രാഷ്ട്രീയത്തിൽ ഒരു മുസ്ലിമിന്റെ സമീപനം സലഫുസ്സ്വാലിഹീങ്ങളുടെ (സച്ചരിതരായ മുൻഗാമികളുടെ) മാതൃകപോലെ സന്തുലിതമായിരിക്കണം. അതാണ് ഷെയ്ഖ് ബിൻ ബാസ്ر حمه الله യുടെ നേതൃത്വത്തിലായിരുന്നപ്പോൾ സ്ഥിരം ഫത്‌വാ കമ്മിറ്റിയുടെ ഫത്‌വയും, ഇമാം ഹസനുൽ ബസ്വരി "رحمه الله യുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത്.
രാഷ്ട്രീയത്തിൽ ഒരു മുസ്ലിമിന്റെ സമീപനം സലഫുസ്സ്വാലിഹീങ്ങളുടെ (സച്ചരിതരായ മുൻഗാമികളുടെ) മാതൃകപോലെ സന്തുലിതമായിരിക്കണം.
അതാണ് ഷെയ്ഖ് ബിൻ ബാസ്ر حمه الله യുടെ നേതൃത്വത്തിലായിരുന്നപ്പോൾ സ്ഥിരം ഫത്‌വാ കമ്മിറ്റിയുടെ ഫത്‌വയും, ഇമാം ഹസനുൽ ബസ്വരി "رحمه الله യുടെ ജീവിതവും നമ്മെ പഠിപ്പിക്കുന്നത്.
ഇന്ന് ചിലർ രാഷ്ട്രീയം മാത്രമാണ് ദീൻ എന്ന് കരുതുന്നു. മറ്റുചിലർ രാഷ്ട്രീയം സംസാരിക്കുന്നതുതന്നെ ഹറാമാണെന്ന് കരുതുന്നു. എന്നാൽ അഹ്‌ലുസ്സുന്നയുടെ നിലപാട് ഈ രണ്ട് അതിരുകടന്ന സമീപനങ്ങൾക്കും മധ്യത്തിലുള്ളതാണ്.
ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ നേതൃത്വത്തിലായിരുന്നപ്പോൾ സ്ഥിര ഫത്‌വാ കമ്മിറ്റി (اللجنة الدائمة) പറഞ്ഞത് :
ثم الكلام في السياسة الداخلية والخارجية للأمة ليس حرامًا ما دام يحقق المصلحة للإسلام والمسلمين، ولا يثير فتنًا تعود عليهم بالفرقة والفشل والخذلان والانهيار.
(ഫത്‌വ നമ്പർ (5845)യിലെ രണ്ടാം ചോദ്യം).
"മുസ്ലിം സമൂഹത്തിന്റെ ആഭ്യന്തരവും വിദേശവുമായ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് ഹറാമല്ല; എന്നാൽ അത് ഇസ്‌ലാമിനും മുസ്ലിംകൾക്കും ഗുണം ചെയ്യുന്ന തരത്തിലായിരിക്കണം. കൂടാതെ ഭിന്നിപ്പും പരാജയവും ദുർബലതയും തകർച്ചയും ഉണ്ടാക്കുന്ന കുഴപ്പങ്ങൾക്ക് കാരണമാകരുത്."
ഇനി സച്ചരിതരായ മുൻഗാമികൾ, സലഫു സാലിഹീങ്ങളുടെ കളുടെ ജീവിതം നോക്കൂ.
യൂനുസ് ഇബ്‌നു ഉബൈദ് رحمه الله പറയുന്നു:
صحبت الحسن البصري ثلاثين سنة فما سمعته قط قال: عُزل أمير، ولا وُلِّيَ أمير، ولا غلا سعر، ولا رخص سعر، ولا اشتد الحر، وما كان ذكره إلا الموت جاءكم.
"ഞാൻ ഹസൻ അൽ-ബസ്വരിയുടെ കൂടെ മുപ്പത് വർഷം കഴിഞ്ഞു. 'ഒരു ഭരണാധികാരിയെ മാറ്റി', 'മറ്റൊരാളെ നിയമിച്ചു', 'വിലക്കയറ്റം സംഭവിച്ചു', 'വില കുറഞ്ഞു', 'ചൂട് കഠിനമായി' എന്നിങ്ങനെ സംസാരിക്കുന്നത് ഞാൻ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ സംസാരത്തിന്റെ കേന്ദ്രം എപ്പോഴും മരണമായിരുന്നു. അദ്ദേഹം പറയുമായിരുന്നു: 'മരണം നിങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുന്നു.'"
( أدب النساء للقرطبي ١٨٦).
