മക്ക സംയുക്ത പ്രതിരോധ കരാർ.

മക്ക സംയുക്ത പ്രതിരോധ കരാർ.

“മക്ക സംയുക്ത പ്രതിരോധ കരാർ” (Mecca Joint Deterrence Agreement) എന്ന് അറിയപ്പെടുന്ന ഈ കരാർ, പ്രവാചകൻ മുഹമ്മദ് ﷺ ജനിച്ച നഗരമായ മക്കയിൽ വെച്ച് 2026 ഓഗസ്റ്റ് 7 വെള്ളിയാഴ്ച തുർക്കി പ്രസിഡന്റ്, സൗദി കിരീടാവകാശി, പാകിസ്ഥാൻ പ്രധാനമന്ത്രി എന്നിവർ ഒപ്പുവെച്ചു.

മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള സൈനിക, സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ആഴത്തിലാക്കുന്നതിനുമായി രൂപീകരിച്ച ത്രിരാഷ്ട്ര പരസ്പര പ്രതിരോധ ഉടമ്പടിയാണിത്.

ഇതിന്റെ പ്രധാന തത്വം:

മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ സായുധ ആക്രമണം ഉണ്ടായാൽ, അത് മൂന്ന് രാജ്യങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കും. ഇതിലൂടെ പരസ്പര പ്രതിരോധത്തിനും സംയുക്ത പ്രതിരോധശേഷിക്കും പ്രതിബദ്ധത ഉറപ്പാക്കുകയാണ് ലക്ഷ്യം.




ഇസ്‌ലാമിക ഭരണകൂടങ്ങൾ തമ്മിൽ സൗഹൃദം സ്ഥാപിക്കുകയും ഉടമ്പടികൾ ഉണ്ടാക്കുകയും ചെയ്യുന്നത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദിൽപ്പെട്ടതാണ്.

ഇമാം അബ്ദുറഹ്മാൻ നാസിർ അസ്സഅ്ദി رحمه الله പറഞ്ഞു :

അല്ലാഹു تعالى പറഞ്ഞു:

إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ

“തീർച്ചയായും വിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ്. അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ നിങ്ങൾ അനുരഞ്ജനം ഉണ്ടാക്കുക.”

(അൽ-ഹുജുറാത്ത് 49:10).

ഇക്കാലഘട്ടത്തിൽ ജിഹാദിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ഇസ്‌ലാമിക ഭരണകൂടങ്ങൾ തമ്മിൽ ഉടമ്പടികൾ സ്ഥാപിക്കുകയും അവയ്ക്കിടയിലെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നത്. അതോടൊപ്പം ഓരോ രാജ്യത്തിന്റെയും ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങളിലെ സ്വാതന്ത്ര്യവും പരമാധികാരവും അവകാശങ്ങളും നിലനിർത്തുകയും വേണം.

ഇതിനോടൊപ്പം പരസ്പര സഹായവും സഹകരണവും ഐക്യദാർഢ്യവും ഉണ്ടായിരിക്കണം. തങ്ങളെ അതിക്രമിക്കുന്നവർക്കെതിരെയും തങ്ങളുടെ അവകാശങ്ങളിൽ നിന്ന് എന്തെങ്കിലും കവർന്നെടുക്കുന്നവർക്കെതിരെയും അവർ ഒരൊറ്റ കൈപോലെ നിലകൊള്ളണം.

അവരുടെ വാക്കിലും നിലപാടിലും ഐക്യം ഉണ്ടാകേണ്ടത് അനിവാര്യമാണ്. പരസ്പര സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുകയും ഓരോ രാജ്യവും മറ്റൊന്നിനോട് കൂടുതൽ അടുക്കുകയും വേണം; ഇതിലൂടെ എല്ലാവർക്കും പ്രയോജനം ലഭിക്കും.

