രാത്രിയിലെ നിസ്കാരം ഉപേക്ഷിക്കരുത്. കഴിയുന്നത്രയെങ്കിലും രാത്രിയിലെ നിസ്കാരത്തിൽ നിനക്കൊരു വിഹിതം ഉണ്ടായിരിക്കട്ടെ ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളാണെങ്കിലും.
രാത്രിയിലെ നിസ്കാരം ഉപേക്ഷിക്കരുത്.
കഴിയുന്നത്രയെങ്കിലും രാത്രിയിലെ നിസ്കാരത്തിൽ നിനക്കൊരു വിഹിതം ഉണ്ടായിരിക്കട്ടെ
ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളാണെങ്കിലും.
ഷെയ്ഖിന്റെ ശബ്ദം താഴെ വീഡിയോയിൽ:
ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ
حفظه الله പറഞ്ഞു:
“നിനക്ക് കഴിയുന്നില്ലെങ്കിൽ പോലും, രാത്രിയിലെ നിസ്കാരം പൂർണ്ണമായും ഉപേക്ഷിക്കരുത്. അതിൽ നിനക്ക് യാതൊരു പങ്കും വിഹിതവും ഇല്ലാതാകരുത്. പണ്ഡിതന്മാർ പറയുന്ന ഒരു തത്വമുണ്ട്: ‘പൂർണ്ണമായി നേടാൻ കഴിയാത്തത് പൂർണ്ണമായും ഉപേക്ഷിക്കരുത്.’
ദാവൂദ് عليه السلام ന്റെ നിസ്കാരം പോലെ രാത്രിയുടെ മൂന്നിലൊന്ന് നിസ്കരിക്കാൻ കഴിയാത്തവനാണെങ്കിൽ, അവൻ അത് ഉപേക്ഷിക്കരുത്; കുറച്ചെങ്കിലും അവന്റെ പേരിൽ ഒരു വിഹിതം നിശ്ചയിക്കട്ടെ.
അതുകൊണ്ടാണ് കവിതയിൽ പറയുന്നത്:
‘അനുസരണയുള്ളവനേ, നിന്റെ രാത്രിയെ ഒരു നിശ്ചിത ആരാധനയുടെ വിഹിതമില്ലാതെ ഒരിക്കലും വിടരുത്;
നിന്റെ വിഹിതമായി, അതിൽ നീ രഹസ്യമായി ഖുർആൻ പാരായണം ചെയ്യുന്ന ഒരു ഭാഗമെങ്കിലും ഉണ്ടായിരിക്കട്ടെ.’
അതിനാൽ രാത്രിയിലെ നിസ്കാരത്തിൽ നിന്ന് നിനക്കുള്ള വിഹിതവും പങ്കും ഉപേക്ഷിക്കരുത്.
നബി عليه الصلاة والسلام പറഞ്ഞതായി തിർമിദിയിലും മറ്റും സ്വഹീഹായി വന്നിട്ടുണ്ട്. രാത്രിയിലെ നിസ്കാരത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ അദ്ദേഹം عليه الصلاة والسلام പറഞ്ഞു:
«فَإِنَّهُ دَأْبُ الصَّالِحِينَ»
‘തീർച്ചയായും അത് സച്ചരിതരായ ആളുകളുടെ പതിവും ചര്യയുമാണ്.’”
“അത് നിന്റെ റബ്ബിലേക്ക് നിന്നെ അടുപ്പിക്കുകയും, നിന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തമാകുകയും, പാപകരമായ കാര്യങ്ങളിൽ നിന്ന് നിന്നെ തടയുകയും ചെയ്യുന്നു.
ഈ മഹത്തായ, അനുഗ്രഹീതമായ നിസ്കാരത്തിലൂടെ ഇതെല്ലാം ലഭിക്കുന്നു. അതിൽ പാപങ്ങൾ മാപ്പാക്കപ്പെടുന്നതും, പാപകരമായ കാര്യങ്ങളിൽ നിന്ന് തടയപ്പെടുന്നതും ഉൾപ്പെടുന്നു.”
നാം റമദാനിൽ ഫജ്റിന് ഏകദേശം ഒരു മണിക്കൂർ മുമ്പ് ഉണരാറുണ്ട്. അതിനാൽ, റമദാനല്ലാത്ത സമയങ്ങളിൽ രാത്രിയിൽ നിസ്കരിക്കാൻ കഴിയാത്തവർ, രണ്ട് റക്അത്തെങ്കിലും നിസ്കരിക്കാനായി ഫജ്റിന് മുമ്പ് ഉണരുക. അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment