ഒരു ക്രൈസ്തവന്റെ ചോദ്യം: അല്ലാഹുവിൽ വിശ്വസിക്കാത്തതുകൊണ്ട് മാത്രം അവരെ ശിക്ഷിക്കുന്നത് നീതിയാണോ?
ഒരു ക്രൈസ്തവന്റെ ചോദ്യം: അല്ലാഹുവിൽ വിശ്വസിക്കാത്തതുകൊണ്ട് മാത്രം അവരെ ശിക്ഷിക്കുന്നത് നീതിയാണോ?
ഒരു ക്രൈസ്തവൻ അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ അല്ലാഹുവിന്റെ വചനങ്ങൾ ഉദ്ധരിച്ച് ചോദിച്ചത് :
അല്ലാഹു പറഞ്ഞു:
" സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം, നീ അവരെ താക്കീത് ചെയ്താലും ഇല്ലെങ്കിലും ഒരുപോലെയാണ്; അവർ വിശ്വസിക്കുകയില്ല. അല്ലാഹു അവരുടെ ഹൃദയങ്ങളിലും അവരുടെ കേൾവിയിലും മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകൾക്ക് മീതെ ഒരു മറയുണ്ട്. അവർക്ക് കഠിനമായ ശിക്ഷയുണ്ട്."
(ഖുർആൻ 2:6–7).
ഇതെന്താണ് ഇങ്ങനെ?.
മുസ്ലിമിന്റെ അല്ലാഹു ചിലരുടെ ഹൃദയം കഠിനമാക്കും, കാതും കണ്ണും ഒക്കെ അടച്ചുകളയും.
അവർക്ക് അല്ലാഹുവിൽ വിശ്വസിക്കാൻ കഴിവ് കൊടുക്കില്ല, അഥവാ ഹിദായത്ത് അല്ലാഹു കൊടുക്കില്ല.
എന്നിട്ട് ഹിദായത്ത് ഇല്ലാ എന്നും പറഞ്ഞു നരകത്തിലിട്ട് അല്ലാഹു അവനെ നിരന്തരം പൊരിച്ചു വറുക്കും.
അതെ, സംശയം ചോദിച്ചാലും തെറി മാത്രമേ പറയു എന്നറിയാം...
എന്നാലും ആരെങ്കിലും ഉത്തരം തന്നെങ്കിൽ എന്നോർത്ത് ചോദിക്കുവാണേ,,,,,".
എൻ്റെ മറുപടി:
" ഈ ആയത്തുകൾ സന്ദർഭത്തിൽ നിന്ന് വേർപെടുത്തി വായിച്ചതുകൊണ്ടാണ് ഈ സംശയം ഉണ്ടായത്.
ഖുർആൻ ഒരിടത്തും, "നിരപരാധിയായ ഒരാളുടെ ഹൃദയം അല്ലാഹു ആദ്യം അടച്ചുപൂട്ടുന്നു; പിന്നീട് അവനെ ശിക്ഷിക്കുന്നു" എന്ന് പറയുന്നില്ല.
മറിച്ച്, ഖുർആൻ ആവർത്തിച്ച് പറയുന്നത് ഇതാണ്:
അല്ലാഹു പറഞ്ഞു :
- "അവർ സന്മാർഗത്തിൽ നിന്ന് വ്യതിചലിച്ചപ്പോൾ, അല്ലാഹു അവരുടെ ഹൃദയങ്ങളെ വ്യതിചലിപ്പിച്ചു." (61:5).
- "അവർ അവരുടെ ഉടമ്പടി ലംഘിച്ചതിനാൽ നാം അവരുടെ ഹൃദയങ്ങളെ കഠിനമാക്കി." (5:13).
- "അവർ ആദ്യമായി വിശ്വസിക്കാതിരുന്നതുപോലെ നാം അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും മറിച്ചുകളയും." (6:110).
അതായത്, പാപം തിരഞ്ഞെടുക്കുന്നത് മനുഷ്യനാണ്; അതിന് ശേഷമുള്ള ശിക്ഷയായിട്ടാണ് അല്ലാഹു അവന്റെ ഹൃദയത്തിന് മുദ്രവെക്കുന്നത്.
ഖുർആൻ മറ്റൊരു സ്ഥലത്ത് പറയുന്നു:
"അല്ലാഹു ആരോടും അനീതി ചെയ്യുന്നില്ല. അവർ തന്നെയാണ് സ്വന്തത്തോട് അനീതി ചെയ്യുന്നത്."
(10:44).
വീണ്ടും പറയുന്നു:
"നാം ഒരു ജനതയുടെ അവസ്ഥ മാറ്റുകയില്ല; അവർ സ്വയം മാറ്റുന്നതുവരെ."
(13:11).
അതുപോലെ:
"അല്ലാഹു ഒരു ആത്മാവിനും അതിന്റെ കഴിവിനപ്പുറം ബാധ്യത ചുമത്തുന്നില്ല."
(2:286).
അതുകൊണ്ട് 2:6–7 വചനങ്ങൾ സത്യം വ്യക്തമായി അറിഞ്ഞിട്ടും അഹങ്കാരത്തോടെയും പിടിവാശിയോടെയും നിരന്തരം നിഷേധിച്ചവരെക്കുറിച്ചാണ്.
അവർ സ്വയം തിരഞ്ഞെടുത്ത വഴിയുടെ ഫലമായാണ് അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചത്. അത് കാരണമല്ല; അവരുടെ നിരന്തര നിഷേധത്തിന്റെ ഫലമാണ്.
അതുകൊണ്ട് ഖുർആൻ പഠിപ്പിക്കുന്നത്:
അല്ലാഹു ആരെയും കാരണമില്ലാതെ വഴിതെറ്റിക്കുകയോ പിന്നീട് അതിന്റെ പേരിൽ ശിക്ഷിക്കുകയോ ചെയ്യുന്നില്ല.
മനുഷ്യൻ സത്യത്തെ മനഃപൂർവം നിരസിക്കുകയും, അതിൽ ഉറച്ചുനിൽക്കുകയും ചെയ്തതിനുശേഷമാണ് അല്ലാഹുവിന്റെ ശിക്ഷയും ഹൃദയത്തിന് മുദ്രവെക്കലും സംഭവിക്കുന്നത് ".
പിന്നീട് ക്രൈസ്തവൻ പ്രതികരിച്ചിട്ടില്ല.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment