൽകിയിട്ടില്ലെന്നും അവിടെ അദ്ദേഹത്തിന് പിന്തുണയുണ്ടെന്നും അറിയിച്ചുകൊണ്ടുള്ള നിരവധി കത്തുകളാണ് അദ്ദേഹത്തെ കൂഫയിലേക്ക് പുറപ്പെടാൻ പ്രേരിപ്പിച്ചത്. (താരീഖുത്ത്വബരി 4/262; അൽ-ബിദായ വൻ-നിഹായ 8/151).
രണ്ടാമതായി, ഈ വിവരം സത്യമാണോ എന്ന് അന്വേഷിക്കാനാണ് ഹുസൈൻ رضي الله عنه തന്റെ കുടുംബത്തോടൊപ്പം കൂഫയിലേക്ക് (ഇറാഖ്) യാത്ര തിരിച്ചത്.
ജിഹാദിനോ ഭരണകൂടം അട്ടിമറിക്കാനോ പോകുന്ന ഒരാൾ കുടുംബത്തോടൊപ്പമാണോ യാത്ര ചെയ്യുക? ഹുസൈൻ رضي الله عنه തന്റെ കുടുംബത്തോടൊപ്പമാണ് യാത്രതിരിച്ചത്. വഴിമധ്യേ പ്രമുഖ സഹാബിമാരായ ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, ഇബ്നു സുബൈർ رضي الله عنهم എന്നിവർ കൂഫക്കാരുടെ വഞ്ചനയെക്കുറിച്ച് അദ്ദേഹത്തെ ശക്തമായി മുന്നറിയിപ്പ് നൽകിയിരുന്നു.
മൂന്നാമതായി, കൂഫയിലെത്തിയപ്പോൾ കൂഫക്കാർ അദ്ദേഹത്തെ വഞ്ചിച്ചുവെന്നും യസീദിന് ബൈഅത്ത് നൽകിയിരുന്നുവെന്നും കൂഫ യസീദിന്റെ ഭരണത്തിൻ കീഴിലായിരുന്നുവെന്നും വ്യക്തമായി. ഈ യാഥാർത്ഥ്യം മുമ്പേ അറിഞ്ഞിരുന്നുവെങ്കിൽ യസീദിന് ബൈഅത്ത് ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം മുന്നോട്ടുവെച്ച ഉപാധികളിൽ നിന്ന് വ്യക്തമാണ്. (താരീഖുത്ത്വബരി 4/313).
ഹുസൈൻ رضي الله عنه യുദ്ധം ആവശ്യപ്പെട്ടില്ല. മറിച്ച്, തന്നെ മദീനയിലേക്ക് മടങ്ങാൻ അനുവദിക്കുകയോ, അതിർത്തിയിലേക്ക് പോകാൻ അനുവദിക്കുകയോ, അല്ലെങ്കിൽ യസീദിന്റെ അടുക്കൽ പോയി നേരിട്ട് സംസാരിക്കാൻ അനുവദിക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. (താരീഖുത്ത്വബരി 4/313; അൽ-ബിദായ വൻ-നിഹായ).
ഇതിൽ നിന്ന് യസീദ് ഭരണാധികാരിയായിരുന്നുവെന്നും, സാഹചര്യം മുമ്പേ വ്യക്തമായിരുന്നുവെങ്കിൽ ഹുസൈൻ رضي الله عنه അതിനെ എതിർക്കാതെ അ൦ഗീകരിക്കുമായിരുന്നു എന്നതും.
എന്നാൽ ഉബൈദുല്ലാഹ് ഇബ്നു സിയാദ് അദ്ദേഹത്തിന്റെ ഈ നിർദേശങ്ങളൊന്നും അംഗീകരിച്ചില്ല. ഉപാധികളില്ലാതെ കീഴടങ്ങാൻ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജീവന് ഭീഷണിയുണ്ടായതിനാൽ സ്വയം പ്രതിരോധിക്കുകയല്ലാതെ ഹുസൈൻ رضي الله عنه ന് മറ്റൊരു മാർഗമുണ്ടായിരുന്നില്ല. അങ്ങനെയാണ് കർബലയിലെ മഹാദുരന്തം സംഭവിച്ചത്.
ശ്രദ്ധേയമായ മറ്റൊരു കാര്യം, ഹുസൈൻ رضي الله عنه യെ കൂഫയിലേക്ക് ക്ഷണിച്ചവരും പിന്നീട് അദ്ദേഹത്തെ കൈവിട്ടവരും കൂഫയിലെ ശിയാക്കളായിരുന്നു. കർബലയിലെ ഈ വഞ്ചന ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിനാൽ കർബലയെ അഹ്ലുസ്സുന്നയും അഹ്ലുൽ ബൈത്തും തമ്മിലെ സംഘർഷമായി അവതരിപ്പിക്കുന്നത് ചരിത്രപരമായി ശരിയല്ല.
അഹ്ലുസ്സുന്ന വൽജമാഅ അഹ്ലുൽ ബൈത്തിനെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ചരിത്രത്തെ രാഷ്ട്രീയ അജണ്ടകൾക്കനുസരിച്ച് പുനർനിർമിക്കുന്നത് സത്യാന്വേഷണത്തിന്റെ മാർഗമല്ല.
കർബല ഒരു വലിയ ദുരന്തമാണ്. പക്ഷേ അതിനെ അടിസ്ഥാനമാക്കി മുഴുവൻ അഹ്ലുസ്സുന്നയെയും "മുആവിയൻ മതം" എന്ന് വിളിക്കുന്നത് ചരിത്രത്തോടും മുസ്ലിംകളുടെ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണ്.
താഴെ ശിയാക്കളുടെ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ തെളിവ്, ഹുസൈൻ رضي الله عنه വിനെ ചതിച്ചതും കൊന്നതും ശിയാക്കളാണ് :
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment