മസ്ജിദിൽ നിക്കാഹ് നടത്തുന്നതിന്റെ വിധി.
മസ്ജിദിൽ നിക്കാഹ് നടത്തുന്നതിന്റെ വിധി.
ഫത്‌വകൾ ചുരുക്കത്തിൽ. ഫത്‌വകളുടെ മുഴുവൻ അറബി വാചകങ്ങളും സ്ത്രോതസുകളും ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ വായിക്കാം.
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
‘ഈ നിക്കാഹ് പരസ്യമാക്കുക; അത് മസ്ജിദുകളിൽ വെച്ച് നടത്തുക; അതിനായി ദഫ്ഫുകൾ മുട്ടുക.’ ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഷെയ്ഖ് ഇബ്‌നു ബാസ് رحمه الله അധ്യക്ഷനായ സ്ഥിരം ഫത്‌വാ കമ്മിറ്റി (اللجنة الدائمة للإفتاء പറഞ്ഞു :
" നിക്കാഹ് പരസ്യമാക്കാൻ ശരീഅത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്നാൽ മസ്ജിദിൽ വെച്ച് നിക്കാഹ് നടത്തുന്നത് സുന്നത്തല്ല.
മസ്ജിദിൽ നിക്കാഹ് നടത്തുന്നതിനെക്കുറിച്ച് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുർബലമാണ്. അതിനാൽ അതിനെ ഇതിന് തെളിവായി സ്വീകരിക്കാനാവില്ല.
അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുന്നവൻ ".
ഷെയ്ഖ് അൽ-അൽബാനി رحمه الله യോട് ചോദിക്കപ്പെട്ടു:
“മസ്ജിദിൽ വെച്ച് നിക്കാഹ് നടത്തുന്നത് സുന്നത്തിൽപ്പെട്ടതാണോ?”
അദ്ദേഹം رحمه الله പറഞ്ഞു:
“അല്ല. അത് സുന്നത്തിൽപ്പെട്ടതല്ല; മറിച്ച് ബിദ്അത്താണ്.
‘ഈ നിക്കാഹ് പരസ്യമാക്കുകയും അതിനായി ദഫ് മുട്ടുകയും ചെയ്യുക’ എന്ന ഹദീസിലെ ഭാഗം സ്വഹീഹാണ്. എന്നാൽ ‘അത് മസ്ജിദുകളിൽ വെച്ച് നടത്തുക’ എന്ന ഭാഗം ദുർബലമാണ് (ദഈഫ്).”
ഷെയ്ഖ് ഇബ്‌നു ഉസൈമീൻ رحمه الله പറഞ്ഞു:
“മസ്ജിദിൽ വെച്ച് നിക്കാഹ് നടത്തുന്നത് മുസ്തഹബ്ബാണെന്നതിന് നബി ﷺയിൽ നിന്നുള്ള യാതൊരു തെളിവും എനിക്കറിയില്ല.
എന്നാൽ വരനും വലിയും യാദൃച്ഛികമായി മസ്ജിദിൽ ഉണ്ടായിരിക്കെ അവിടെ വെച്ച് നിക്കാഹ് നടത്തിയാൽ അതിൽ കുഴപ്പമില്ല.
പക്ഷേ, മസ്ജിദിൽ വെച്ച് നിക്കാഹ് നടത്തുന്നത് പ്രത്യേകം മുസ്തഹബ്ബാണെന്ന് കരുതി മുൻകൂട്ടി തീരുമാനിക്കുന്നതിന് തെളിവ് ആവശ്യമാണ്; ‘വീട്ടിൽ നിന്ന് മസ്ജിദിലേക്ക് പുറപ്പെടുക’ എന്ന് പറയുകയോ, ‘നിക്കാഹ് നടത്താൻ മസ്ജിദിൽ വെച്ച് കൂടിക്കാഴ്ച നടത്താം’ എന്ന് മുൻകൂട്ടി തീരുമാനിക്കുകയോ ചെയ്യുകയാണെങ്കിൽ, അതിന് തെളിവ് ആവശ്യമാണ്. അത്തരമൊരു തെളിവ് എനിക്കറിയില്ല.”
ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു:
“ബറകത്ത് (തബറുക്ക്) ഉദ്ദേശിച്ച് മസ്ജിദുൽ ഹറമിൽ വെച്ച് നിക്കാഹ് നടത്തുന്നത് അനുവദനീയമാണോ?”
അദ്ദേഹം മറുപടി നൽകി:
“ഫുഖഹാക്കൾ ഇത് പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ചിലർ കഅ്ബയുടെ ഉള്ളിൽ വെച്ചുപോലും നിക്കാഹ് നടത്താറുണ്ട്. ‘സാദിന്റെ മത്ൻ’ എന്ന ഗ്രന്ഥത്തിലും ഇത് പരാമർശിച്ചിട്ടുണ്ട്.”
ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment