ഖുർആൻ മുഖേന ഹ്രിദയങ്ങളിലുള്ള രോഗശമനം നേടുന്നതിനുള്ള ശരിയായ മാർഗം.
ഖുർആൻ മുഖേന ഹ്രിദയങ്ങളിലുള്ള രോഗശമനം നേടുന്നതിനുള്ള ശരിയായ മാർഗം.
ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ
حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ حفظه الله പറഞ്ഞു:
" ഖുർആൻ മുഖേന രോഗശമനം നേടുന്നതിനുള്ള ശരിയായ മാർഗം അല്ലാഹുവിന്റെ ഈ വചനത്തിലാണ്:
" അത് ഹൃദയങ്ങളിലുള്ളതിനുള്ള രോഗശമനമാണ് ."
ഖുർആൻ ഉപദേശവും രോഗശമനവും ആണ്. എന്നാൽ ഖുർആനിലുള്ള ഈ രോഗശമനം ലഭിക്കുന്നത് ഒരു പ്രത്യേക രീതിയിലൂടെയാണ്.
ആ രീതി ഇബ്നുൽ ഖയ്യിം رحمه الله വിശദീകരിച്ചിട്ടുണ്ട്.
ഖുർആൻ ഉപയോഗിച്ച് ചികിത്സ ചെയ്യേണ്ടത് ആഴത്തിൽ ചിന്തിച്ചും, മനസ്സിലാക്കിയും വായിക്കുന്നതിലൂടെയുമാണ്. ഒരു വ്യക്തി വായിക്കുന്നതിനിടെ അവന് ഏറ്റവും ആവശ്യമായ ഒരു ആയത്തിൽ എത്തിച്ചേരുമ്പോൾ , ഉദാഹരണത്തിന്, ഒരു പ്രത്യേക കാര്യത്തിൽ വീഴ്ചയോ, ഒരു മേഖലയിലെ പോരായ്മയോ, അല്ലെങ്കിൽ ഒരു പ്രത്യേക വിഷയത്തിൽ വിശ്വാസത്തിന്റെ കുറവോ ഉണ്ടെങ്കിൽ , ആ വിഷയത്തെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന ആയത്തിൽ നിർത്തണം.
ശേഷം ഈ ആയത്ത് ആവർത്തിച്ച് വായിക്കുകയും, അതിന്റെ അർത്ഥങ്ങളിലും മാർഗനിർദേശങ്ങളിലും സൂചനകളിലും ആഴത്തിൽ ചിന്തിക്കുകയും വേണം. ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അവന്റെ ഹൃദയത്തിന് രോഗശമനം ലഭിക്കും.
ഉദാഹരണത്തിന്, ചിലർക്ക് അസ്വാഭാവികമായ ഭയമുണ്ട്. ഇന്ന് ഇത് ധാരാളം ആളുകളിൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ്. സ്വാഭാവികമായ ഭയം വേറെയാണ്; എന്നാൽ ചിലർക്ക് യാഥാർത്ഥ്യത്തിൽ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഭയമോ, ശൈത്വാൻ മനസ്സിൽ ഇടുന്ന സംശയങ്ങളെയും ചിന്തകളെയും കുറിച്ചുള്ള ഭയമോ ഉണ്ടായിരിക്കും. അങ്ങനെ അവർ നിരന്തരം ഉത്കണ്ഠയിൽ കഴിയുന്നു.
അത്തരം ഒരാൾ അല്ലാഹുവിന്റെ ഈ വചനത്തിൽ നിർത്തുകയാണെങ്കിൽ:
"അത് ശൈത്വാൻ മാത്രമാണ്; അവൻ തന്റെ അനുയായികളെ ഭയപ്പെടുത്തുകയാണ്. അതിനാൽ നിങ്ങൾ അവരെ ഭയപ്പെടരുത്; നിങ്ങൾ വിശ്വാസികളാണെങ്കിൽ എന്നെ മാത്രം ഭയപ്പെടുക."
എന്നിട്ട് ഈ ആയത്ത് വീണ്ടും വീണ്ടും ആവർത്തിക്കുകയും, അതിന്റെ അർത്ഥത്തിൽ ചിന്തിക്കുകയും
മുൻഗാമികളായ പണ്ഡിതന്മാരുടെ തഫ്സീർ ഗ്രന്ഥങ്ങളുടെ സഹായത്തോടെ അതിലെ മാർഗനിർദേശങ്ങൾ മനസ്സിലാക്കുകയും ചെയ്താൽ, അത് അവന്റെ ഹൃദയത്തിൽ വിശ്വാസം വളർത്തും.
അതുപോലെ തന്നെ ഭരമേൽപിക്കൽ, പ്രതീക്ഷ , അല്ലാഹുവിനോട് സഹായം തേടൽ , ക്ഷമ തുടങ്ങിയ എല്ലാ വിഷയങ്ങളിലും ഇതേ രീതി പ്രയോഗിക്കണം.
ഉദാഹരണത്തിന്, ഒരു ദുരന്തം ബാധിച്ച ഒരാൾ അല്ലാഹുവിന്റെ ഈ വചനം വായിക്കട്ടെ:
"ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക."
ഈ ആയത്ത് വീണ്ടും വീണ്ടും വായിക്കുമ്പോൾ അതിൽ എത്ര വലിയ ആശ്വാസമാണുള്ളത്.
" അവര്‍ക്ക് വല്ല ദുരന്തം ബാധിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിനുള്ളവരാണ്; ഞങ്ങള്‍ അവങ്കലേക്ക് തന്നെ മടങ്ങുന്നവരുമാകുന്നു ".
ഖുർആനിലെ എല്ലാ ആയത്തുകളോടും പൊതുവായി ഈ ഉപകാരപ്രദമായ രീതി സ്വീകരിക്കണം.
ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
"ആഴത്തിൽ ചിന്തിച്ചുകൊണ്ട് ഒരു ആയത്ത് വായിക്കുന്നത്, മനസ്സിലാക്കാതെയും ചിന്തിക്കാതെയും ഒരു ഖത്മ് (മുഴുവൻ ഖുർആൻ) വായിക്കുന്നതിനേക്കാൾ ഉത്തമമാണ്."
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment