ഒരു ഹദീസ് നിഷേധിയുടെ ചോദ്യം: ഇമാം ബുഖാരിയുടെ മാനദണ്ഡത്തെ ദൈവിക മാനദണ്ഡമായി അംഗീകരിക്കാൻ ഖുർആനിൽ വ്യക്തമായ തെളിവ് എവിടെയാണ്?

ഒരു ഹദീസ് നിഷേധിയുടെ ചോദ്യം: ഇമാം ബുഖാരിയുടെ മാനദണ്ഡത്തെ ദൈവിക മാനദണ്ഡമായി അംഗീകരിക്കാൻ ഖുർആനിൽ വ്യക്തമായ തെളിവ് എവിടെയാണ്?

ഹദീസ് നിഷേധി :

ഇമാം ബുഖാരി ശേഖരിച്ചുവെന്ന് പറയപ്പെടുന്ന ലക്ഷക്കണക്കിന് റിപ്പോർട്ടുകളിൽ നിന്ന് ഏതാനും ആയിരം മാത്രം സ്വീകരിക്കുകയും ബാക്കിയുള്ളവ നിരസിക്കുകയും ചെയ്തു. ആ തീരുമാനം എടുത്തത് അല്ലാഹുവോ റസൂലോ അല്ല; ഒരു മനുഷ്യനാണ്. 

ദീനിൽ പ്രമാണമായി സ്വീകരിക്കേണ്ടത് ഏതൊക്കെയാണെന്ന് തീരുമാനിക്കാനുള്ള അധികാരം അല്ലാഹു ബുഖാരിക്ക് നൽകിയിട്ടുണ്ടോ?

ഇത് അല്ലാഹു വെളിപ്പെടുത്തിയതാണോ, അതോ ഒരു മനുഷ്യന്റെ ഗവേഷണമാണോ? മനുഷ്യന്റെ ഗവേഷണമാണെങ്കിൽ അത് ബഹുമാനിക്കാം; പക്ഷേ ദൈവിക പ്രമാണമാക്കാൻ കഴിയില്ല.

9:100-ൽ അല്ലാഹു "നന്മയിൽ അവരെ (സ്വഹാബികളെ )പിന്തുടർന്നവർ" (بِإِحْسَانٍ) എന്നാണ് പറഞ്ഞത്. സ്വഹാബികളെ അന്ധമായി പിന്തുടരുക എന്നല്ല; നന്മയിൽ പിന്തുടരുക എന്നാണ്. അതുകൊണ്ടുതന്നെ സ്വഹാബികൾക്കിടയിൽ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളിൽ ആരെയാണ് പിന്തുടരേണ്ടത് എന്ന് ഖുർആൻ പറയുന്നത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കാനാണ് (4:59).

4:115 ൽ "വിശ്വാസികളുടെ വഴി" എന്ന് പറയുന്നുണ്ട്. എന്നാൽ ആ വഴി തിരിച്ചറിയാനുള്ള മാനദണ്ഡം ഖുർആനാണ്; പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ഒരു വ്യക്തി തയ്യാറാക്കിയ സമാഹാരമല്ല.

ചിലർ പറയുന്നത് ഖുർആൻ സ്വഹാബികൾ വഴിയാണ് വന്നത്; അതിനാൽ ഹദീസും അതേപോലെ സ്വീകരിക്കണം". ഈ വാദം ശരിയല്ല.

ഖുർആൻ മുഴുവൻ സമൂഹത്തിന്റെ നിരന്തര പാരായണത്തിലൂടെയും (mutawātir) സംരക്ഷിക്കപ്പെട്ടു. ഹദീസുകൾ അങ്ങനെ സംരക്ഷിക്കപ്പെട്ടിട്ടില്ല. 

അതിനാൽ :

ബുഖാരിയുടെ മാനദണ്ഡത്തെ ദൈവിക മാനദണ്ഡമായി അംഗീകരിക്കാൻ ഖുർആനിലോ അല്ലാഹുവിന്റെ വഹിയിലോ വ്യക്തമായ തെളിവ് എവിടെയാണ്?

ഇസ്‌ലാമിനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണ് —

ഹദീസ് എന്നറിയപ്പെടുന്ന പ്രവാചകവചനങ്ങളും പ്രവൃത്തിവിവരണങ്ങളും

ഇസ്‌ലാമിൽ ദൈവിക പ്രമാണത്തിന്റെ നിലയിലാണോ, അല്ലെങ്കിൽ ചരിത്രരേഖകളുടെ പരിധിയിലാണോ നിലകൊള്ളുന്നത്?

ഒരു മതത്തെ ബൗദ്ധികമായി ന്യായമായി വിലയിരുത്താൻ അത് സ്വയം ഏത് ഗ്രന്ഥത്തെ തന്റെ അടിസ്ഥാനമായി പ്രഖ്യാപിക്കുന്നു എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.

ഇസ്‌ലാമിന്റെ കാര്യത്തിൽ, അന്ത്യ പ്രവാചകനായ മുഹമ്മദ് നബി മുഖേന മനുഷ്യർക്കു ലഭിച്ച ദിവ്യ സന്ദേശം പരിശുദ്ധ ഖുർആൻ ആണെന്ന് ഖുർആൻ തന്നെ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.

വിശ്വാസത്തിന്റെയും നിയമത്തിന്റെയും കേന്ദ്രമായി ഖുർആനെ അവതരിപ്പിക്കുന്ന ഈ അവകാശവാദത്തിന്റെ പശ്ചാത്തലത്തിൽ, പിൽകാലത്ത് മനുഷ്യർ ശേഖരിച്ച ഹദീസുകൾക്ക് എത്രത്തോളം മതാധികാരം നൽകാം എന്നതാണ്.

അതിനാൽ, ഈ ലേഖനം ഹദീസുകളെ അപമാനിക്കാനോ അവഗണിക്കാനോ അല്ല; പകരം, ഖുർആൻ സ്വയം നൽകുന്ന മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ ഹദീസുകളുടെ സ്ഥാനം പ്രമാണമോ ചരിത്രമോ എന്ന നിലയിൽ വിമർശനാത്മകമായി പരിശോധിക്കുകയാണ് ലക്ഷ്യം.

ഹദീസുകൾ മതപ്രമാണമാണെങ്കിൽ — ആരുടെ തീരുമാനമാണ് നിർണായകം?

ഹദീസുകൾ ഇസ്‌ലാമിന്റെ ദൈവിക പ്രമാണമാണെന്ന വാദം അംഗീകരിച്ചാൽ, ഒരു അടിസ്ഥാന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല:

ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമായി മുസ്‌ലിം ഭൂരിപക്ഷം പൊതുവിൽ അംഗീകരിക്കുന്ന ഗ്രന്ഥം ആണല്ലോ സ്വഹിഹുൽ ബുഖാരി. എന്നാൽ ഇമാം ബുഖാരി ശേഖരിച്ചുവെന്ന് പറയപ്പെടുന്ന ലക്ഷക്കണക്കിന് ഹദീസുകളിൽ,
അദ്ദേഹം തള്ളിക്കളഞ്ഞ അഞ്ചു ലക്ഷത്തിലധികം ഹദീസുകളിലെ മതനിയമങ്ങൾ നമുക്ക് ബാധകമല്ലെന്ന് തീരുമാനിച്ചത് ആര്?

ഈ തീരുമാനം എടുത്തത്

അല്ലാഹുവോ? — അല്ല.

റസൂലോ? — അല്ല.

ആ തീരുമാനം എടുത്തത്

ഇമാം ബുഖാരി എന്ന ഒരു മനുഷ്യനാണ്.

ഇവിടെ പ്രശ്നം വ്യക്തമാണ്.

ഒരു ഹദീസ് “ദൈവിക മതനിയമത്തിന്റെ ഉറവിടം” ആണെങ്കിൽ, അത് സ്വീകരിക്കണമോ നിരസിക്കണമോ എന്ന അന്തിമ അധികാരം മനുഷ്യർക്കുണ്ടാകാൻ പാടില്ല.

“നിയമനിർമ്മാണത്തിൽ അവർക്കു വല്ല പങ്കാളികളുമുണ്ടോ?”

(ഖുർആൻ 42:21).

അല്ലാഹു സംരക്ഷിച്ചത് എന്താണ്?

അല്ലാഹു ഉറപ്പ് നൽകിയിരിക്കുന്നത്

ഖുർആനിന്റെ സംരക്ഷണത്തിനാണ്:

“ഈ സ്മരണ (ഖുർആൻ) നാമാണ് ഇറക്കിയത്; അതിനെ സംരക്ഷിക്കുന്നതും നാമാണ് .”

(15:9).

ഹദീസുകളെക്കുറിച്ച് അല്ലാഹു എവിടെയും ഇതുപോലൊരു ഉറപ്പ് നൽകുന്നില്ല.

അതുകൊണ്ടുതന്നെ, ഹദീസ് ശേഖരണത്തിൽ മനുഷ്യ ഇടപെടൽ ഉണ്ടായി. സ്വീകരണം / നിരസണം മനുഷ്യ നിർണയമായി മാറി.

അല്ലാഹു നിശ്ചയിച്ച മതം ഒരു മനുഷ്യന്റെ തിരഞ്ഞെടുപ്പുകളിൽ ആശ്രയിച്ചിരിക്കില്ല. അതുകൊണ്ട്, ഹദീസുകൾ ദൈവിക അധികാരമുള്ള പ്രമാണമാകാൻ കഴിയില്ല.

ദൈവിക പ്രമാണമായി നിലകൊള്ളുന്നത് അല്ലാഹു സംരക്ഷിച്ച ഖുർആൻ മാത്രമാണ്.

ഹദീസുകൾ ദൈവികമായി ബാധകമായ മതപ്രമാണങ്ങളല്ലെന്ന നിലപാട് ഹദീസ് സാഹിത്യത്തിന് യാതൊരു മൂല്യവും ഇല്ല എന്ന അർത്ഥത്തിലല്ല .

മറിച്ച്, ഖുർആൻ തന്നെയാണ് അത്തരം മനുഷ്യരേഖകൾ എന്തെല്ലാം പരിധിയിൽ ഉപയോഗപ്പെടുത്താം എന്ന് വ്യക്തമായി നിർദ്ദേശിക്കുന്നത്.

ഒരു ഹദീസ് സ്വീകരിക്കപ്പെടാനുള്ള ഏക മാനദണ്ഡം ഇതാണ്:

അത് ഖുർആനോട് പൂർണ്ണമായി പൊരുത്തപ്പെടുന്നുണ്ടോ?

ഖുർആനോട് വിരുദ്ധമായ ഹദീസ് → നിരസിക്കണം

ഖുർആനിൽ ഇല്ലാത്ത നിയമങ്ങൾ സൃഷ്ടിക്കുന്ന ഹദീസ് → നിരസിക്കണം

അല്ലാഹുവിനെയോ പ്രവാചകനെയോ അപമാനിക്കുന്ന ഹദീസ് → നിരസിക്കണം

ഖുർആൻ ആണ് മീസാൻ (തുലാസ്സ്).

ഹദീസ് ആ തുലാസ്സിൽ തൂക്കപ്പെടേണ്ടതാണ് —

തുലാസ്സിനെ മാറ്റിസ്ഥാപിക്കാനല്ല.

ഹദീസുകൾ ഒരിക്കലും മതാധികാരമാകില്ല.

മാർഗ്ഗനിർദ്ദേശത്തിന് ഖുർആൻ മാത്രം മതി.

റസൂലിന്റെ സുന്നത്ത് എന്നത് അദ്ദേഹം അനുസരിച്ച ദൈവിക മാർഗ്ഗം തന്നെയാണ്. ഖുർആൻ പറയുന്നു:

"എനിക്ക് വെളിപ്പെടുത്തപ്പെടുന്നതിനെ മാത്രമാണ് ഞാൻ പിന്തുടരുന്നത്."

(46:9).

അതിനാൽ റസൂലിന്റെ സുന്നത്തിന്റെ അടിസ്ഥാനവും മാനദണ്ഡവും ഖുർആനാണ്.

ഖുർആന്റെ സംരക്ഷണത്തിന് അല്ലാഹുവിന്റെ ഉറപ്പുണ്ട് (15:9); ഹദീസുകൾക്ക് അത്തരം ഉറപ്പ് ഖുർആനിൽ ഇല്ല.

4:59-ൽ "അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക" എന്ന് പറയുന്നു. റസൂൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിങ്കലേക്കാണ്. ഇന്ന് അദ്ദേഹം കൈമാറിയ സംരക്ഷിത വെളിപാടായ ഖുർആനിലേക്കാണ്. ആയത്ത് "ബുഖാരിയിലേക്കോ മുസ്ലിമിലേക്കോ മടങ്ങുക" എന്ന് പറയുന്നില്ല.

നമസ്കാരവും ഹജ്ജും സംബന്ധിച്ച ചോദ്യങ്ങൾ പലപ്പോഴും ഉയർത്താറുണ്ട്. എന്നാൽ അത് ഹദീസ് ഗ്രന്ഥങ്ങൾക്ക് ഖുർആനിന് തുല്യമായ ദൈവിക പ്രമാണപദവി തെളിയിക്കുന്നില്ല. ഒരു പ്രായോഗിക പാരമ്പര്യം ഉണ്ടായിരിക്കാം; അതിൽ നിന്ന് എല്ലാ ഹദീസ് സമാഹാരങ്ങളും ദൈവിക നിയമസ്രോതസ്സാകുന്നു എന്ന നിഗമനം വരില്ല.

പിന്നീട് മനുഷ്യർ സമാഹരിക്കുകയും മനുഷ്യർ സഹീഹ്/ദഈഫ് എന്ന് വർഗ്ഗീകരിക്കുകയും ചെയ്ത ഹദീസ് ഗ്രന്ഥങ്ങൾ ഖുർആനിന് തുല്യമായ ദൈവിക മതപ്രമാണമാണെന്ന് വ്യക്തമായി പറയുന്ന ഒരു ഖുർആൻ ആയത്ത് കാണിക്കാമോ?

അതാണ് ഈ ചർച്ചയുടെ കേന്ദ്രചോദ്യം.

ഖുർആനിന് പുറമെ, ദീനിൽ ബാധകമായ ആധികാരിക സുന്നത്ത് ഏതാണെന്ന് നിർണയിക്കാനുള്ള ദൈവിക മാനദണ്ഡം എന്താണ്?

അതിനാൽ എന്റെ ചോദ്യം :

കാരണം ദൈവിക ദീൻ മനുഷ്യരുടെ വ്യത്യസ്ത ഹദീസ്-വിലയിരുത്തലുകളെ ആശ്രയിക്കുന്നതാണെങ്കിൽ, അന്തിമ നിർണായകൻ അല്ലാഹുവല്ല, മനുഷ്യനായി മാറും. അതാണ് ഞാൻ ഉന്നയിക്കുന്ന അടിസ്ഥാന ചോദ്യം.

എൻ്റെ മറുപടി:

ഖുർആൻ നമ്മോട് സഹാബികളെ പിന്തുടരാൻ കല്പിക്കുന്നു.

അല്ലാഹു പറയുന്നു:

«"ആദ്യമായി മുൻ കടന്നു വന്നവർ മുഹാജിറുകളും അൻസാറുകളും, അവരെ നന്മയിൽ ക്രിത്യമായി പിന്തുടർന്നവരും — അല്ലാഹു അവരിൽ ത്രിപ്തിപ്പെട്ടിരിക്കുന്നു, അവരും അല്ലാഹുവിൽ ത്രിപ്തിപ്പെട്ടിരിക്കുന്നു ."

(അത്ത്-തൗബ 9:100)»

അതിനാൽ, ഖുർആൻ കല്പിക്കുന്നത് സ്വഹാബികളെ നന്മയിൽ ക്രിത്യമായി പിന്തുടരാനാണ്.

അതോടൊപ്പം അല്ലാഹു മുന്നറിയിപ്പ് നൽകുന്നു:

«"ആരെങ്കിലും സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷം റസൂലിനെ എതിർക്കുകയും വിശ്വാസികളുടെ വഴിയല്ലാത്ത വഴി പിന്തുടരുകയും ചെയ്താൽ, അവൻ തിരഞ്ഞെടുത്ത വഴിയിലേക്ക് അവനെ വിട്ടുകൊടുക്കുകയും നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അത് എത്ര മോശമായ അന്ത്യം!"

(അന്നിസാഅ് 4:115)».

ഇവിടെ "വിശ്വാസികളുടെ വഴി" എന്ന് ആദ്യമായി ഉദ്ദേശിക്കുന്നത് നബി ﷺയുടെ സ്വഹാബികളുടെ വഴിയാണ്. അതുകൊണ്ടാണ് ഈ ആയത്ത് സ്വഹാബികളുടെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്നത്. നരകത്തിൽ കത്തിച്ചു കളയും.

അതിനാൽ, ഞങ്ങൾ ഇമാം ബുഖാരിയെ അന്ധമായി പിന്തുടരുന്നില്ല. ഞങ്ങൾ പിന്തുടരുന്നത് ഖുർആൻ കല്പിച്ച സ്വഹാബികളുടെ വഴിയാണ്. 

ഇമാം ബുഖാരിയും മറ്റു മുഹദ്ദിസുകളും ചെയ്ത സേവനം, സ്വഹാബികൾ കൈമാറിയ നബി ﷺയുടെ സുന്നത്തിൽ നിന്ന് ആധികാരികമായത് തിരിച്ചറിഞ്ഞ് സംരക്ഷിക്കുകയായിരുന്നു; പുതിയ മതം നിർമ്മിക്കുകയായിരുന്നില്ല.

ഖുർആൻ നമ്മിലേക്ക് എത്തിയത് ആരിലൂടെയാണ്? മനുഷ്യരായ സ്വഹാബികൾ  മുഖേനയല്ലേ? അതേ വിശ്വസ്തരായ ആളുകളാണ് നബി ﷺയുടെ സുന്നത്തും കൈമാറിയത്.

ഖുർആൻ കൈമാറിയ മനുഷ്യരെ വിശ്വസിക്കുകയും, അതേ ആളുകൾ കൈമാറിയ സുന്നത്ത് വന്നാൽ "ഇത് മനുഷ്യരുടെ പരിശോധന മാത്രമാണ്" എന്ന് പറയുകയും ചെയ്യുന്നത് യുക്തിസഹമല്ല.

ഞങ്ങൾ ഒരിക്കലും "ഇമാം ബുഖാരിക്ക് ദീനിൽ പ്രമാണം നിർണ്ണയിക്കാനുള്ള അധികാരം അല്ലാഹു നൽകി" എന്ന് പറയുന്നില്ല. ഇമാം ബുഖാരി ദീനിൽ പുതിയൊരു പ്രമാണം സൃഷ്ടിച്ചിട്ടില്ല. 

ഹദീസ് ഗ്രന്ഥങ്ങൾ ഖുർആനിന് തുല്യമായ ദൈവിക മതപ്രമാണമാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല.


പ്രമാണം ഇമാം ബുഖാരിയല്ല; നബി ﷺയുടെ സുന്നത്താണ്. ഇമാം ബുഖാരി ആ സുന്നത്തിലേക്കുള്ള വിശ്വസനീയമായ ഒരു മാർഗമാണ്.

നിങ്ങൾ ഖുർആൻ സ്വീകരിക്കുന്നത്, അല്ലാഹു "ഉഥ്മാൻ മുസ്ഹഫ്" എന്ന പേരോ, ഓരോ ഖാരിയുടെ പേരോ ഖുർആനിൽ പറഞ്ഞതുകൊണ്ടാണോ? അല്ല. ഖുർആൻ വിശ്വസനീയമായി നമ്മിലേക്ക് എത്തിച്ച സ്വഹാബിമാരെ നിങ്ങൾ സ്വീകരിക്കുന്നു. അതേ ഉസൂൽ തന്നെയാണ് സുന്നത്തിലും.

4:115 ആയത്ത് സ്വഹാബികളുടെ വഴിയെ പിന്തുടരാൻ കല്പിക്കുന്നു. എന്നാൽ ഇന്ന് സ്വഹാബികളുടെ വഴി നിങ്ങൾ എങ്ങനെ അറിയും? അവർ നബി ﷺയിൽ നിന്ന് എന്ത് പഠിപ്പിച്ചു, എങ്ങനെ നിസ്കരിച്ചു, എങ്ങനെ സകാത്ത് നൽകി, എങ്ങനെ ഹജ്ജ് ചെയ്തു എന്നെല്ലാം അറിയാനുള്ള  മാർഗം അവർ കൈമാറിയ ഹദീസുകളും ആഥാറുകളുമാണ്. അവയെ തള്ളിക്കളഞ്ഞിട്ട് "ഞാൻ സ്വഹാബികളുടെ വഴിയിലാണ്" എന്ന് പറയുന്നത് സ്വയംവിരുദ്ധമാണ്.

നിങ്ങൾ 4:59 ഉദ്ധരിക്കുന്നു. ശരിയാണ്. അഭിപ്രായവ്യത്യാസമുണ്ടായാൽ അല്ലാഹുവിലേക്കും റസൂലിലേക്കും മടങ്ങണം. എന്നാൽ നബി ﷺയുടെ വഫാത്തിന് ശേഷം റസൂലിലേക്കെങ്ങനെ മടങ്ങും?

അദ്ദേഹത്തിൽ നിന്ന് ആധികാരികമായി കൈമാറപ്പെട്ട സുന്നത്തിലൂടെയല്ലാതെ മറ്റെന്ത് മാർഗമുണ്ട്?

"ഖുർആൻ മുതവാതിറാണ്, ഹദീസ് അല്ല" എന്ന വാദവും അപൂർണ്ണമാണ്. എല്ലാ ഹദീസുകളും ആഹാദ് അല്ല; മുതവാതിർ ഹദീസുകളും ഉണ്ട്. അതുപോലെ, ആഹാദ് റിപ്പോർട്ടുകൾ സ്വീകാര്യമാണെന്ന് സ്വഹാബിമാരും താബിഉകളും പ്രായോഗികമായി തെളിയിച്ചിട്ടുണ്ട്. നബി ﷺ ഒരേയൊരു സ്വഹാബിയെ ഒരു പ്രദേശത്തേക്ക്  അയച്ചാൽ, അദ്ദേഹം കൊണ്ടുവന്ന സുന്നത്ത് അവിടെയുള്ളവർ സ്വീകരിച്ചിരുന്നു. "ഇത് മുതവാതിർ അല്ല" എന്ന് പറഞ്ഞ് അവർ നിരസിച്ചിരുന്നില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്:

ഹദീസിന്റെ ആധികാരികത പരിശോധിക്കുന്ന രീതി ഇമാം ബുഖാരി കണ്ടുപിടിച്ചതല്ല. അതിന്റെ അടിസ്ഥാനം സ്വഹാബികളിൽ നിന്നുതന്നെയാണ് ആരംഭിച്ചത്. അവർ ഒരു ഹദീസ് കേട്ടാൽ സ്ഥിരീകരണം തേടുകയും, ആവശ്യമെങ്കിൽ മറ്റൊരു സ്വഹാബിയോട് സാക്ഷ്യം ചോദിക്കുകയും, അത് വിവരിച്ച വ്യക്തിയുടെ വിശ്വാസ്യത പരിഗണിക്കുകയും ചെയ്തിരുന്നു. ഇമാം ബുഖാരിയും മറ്റു മുഹദ്ദിസുകളും സ്വഹാബികളുടെ അതേ രീതിയെ അതീവ കൃത്യതയോടെ പിന്തുടർന്നു.
അവർ പുതിയൊരു മത തത്വം കൊണ്ടുവന്നതല്ല.

അതിനാൽ, "അല്ലാഹു ബുഖാരിക്ക് അധികാരം നൽകിയോ?" എന്ന ചോദ്യം പ്രസക്തമല്ല. യഥാർത്ഥ ചോദ്യം ഇതാണ് :

നബി ﷺയുടെ സുന്നത്ത് സ്വഹാബിമാർ എങ്ങനെ സംരക്ഷിച്ചു? ആ സംരക്ഷിക്കപ്പെട്ട സുന്നത്ത് ഇന്ന് എവിടെയാണ് ലഭിക്കുന്നത്?

അതിന് ഹദീസ് വിജ്ഞാനത്തെ ഒഴിവാക്കി  ഒരു മറുപടി നൽകാൻ കഴിയുമെങ്കിൽ ദയവായി നൽകുക. കാരണം, ഹദീസ് നിരസിച്ചുകൊണ്ട് തന്നെ സ്വഹാബികളുടെ വഴി അറിയാമെന്ന് അവകാശപ്പെടുന്നത് തെളിവില്ലാത്ത അവകാശവാദം മാത്രമാണ്.

നബി ﷺയുടെ സുന്നത്ത് ഇന്ന് എങ്ങനെ അറിയാം?

"അഞ്ച് ലക്ഷം ഹദീസുകൾ തള്ളിക്കളഞ്ഞു" എന്ന് പറയുന്നത് തന്നെ ഹദീസ് വിജ്ഞാനത്തിന്റെ ശക്തിക്കുള്ള തെളിവാണ്; ദൗർബല്യത്തിനല്ല. എല്ലാം സ്വീകരിക്കാതെ, കർശനമായി പരിശോധിച്ചാണ് സ്വീകരിച്ചത്.

ഹദീസിന്റെ ആധികാരികത പരിശോധിക്കുന്ന രീതി  ആരംഭിച്ചത് ഇമാം ബുഖാരിയല്ല.

സ്വഹാബികൾ തന്നെയാണ്.

ഒരു ഹദീസ് കേട്ടാൽ അവർ സ്ഥിരീകരണം തേടുമായിരുന്നു. ആവശ്യമെങ്കിൽ മറ്റൊരു സ്വഹാബിയോട് സാക്ഷ്യം ചോദിക്കുമായിരുന്നു. റാവിയുടെ വിശ്വാസ്യത പരിഗണിക്കുമായിരുന്നു. പിന്നീട് വന്ന മുഹദ്ദിസുകൾ ഈ രീതി തന്നെ പിൻതുടർന്നു. പുതിയ മതം ഉണ്ടാക്കിയതല്ല; സ്വഹാബികളുടെ രീതിയെ സംരക്ഷിക്കുകയായിരുന്നു.

ഖുർആൻ നമ്മിലേക്ക് എത്തിച്ചത് സ്വഹാബികൾ.

ഹദീസുകൾ നമ്മിലേക്ക് എത്തിച്ചത് അതേ സ്വഹാബികൾ.

ഖുർആൻ കൊണ്ടുവന്ന അതേ സ്വഹാബികൾ ഹദീസ് കൊണ്ടുവന്നപ്പോൾ മാത്രം അവർ വിശ്വാസയോഗ്യരല്ലെന്ന് പറയുന്നത് എന്ത് യുക്തിയാണ്?

ഖുർആൻ മാത്രം മതി എന്ന് പറയുമ്പോൾ, ഖുർആൻ തന്നെ എന്താണ് പറയുന്നത്?

«"നിങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായാൽ അത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക." (4:59)»

നബി ﷺയുടെ വഫാത്തിന് ശേഷം റസൂലിലേക്കെങ്ങനെ മടങ്ങും? അദ്ദേഹത്തിന്റെ ആധികാരിക സുന്നത്തിലൂടെയല്ലാതെ മറ്റെന്ത് മാർഗമുണ്ട്?

"15:9-ൽ ഖുർആൻ മാത്രമാണ് സംരക്ഷിക്കപ്പെട്ടത്" എന്ന വാദം.

15:9-ൽ "അദ്ദിക്ര്" സംരക്ഷിക്കുമെന്ന് അല്ലാഹു പറയുന്നു. അതേ ഖുർആൻ തന്നെ റസൂലിനെ അനുസരിക്കാൻ കല്പിക്കുന്നു, അദ്ദേഹം വചനങ്ങൾ വിശദീകരിക്കും എന്ന് 16:44 ൽ പറയുന്നു. അല്ലാഹു അനുസരിക്കാൻ കല്പിച്ചു,  വചനങ്ങൾ വിശദീകരിക്കും എന്ന് പറഞ്ഞ് സുന്നത്ത് പൂർണമായി നഷ്ടപ്പെടാൻ അനുവദിച്ചു എന്ന് പറയുന്നത് ഖുർആന്റെ തന്നെ കല്പനയെ അസാധ്യമാക്കുന്നു.

നിങ്ങളും "ഖുർആനോട് യോജിക്കുന്ന ഹദീസ് മാത്രം സ്വീകരിക്കും" എന്ന് പറയുന്നു. "യോജിക്കുന്നുണ്ടോ ഇല്ലയോ" എന്ന് തീരുമാനിക്കുന്നത് ആരാണ്? നിങ്ങളല്ലേ?

അപ്പോൾ നിങ്ങൾ എതിർക്കുന്ന അതേ "മനുഷ്യന്റെ വിലയിരുത്തൽ" തന്നെയാണ് നിങ്ങളുടെ രീതിയുടെയും അടിസ്ഥാനം.

എന്നാൽ വ്യത്യാസം പരലോകത്ത് ഭയാനകമാകും :

മുഹദ്ദിസുകൾക്ക് ഇസ്നാദ്, റാവികൾ, ജർഹ്-വ തഅ്ദീൽ, ഇലൽ തുടങ്ങിയ കർശനമായ ശാസ്ത്രീയ മാനദണ്ഡങ്ങളുണ്ട്, ഖുർആനിൽ പിൻപറ്റാൻ പറഞ്ഞ സഹാബികളെ പിൻപറ്റിക്കൊണ്ട്.

നിങ്ങൾക്ക് "എനിക്ക് ഖുർആനോട് യോജിക്കുന്നു എന്ന് തോന്നുന്നു/തോന്നുന്നില്ല" എന്ന വ്യക്തിപരമായ വിലയിരുത്തൽ മാത്രമാണ്. സൂക്ഷിക്കുക.

നിസ്കാരത്തിന്റെ ഓരോ റക്അത്തിലും എത്ര റുകൂഅ്? എത്ര സുജൂദ്? സുബ്ഹിന് രണ്ട് റക്അത്ത്, മഗ്‌രിബിന് മൂന്ന്, ഇശാക്ക് നാല് എന്ന് ഖുർആനിൽ എവിടെയാണ്?

"ഹജ്ജ് ചെയ്യുക" എന്ന് ഖുർആൻ പറയുന്നു. എന്നാൽ തവാഫ് എത്ര പ്രാവശ്യം? സഅ് എങ്ങനെ? ജംറാത്ത് എറിയൽ?  ഇവയുടെ പ്രായോഗിക രൂപം നബി ﷺയുടെ സുന്നത്തിലൂടെയാണ് ഉമ്മത്ത് പഠിച്ചത്.

അതുകൊണ്ട് യഥാർത്ഥ ചോദ്യം "ബുഖാരി പ്രമാണമാണോ?" എന്നല്ല.

"അല്ലാഹു അനുസരിക്കാൻ കല്പിച്ച റസൂലിന്റെ സുന്നത്ത് ഇന്ന് എവിടെ നിന്ന് അറിയാം?" എന്നതാണ്.

ആ ചോദ്യത്തിന് ഹദീസ് വിജ്ഞാനത്തെ ഒഴിവാക്കി ഇന്നുവരെ ആരും ചരിത്രപരമായോ ശാസ്ത്രീയമായോ ഒരു മറുപടി നൽകിയിട്ടില്ല.

നബി ﷺയുടെ ആധികാരിക സുന്നത്ത് ഇന്ന് എങ്ങനെ തിരിച്ചറിയും?

താങ്കൾ പറയുന്നു: "ഖുർആനിലൂടെ."

ശരി.

അപ്പോൾ ഖുർആനിൽ നിന്ന് മാത്രം താഴെ പറയുന്നവ കാണിച്ചുതരാമോ?

-  ഖുർആനിൽ 9:36 ൽ പറഞ്ഞ നാല് വിശുദ്ധ മാസങ്ങൾ ഏതൊക്കെയാണ്?
- ദുഹ്റിൽ നാല് റക്അത്ത് എന്നത്.
- ഹജ്ജിലെ ജംറാത്തിൽ ഏഴ് കല്ലുകൾ എറിയണം എന്ന്.
- ത്വവാഫ് ഏഴ് പ്രാവശ്യം 
- വിവാഹിതനല്ലാത്ത വ്യഭിചാരിക്ക് 100 ചാട്ടവാറടിയാണെന്ന് ഖുർആനിലുണ്ട്. എന്നാൽ വിവാഹിതനായ വ്യഭിചാരിയുടെ വിധി എവിടെ നിന്നാണ് അറിയുന്നത്?

"ഒരു പ്രായോഗിക പാരമ്പര്യം ഉണ്ടായിരുന്നു" എന്ന് താങ്കൾ പറയുന്നു.

അതാണ് ഞങ്ങൾ സുന്നത്ത് എന്ന് വിളിക്കുന്നത്.

ആ പാരമ്പര്യം നമുക്ക് ആരാണ് കൈമാറിയത്?

സ്വഹാബിമാർ.

അത് പിന്നീട് എവിടെയാണ് രേഖപ്പെടുത്തപ്പെട്ടത്?

ഹദീസ് ഗ്രന്ഥങ്ങളിൽ.

അതിനാൽ, "പാരമ്പര്യം സ്വീകരിക്കും; പക്ഷേ അത് രേഖപ്പെടുത്തിയ ഹദീസ് സ്വീകരിക്കില്ല" എന്നത് യുക്തിപരമായി നിലനിൽക്കാത്ത നിലപാടാണ്.

താങ്കൾ 46:9 ഉദ്ധരിക്കുന്നു:

«"എനിക്ക് വെളിപ്പെടുത്തപ്പെടുന്നതിനെ മാത്രമാണ് ഞാൻ പിന്തുടരുന്നത്."»