ഈ കാര്യത്തിൽ അവർ പരിശ്രമത്തോടെ മുന്നോട്ട് പോകുകയും, നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ജ്ഞാനപൂർവമായ രീതികൾ സ്വീകരിക്കുകയും വേണം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും അതിന് തടസ്സമാകുന്ന എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യുന്നതിനും അവർ പരിശ്രമിക്കണം; ആ തടസ്സങ്ങൾ എത്ര പ്രയാസകരമോ ഭാരമേറിയതോ ആയി തോന്നിയാലും ശരി.

തീർച്ചയായും, ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്‌ലിംകൾക്ക് മുന്നിൽ നിരവധി തടസ്സങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അല്ലാഹുവിന്റെ തൗഫീഖോടെയും അവനിൽ ഭരമേൽപ്പിച്ചും ഉറച്ച ദൃഢനിശ്ചയത്തോടെയും ഈ തടസ്സങ്ങൾ നീക്കം ചെയ്യാൻ സാധിക്കും. പ്രയാസകരമെന്ന് തോന്നുന്ന കാര്യങ്ങൾ അല്ലാഹുവിന്റെ അനുമതിയാൽ എളുപ്പമായി മാറും.

എന്നാൽ നമ്മുടെ കാലത്ത് മുസ്‌ലിംകൾ കടുത്ത ദൗർബല്യത്താൽ പരീക്ഷിക്കപ്പെട്ടിരിക്കുകയാണ്. ശത്രുക്കൾ എല്ലാ ഭാഗത്തുനിന്നും അവർക്കായി കാത്തിരിക്കുകയും ചെയ്യുന്നു.

ഈ അവസ്ഥ മുസ്‌ലിംകളുടെ ഹൃദയങ്ങളിൽ നിരാശ വളർത്തിയിരിക്കുന്നു. അതിന്റെ ഫലമായി അവരിൽ പലരും ഈമാനിലും ദൃഢനിശ്ചയത്തിലും ശക്തിയിലും ധൈര്യത്തിലും ദുർബലരായിരിക്കുന്നു. നിരാശ അവരെ കീഴടക്കിയിരിക്കുന്നു.

ഇസ്‌ലാമിന്റെ പ്രതാപത്തിലേക്കുള്ള പ്രതീക്ഷ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നും, മുസ്‌ലിംകൾ ഒരു ദൗർബല്യത്തിൽ നിന്ന് അതിലും വലിയ ദൗർബല്യത്തിലേക്ക് നീങ്ങിയെന്നും അവർ കരുതുന്നു.

ഇത് ഗുരുതരമായ തെറ്റാണ്!

കാരണം ഈ ദൗർബല്യം കാരണങ്ങളോടുകൂടിയ ഒരു താൽക്കാലിക അവസ്ഥ മാത്രമാണ്. ആ കാരണങ്ങൾ നീക്കം ചെയ്യപ്പെടുമ്പോൾ ഇസ്‌ലാമിന്റെ ആരോഗ്യവും ശക്തിയും പഴയതുപോലെ തിരിച്ചുവരും; കഴിഞ്ഞ തലമുറകളിൽ ഉണ്ടായിരുന്നതുപോലെ അതിന്റെ ശക്തിയും വീണ്ടും അതിലേക്ക് മടങ്ങിവരും.

മുസ്‌ലിംകൾ ദുർബലരായത് തങ്ങളുടെ രക്ഷിതാവിന്റെ ഗ്രന്ഥത്തെയും തങ്ങളുടെ പ്രവാചകൻ ﷺയുടെ സുന്നത്തിനെയും എതിർത്തതിനാലും, ഇഹലോകത്തിലെ സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ജീവിതത്തിനും ശക്തിക്കും അടിസ്ഥാനമായി അല്ലാഹു തന്റെ ഹിക്മത്തിലൂടെ സ്ഥാപിച്ച പ്രപഞ്ചത്തിലെ സാർവത്രിക നിയമങ്ങളെ അവർ ഉപേക്ഷിച്ചതിനാലുമാണ്.

അവർ തങ്ങളുടെ ദീനിലേക്കും, അതിലെ പ്രയോജനകരമായ അധ്യാപനങ്ങളിലേക്കും, അതിലെ മഹത്തായ മാർഗനിർദേശങ്ങളിലേക്കും, അതിലെ സമ്പൂർണ്ണ നിർദേശങ്ങളിലേക്കും — പൂർണ്ണമായോ ഭാഗികമായോ — മടങ്ങിവന്നാൽ, അവർ വീണ്ടും വിജയത്തിലേക്ക് മടങ്ങിവരും.

നിരാശയുടെ സിദ്ധാന്തത്തെ സംബന്ധിച്ചിടത്തോളം, ഇസ്‌ലാം അതിനെ ഒട്ടും അംഗീകരിക്കുന്നില്ല. മറിച്ച്, അതിനെതിരെ ഏറ്റവും ശക്തമായ മുന്നറിയിപ്പ് നൽകുന്നു.

ഇസ്‌ലാം മനുഷ്യരെ വിജയത്തെക്കുറിച്ചുള്ള പ്രതീക്ഷയിലേക്കും, പ്രയാസത്തോടൊപ്പം തീർച്ചയായും എളുപ്പമുണ്ടെന്നും, ബുദ്ധിമുട്ടിനൊപ്പം ആശ്വാസമുണ്ടെന്നും ഉള്ള ഉറച്ച വിശ്വാസത്തിലേക്കും ക്ഷണിക്കുന്നു.

മുസ്‌ലിംകൾ തഖ്‌വയോടെ പ്രവർത്തിക്കുകയും, അല്ലാഹു നിയമവിധേയമാക്കിയ മാർഗങ്ങൾ സ്വീകരിക്കുകയും, ആ കാര്യത്തിൽ പിന്തുടരേണ്ട മാതൃകയായി തങ്ങളുടെ പ്രവാചകനെ ﷺ സ്വീകരിക്കുകയും, ക്ഷമിക്കുകയും ചെയ്താൽ — അവർ തീർച്ചയായും വിജയിക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്യും.

അതിനാൽ നിരാശപ്പെടുകയും മറ്റുള്ളവരിൽ നിരാശ പരത്തുകയും ചെയ്യുന്നവർ അല്ലാഹുവിനെ ഭയിക്കട്ടെ.

മുസ്‌ലിംകൾ അറിയട്ടെ: യഥാർത്ഥ വിജയത്തിലേക്കും, യഥാർത്ഥ പുരോഗതിയിലേക്കും, ശരിയായ മുന്നേറ്റത്തിലേക്കും മറ്റെല്ലാ സമൂഹങ്ങളേക്കാളും അവർ കൂടുതൽ അടുത്തവരാണ്.

കാരണം, അവരുടെ ദീൻ എല്ലാ മേഖലകളിലും ഉയർച്ചയുടെയും പുരോഗതിയുടെയും ദീനാണ് — വിശ്വാസത്തിൽ, പ്രവർത്തനത്തിൽ, സ്വഭാവത്തിൽ, ലക്ഷ്യങ്ങളിലും ഉദ്ദേശ്യങ്ങളിലും.

ഇഹലോകത്തിന്റെയും പരലോകത്തിന്റെയും നന്മകളും പ്രയോജനങ്ങളും ഒരുമിപ്പിക്കുന്ന ദീനാണത്.

അവലംബം:
ജിഹാദുൽ അഅ്ദാഅ് വ വുജൂബുത്തഅാവുൻ ബൈനൽ മുസ്‌ലിമീൻ, പേജ് 25–26, ഇമാം അസ്സഅ്ദി رحمه الله (മരണം: 1376 ഹിജ്റ).





ഡോ: കെ.മുഹമ്മദ് സാജിദ്.

Comments