സഹോദരൻ എം.എം. അക്ബറിന്റെ രണ്ട് മറുപടികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങൾ

സഹോദരൻ എം.എം. അക്ബറിന്റെ രണ്ട് മറുപടികളിലെ ഗുരുതരമായ വൈരുദ്ധ്യങ്ങൾ.

ഓണസദ്യ കഴിക്കാമോ എന്ന ചോദ്യത്തിന് സഹോദരൻ എം.എം. അക്ബർ നൽകിയ മറുപടിയിൽ, മറ്റുള്ളവരുടെ മതപരമായ കാര്യങ്ങളിൽ സഹകരിക്കാൻ പാടില്ല എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും, എന്നാൽ ഇബ്നു തൈമിയ്യ رحمه الله യെ പോലുള്ള ചില പണ്ഡിതന്മാർ മറ്റുള്ളവരുടെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ സ്വീകരിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും, ആ സമ്മാനങ്ങളിൽ ഭക്ഷണവും ഉൾപ്പെടുമെന്നും അദ്ദേഹം പറയുന്നു. അതിനാൽ ഇത് അഭിപ്രായവ്യത്യാസമുള്ള വിഷയമാണെന്നും, അത് പാടില്ലെന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ഇതിൻ്റെ വീഡിയോ താഴെ :






ഇബ്നു തൈമിയ്യ رحمه اللهയുടെ ഇഖ്തിദാഉ സിറാത്തിൽ മുസ്തഖീം പരിശോധിക്കുമ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഇതിന് വിപരീതമാണ്.

ഇബ്നു തൈമിയ്യ رحمه الله പറയുന്നു:

«ومن أهدى من المسلمين هدية في هذه الأعياد مخالفة للعادة في سائر الأوقات غير هذا العيد لم تقبل هديته، خصوصا إن كانت الهدية مما يستعان بها على التشبه بهم… وكذلك أيضا لا يهدى لأحد من المسلمين في هذه الأعياد هدية لأجل العيد، لا سيما إذا كان مما يستعان به على التشبه بهم كما ذكرناه.»

“ഈ ആഘോഷദിനങ്ങളിൽ, മറ്റു സാധാരണ ദിവസങ്ങളിൽ പതിവില്ലാത്ത തരത്തിലുള്ള ഒരു സമ്മാനം ആരെങ്കിലും മുസ്ലിംകൾക്ക് നൽകിയാൽ അത് സ്വീകരിക്കരുത്. പ്രത്യേകിച്ച് ആ സമ്മാനം അവരോട് സാദൃശ്യപ്പെടാൻ സഹായിക്കുന്നതാണെങ്കിൽ. … അതുപോലെ തന്നെ, ഈ ആഘോഷങ്ങളുടെ പേരിൽ മുസ്ലിംകൾക്ക് സമ്മാനങ്ങൾ നൽകരുത്; പ്രത്യേകിച്ച് അവരോട് സാദൃശ്യപ്പെടാൻ സഹായിക്കുന്നതാണെങ്കിൽ.” 

“ശിയാക്കൾ മുസ്ലിംകളാണോ?” എന്ന ചോദ്യത്തിന്, ഇസ്നാ അശരികളും സുന്നി മുസ്ലിംകളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും, എന്നാൽ മുസ്ലിം ലോകം  അവരെ മുസ്ലിംകളായിട്ടാണ് കാണുന്നതെന്നും സഹോദരൻ എം.എം. അക്ബർ മറുപടി പറയുന്നു.

ഇതിൻ്റെ വീഡിയോ താഴെ :



ഇസ്നാ അശരികൾ, ഇമാമിയ്യ/റാഫിദീ ശിയാക്കളുടെ വിശ്വാസങ്ങളെക്കുറിച്ച് പണ്ഡിതന്മാർ വളരെ ശക്തമായ വിധികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം അബൂ സഅ്ദ് അസ്സംആനി رحمه الله (മരണം: 562 ഹി.) പറയുന്നു:

«واجتمعت الأمة على تكفير الإمامية لأنهم يعتقدون تضليل الصحابة وينكرون إجماعهم وينسبونهم إلى ما لا يليق بهم»



“ഇമാമിയ്യ വിഭാഗത്തെ കാഫിറുകളായി വിധിക്കുന്ന കാര്യത്തിൽ ഉമ്മത്ത് ഏകാഭിപ്രായത്തിലെത്തി; കാരണം, അവർ സ്വഹാബികൾ വഴിപിഴച്ചവരാണെന്ന് വിശ്വസിക്കുകയും അവരുടെ ഇജ്മാഅ് നിഷേധിക്കുകയും അവർക്കു ചേരാത്ത കാര്യങ്ങൾ അവരിലേക്ക് ആരോപിക്കുകയും ചെയ്യുന്നു.”
(അൽ-അൻസാബ്; പ്രസിദ്ധീകരണങ്ങൾക്കനുസരിച്ച് വാല്യം/പേജ് വ്യത്യാസപ്പെടാം.) 

ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله പറഞ്ഞു:


«وقد نقل على ذلك الإجماع غير واحد من العلماء، فأي خير في قوم اعتقادهم يوجب كفرهم»

" ഒന്നിലധികം പണ്ഡിതന്മാർ അവരുടെ അവിശ്വാസത്തെ അനിവാര്യമാക്കുന്ന കാര്യത്തിൽ ഏകാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്,  ".

(റാഫിദ വിഭാഗത്തെ ഖണ്ഡിച്ചുകൊണ്ടുള്ള ഒരു പ്രബന്ധം : ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله).

അതിനാൽ, “മുസ്ലിം ലോകം അവരെ മുസ്ലിംകളായിട്ടാണ് കാണുന്നത്” എന്ന് പറയുന്നത് ശരിയല്ല .

ഇവിടെ മറ്റൊരു പ്രധാന കാര്യവും ശ്രദ്ധിക്കണം: ഒരു പ്രത്യേക വിശ്വാസം കുഫ്റായ വിശ്വാസമാണ് എന്ന് വിധിക്കുന്നതും, ആ വിശ്വാസം വഹിക്കുന്ന ഓരോ വ്യക്തിയെയും വ്യക്തിപരമായി കാഫിർ എന്ന് വിധിക്കുന്നതും ഒരേ കാര്യമായി കാണരുത്. ഇബ്നു തൈമിയ്യ رحمه الله തന്നെ വ്യക്തിയെ തക്ഫീർ ചെയ്യുന്നതിന് നിബന്ധനകളും തടസ്സങ്ങളും പരിഗണിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അത് കൊണ്ട് സഹോദരൻ എം.എം. അക്ബറിന്റെ ഈ രണ്ട് മറുപടികളും പണ്ഡിതന്മാരുടെ വാക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, അദ്ദേഹം നൽകിയ വിശദീകരണങ്ങളിൽ ഗുരുതരമായ കൃത്യതക്കുറവുകൾ കാണാം.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്