ഇത് താങ്കളുടെ നിലപാടിനെ സഹായിക്കുന്നില്ല; മറിച്ച് ഞങ്ങളുടെ നിലപാടിനെയാണ് ശക്തിപ്പെടുത്തുന്നത്.

കാരണം, നബി ﷺ തന്റെ ഇഷ്ടപ്രകാരം പഠിപ്പിച്ചിരുന്നില്ല; അല്ലാഹുവിന്റെ മാർഗനിർദ്ദേശപ്രകാരമാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ടാണ് ഖുർആൻ റസൂലിന്റെ അനുസരണത്തെ അല്ലാഹുവിന്റെ അനുസരണമായി പ്രഖ്യാപിക്കുന്നത് (4:80).


താങ്കൾ പറയുന്നു:

«"4:59-ൽ 'അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക' എന്ന് പറയുന്നു. റസൂൽ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിങ്കലേക്കാണ്. ഇന്ന് അദ്ദേഹം കൈമാറിയ സംരക്ഷിത വെളിപാടായ ഖുർആനിലേക്കാണ്."»

റസൂൽ ﷺ ജീവിച്ചിരുന്ന കാലത്ത് മാത്രമാണ് ഈ ആയത്ത് ബാധകമെന്ന് ആരാണ് പറഞ്ഞത്? അതിന് ഖുർആനിൽ നിന്ന് തെളിവ് നൽകുക.

മാത്രമല്ല, അന്നും, ഇന്നും ഖുർആനിലേക്കാണ് മടങ്ങേണ്ടതെങ്കിൽ, അല്ലാഹു "അല്ലാഹുവിലേക്കു മടക്കുക" എന്ന് മാത്രമാണ് പറയേണ്ടത് , "റസൂലിലേക്കും" എന്ന് പ്രത്യേകം പറയാൻ പാടില്ല.

പിന്നെ, "ബുഖാരിയിലേക്കോ മുസ്ലിമിലേക്കോ മടങ്ങുക" എന്ന് ആരാണ് പറഞ്ഞത്? അങ്ങനെ ഞങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തെളിവ് നൽകുക.

 "റസൂലിലേക്കു മടക്കുക" (4:59) എന്നത് റസൂൽ ﷺ ജീവിച്ചിരുന്ന കാലത്ത് മാത്രമാണെന്ന് ഖുർആനിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

തെളിവ് നൽകുക.

നിങ്ങൾ ചോദിച്ചു, ഹദീസുകൾക്ക് ദൈവിക മാനദണ്ഡം എവിടെയാണ്?"

നിങ്ങൾ അറിയുക, ഹദീസിന്റെ ആധികാരികത പരിശോധിക്കുന്ന രീതി ഇമാം ബുഖാരി കണ്ടുപിടിച്ചതല്ല. അതിന്റെ അടിസ്ഥാനം സ്വഹാബികളിൽ നിന്നുതന്നെയാണ് ആരംഭിച്ചത്. അവർ ഒരു ഹദീസ് കേട്ടാൽ സ്ഥിരീകരണം തേടുകയും, ആവശ്യമെങ്കിൽ മറ്റൊരു സ്വഹാബിയോട് സാക്ഷ്യം ചോദിക്കുകയും, അത് വിവരിച്ച വ്യക്തിയുടെ വിശ്വാസ്യത പരിഗണിക്കുകയും ചെയ്തിരുന്നു. ഇമാം ബുഖാരിയും മറ്റു മുഹദ്ദിസുകളും സ്വഹാബികളുടെ അതേ രീതിയെ അതീവ കൃത്യതയോടെ പിന്തുടർന്നു.

അവർ പുതിയൊരു മത തത്വം കൊണ്ടുവന്നതല്ല. സ്വഹാബികൾ ഏകോപിച്ച വഴിയെ പിന്തുടരാനാണ് അല്ലാഹു കൽപിച്ചത്; അതിൽ നിന്ന് വ്യതിചലിക്കുന്നവന് നരകശിക്ഷയാണെന്ന് (4:115) അല്ലാഹു മുന്നറിയിപ്പ് നൽകുന്നു.

ഇനിയും ചോദിക്കട്ടെ, ഖുർആനിൽ നിന്ന് മാത്രം താഴെ പറയുന്നവ കാണിച്ചുതരാമോ?

- ഖുർആൻ 9:36 ൽ പറഞ്ഞ നാല് വിശുദ്ധ മാസങ്ങൾ ഏതൊക്കെയാണ്? 
- ദുഹ്റിൽ നാല് റക്അത്ത് എന്നത്.
- ഹജ്ജിലെ ജംറാത്തിൽ ഏഴ് കല്ലുകൾ എറിയണം എന്നത്.
- വിവാഹിതനല്ലാത്ത വ്യഭിചാരിക്ക് 100 ചാട്ടവാറടിയാണെന്ന് ഖുർആനിലുണ്ട്. എന്നാൽ വിവാഹിതനായ വ്യഭിചാരിയുടെ വിധി എവിടെ നിന്നാണ് അറിയുന്നത്?

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്