ലജ്ന ഫത്‌വ പറയുന്നത് രാഷ്ട്രീയം സംസാരിക്കാമോ എന്ന ശരീഅത്ത് വിധിയാണ്.
ഹസൻ അൽ-ബസ്വരി رحمه الله യുടെ ജീവിതം കാണിച്ചു തരുന്നത് ഒരു വിശ്വാസിയുടെ മുൻഗണന എന്തായിരിക്കണം എന്നതാണ്.
ഒരു മുസ്ലിം അവന്റെ സമയം മുഴുവൻ രാഷ്ട്രീയ വാർത്തകളിലും, ടീ.വി.യുടെ മുന്നിലും, ഭരണാധികാരികളുടെ വിശകലനങ്ങളിലും കക്ഷിവാദങ്ങളിലും, സമൂഹ മാധ്യമ തർക്കങ്ങളിലുമാണെങ്കിൽ, രാഷ്ട്രീയം അവന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു, അവൻ അവന്റെ ഹൃദയത്തെ പരലോകത്തിൽ നിന്ന് അകറ്റുകയാണ്. .
രാഷ്ട്രീയം ആവശ്യമുള്ളപ്പോൾ സംസാരിക്കാം. അനീതിയെ ശരീഅത്തിന്റെ പരിധിയിൽ വിമർശിക്കാം. മുസ്ലിം സമൂഹത്തിന്റെ കാര്യങ്ങളിൽ താൽപര്യം കാണിക്കാം. എന്നാൽ രാഷ്ട്രീയം നമ്മുടെ മതവും പ്രബോധനവും ആരാധനയും ഖുർആൻ പാരായണവും മരണചിന്തയും വിഴുങ്ങാൻ അനുവദിക്കരുത്.
സലഫു സാലിഹീങ്ങളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് ,രാഷ്ട്രീയം ലക്ഷ്യമല്ല അതായത് ഒരു മുസ്ലിമിന്റെ പരമലക്ഷ്യം രാഷ്ട്രീയ പ്രവർത്തനം , അധികാരം നേടുക, അല്ലെങ്കിൽ രാഷ്ട്രീയസംഭാഷണങ്ങളിൽ മുഴുകുക എന്നതല്ല.
മുസ്ലിമിന്റെ ലക്ഷ്യം:
അല്ലാഹുവിനെ മാത്രം ആരാധിക്കുക.
അല്ലാഹുവിന്റെ പ്രീതി നേടുക.
സ്വർഗം നേടുക.
പരമ ലക്ഷ്യം അല്ലാഹുവിൻ്റെ മുഖം കാണുക എന്നതാണ്.
മതവും , ശരീഅത്തും ആദ്യം സ്വന്തം ജീവിതത്തിലും കുടുംബത്തിലും സ്ഥാപിക്കാൻ പരിശ്രമിക്കുക, കുടുംബങ്ങളിൽ നിന്നും ക്രമേണ അത് സമൂഹത്തിൽ സ്ഥാപിക്കപ്പെട്ടു കയും പിന്നീട് രാഷ്ട്രീയത്തിലും സ്ഥാപിക്കപ്പെടാം ഇൻ ഷാ അല്ലാഹ്.
ഹസൻ അൽ-ബസ്വരി رحمه الله യുടെ ഹൃദയം രാഷ്ട്രീയവാർത്തകളാൽ നിറഞ്ഞിരുന്നില്ല; മരണത്തിന്റെ ഓർമ്മയാൽ നിറഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ജീവിക്കുന്നത്.
ഒരു വിശ്വാസിയുടെ ഏറ്റവും വലിയ ആശങ്കയായിരിക്കണം:
ഞാൻ അല്ലാഹുവിന്റെ മുമ്പിൽ ഏത് അവസ്ഥയിലാണ് എത്തുക?
എന്റെ തൗഹീദ് ശരിയാണോ?
എന്റെ നിസ്കാരം, സൽകർമ്മങ്ങൾ, പശ്ചാത്താപം എന്നിവ എങ്ങനെയാണ്?
ഇപ്പോൾ ഞാൻ മരണത്തിന് തയ്യാറാണൊ?
രാഷ്ട്രീയം ജീവിതത്തിലെ ഏറ്റവും വലിയ ചിന്തയായി മാറരുത്. ഹസൻ അൽ-ബസ്വരി رحمه الله യുടെ ജീവിതം ഇതാണ് കാണിക്കുന്നത്: അദ്ദേഹത്തിന്റെ മനസ്സ് എല്ലായ്പ്പോഴും പരലോകത്തിലേക്കും മരണത്തിലേക്കുമായിരുന്നു.
ഡോ: കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment