സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله യുടെ ഔദ്യോഗിക പ്രസ്താവന

സൗദി അറേബ്യയിലെ ഗ്രാൻഡ് മുഫ്തി ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله യുടെ ഔദ്യോഗിക പ്രസ്താവന: 

രണ്ട് വിശുദ്ധ പള്ളികളുടെ ഭൂമിയെ സംരക്ഷിക്കൽ, ഹൂതി ആക്രമണത്തെ പ്രതിരോധിക്കൽ, യമൻ രാഷ്ട്രത്തിന്റെ സ്ഥിരത പുനഃസ്ഥാപിക്കൽ

പത്രക്കുറിപ്പ്:

സൗദി അറേബ്യാ രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തിയും, മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ചെയർമാനും, പണ്ഡിത ഗവേഷണ-ഫത്‌വാ കാര്യങ്ങളുടെ ജനറൽ പ്രസിഡന്റുമായ, ബഹുമാന്യനായ ഡോ. സ്വാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാൻ حفظه الله, ഇന്ന് രാത്രി (2026 സെപ്റ്റംബർ 26 വ്യാഴാഴ്ച) മുൻനിരകളിൽ നിലയുറപ്പിച്ചിരിക്കുന്ന സൈനികർക്കും സഖ്യസേനകൾക്കും വേണ്ടി ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله പറഞ്ഞു:

സർവ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും. തീർച്ചയായും, ശുഭപര്യവസാനം മുത്തഖീങ്ങൾക്കാണ്. അക്രമം (ശിക്ഷാർഹമായ അതിക്രമം) അക്രമികൾക്കെതിരെയല്ലാതെ മറ്റാർക്കും ഇല്ല. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരനുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവൻ ആദ്യനും അന്ത്യനും ആകാശങ്ങളുടെയും ഭൂമികളുടെയും പരിപാലകനുമാകുന്നു. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദാസനും റസൂലും അവന്റെ ഖലീലും അവന്റെ വഹ്‌യ് ഏൽപ്പിക്കപ്പെട്ടവനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അന്ത്യദിനം വരെ അദ്ദേഹത്തിനും കുടുംബത്തിനും സ്വഹാബികൾക്കും അല്ലാഹുവിന്റെ ധാരാളമായ സ്വലാത്തും സലാമും ഉണ്ടാകട്ടെ.

അല്ലാഹു, മഹാനും പ്രതാപവാനുമായവൻ, ഈ നേരായ മതമായ ഇസ്‌ലാമിലൂടെ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലാഹു സുബ്ഹാനഹു വതആലാ പറഞ്ഞു:

> وَجَاهِدُوا فِي اللَّهِ حَقَّ جِهَادِهِ ۚ هُوَ اجْتَبَاكُمْ وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ ۚ مِّلَّةَ أَبِيكُمْ إِبْرَاهِيمَ ۚ هُوَ سَمَّاكُمُ الْمُسْلِمِينَ مِن قَبْلُ وَفِي هَٰذَا لِيَكُونَ الرَّسُولُ شَهِيدًا عَلَيْكُمْ وَتَكُونُوا شُهَدَاءَ عَلَى النَّاسِ ۚ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَاعْتَصِمُوا بِاللَّهِ هُوَ مَوْلَاكُمْ ۖ فَنِعْمَ الْمَوْلَىٰ وَنِعْمَ النَّصِيرُ

“അല്ലാഹുവിന്റെ മാർഗത്തിൽ അവനുവേണ്ടി നിർവഹിക്കേണ്ട രീതിയിൽ നിങ്ങൾ പരിശ്രമിക്കുക. അവൻ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ നിങ്ങൾക്ക് യാതൊരു പ്രയാസവും അവൻ ഏർപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാർഗം തന്നെയാണിത്. ഇതിന് മുമ്പും ഈ വേദഗ്രന്ഥത്തിലും അവൻ നിങ്ങളെ ‘മുസ്‌ലിംകൾ’ എന്ന് നാമകരണം ചെയ്തിരിക്കുന്നു; റസൂൽ നിങ്ങൾക്കെതിരെ സാക്ഷിയാകാനും നിങ്ങൾ ജനങ്ങൾക്കെതിരെ സാക്ഷികളാകാനും വേണ്ടിയാണത്. അതിനാൽ നിങ്ങൾ നമസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും അല്ലാഹുവിനെ മുറുകെ പിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായിയും!”

(അൽ-ഹജ്ജ് 22:78)

ഈ നല്ലതും അനുഗൃഹീതവുമായ ഭൂമിയായ സൗദി അറേബ്യാ രാജ്യത്ത്, നമ്മുടെ ഭരണാധികാരികൾക്ക് ചുറ്റും — അല്ലാഹു അവരെ സഹായിക്കട്ടെ — അഭിപ്രായൈക്യവും അണികളുടെ ഐക്യവും നൽകി അല്ലാഹു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.

സൗദി അറേബ്യാ രാജ്യത്തിന് അല്ലാഹു നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ്, അല്ലാഹുവിന്റെ ഗ്രന്ഥത്തിലും അവന്റെ റസൂലിന്റെ സുന്നത്തിലും ഈ രാജ്യത്തെ സ്ഥാപിച്ചതും, രണ്ട് വിശുദ്ധ പള്ളികളുടെ — അൽ-ബൈതുല്‍ അതീഖ് (മക്കയിലെ പുരാതന ഭവനം) എന്നും അല്ലാഹുവിന്റെ റസൂലിന്റെ ﷺ പള്ളി (മദീനയിലെ മസ്ജിദുന്നബവി) എന്നും — സേവനം ചെയ്യാനുള്ള ബഹുമതി നൽകിയതും.

രണ്ട് വിശുദ്ധ പള്ളികൾക്ക് ലഭിച്ചുവരുന്ന സേവനവും പരിപാലനവും, ഖുലഫാഉർ റാശിദൂന്റെ കാലഘട്ടം മുതൽ ഇതുവരെ അതുല്യമായതാണ്.

അതിനാൽ, ഈ മഹത്തായ രാഷ്ട്രത്തെ സംരക്ഷിക്കുക, അതിന്റെ അതിർത്തികളിൽ കാവൽ നിൽക്കുക, അതിനെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുക, അതിലെ ഒരു ചാണകവിരൽ വിസ്തീർണ്ണം പോലും ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ ശിക്ഷിക്കുക എന്നിവ ഏറ്റവും മഹത്തായ ബാധ്യതകളിലും ഏറ്റവും ശ്രേഷ്ഠമായ ആരാധനാകർമ്മങ്ങളിലും ഉൾപ്പെടുന്നു. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് അതിനായി ജീവനും ആത്മാവും സമർപ്പിക്കപ്പെടുന്നു.

പ്രത്യേകിച്ച്, ഈ മഹത്തായ രാഷ്ട്രം മുസ്‌ലിംകളുടെ വിശുദ്ധ സ്ഥാനങ്ങളെ ഉൾക്കൊള്ളുന്നതും, ഈ പുണ്യസ്ഥലങ്ങളിൽ ഇസ്‌ലാമിന്റെ മഹത്തായ ഒരു സ്തംഭമായ ഹജ്ജും, അതിന്റെ മഹത്തായ ആരാധനാകർമ്മങ്ങളിൽ ഒന്നായ ഉംറയും നിർവഹിക്കപ്പെടുന്നതുമാണ്.

അതുകൊണ്ട്, മുൻനിരകളിൽ നിലയുറപ്പിച്ചിരിക്കുന്ന നമ്മുടെ മക്കളോട് ഞങ്ങൾ ഉപദേശിക്കുന്നു: ക്ഷമയോടെ നിലകൊള്ളുക, സഹനത്തോടെ ഉറച്ചുനിൽക്കുക, നിങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട സ്ഥാനങ്ങളിൽ ഉറച്ചുനിൽക്കുക. കാരണം, അല്ലാഹു നിങ്ങൾക്ക് മഹത്തായ ഒരു ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും പ്രത്യേകം നൽകിയിരിക്കുന്നു.

അല്ലാഹു തആലാ പറഞ്ഞു:

> يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱصْبِرُوا۟ وَصَابِرُوا۟ وَرَابِطُوا۟ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُفْلِحُونَ

“സത്യവിശ്വാസികളേ, നിങ്ങൾ ക്ഷമിക്കുക, പരസ്പരം ക്ഷമയിൽ മത്സരിക്കുക, (അതിർത്തികളിൽ) കാവൽ നിലയുറപ്പിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക; നിങ്ങൾ വിജയികളായേക്കാം.”

(ആലു ഇംറാൻ 3:200)

നബി ﷺ പറഞ്ഞു എന്ന് അദ്ദേഹത്തിൽ നിന്ന് സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

> رِبَاطُ يَوْمٍ فِي سَبِيلِ اللَّهِ خَيْرٌ مِنَ الدُّنْيَا وَمَا عَلَيْهَا

“അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിവസം അതിർത്തിയിൽ കാവൽ നിൽക്കുന്നത് ഈ ലോകത്തെയും അതിലുള്ള മുഴുവൻ വസ്തുക്കളെയുംക്കാൾ ശ്രേഷ്ഠമാണ്.”

(സ്വഹീഹുൽ ബുഖാരി, 2892)

അതിർത്തിയിൽ കാവൽ നിൽക്കുന്ന വ്യക്തിയുടെ മഹത്വവും അതുമായി ബന്ധപ്പെട്ട ശ്രേഷ്ഠതകളും വളരെ വലുതാണ്. നബി ﷺ പറഞ്ഞതായി സ്വഹീഹായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്:

> رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ، وَإِنْ مَاتَ جَرَى عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ، وَأُجْرِيَ عَلَيْهِ رِزْقُهُ، وَأَمِنَ الْفَتَّانَ

“അല്ലാഹുവിന്റെ മാർഗത്തിൽ ഒരു പകലും ഒരു രാത്രിയും അതിർത്തിയിൽ കാവൽ നിൽക്കുന്നത് ഒരു മാസം നോമ്പനുഷ്ഠിക്കുകയും അതിലെ രാത്രികളിൽ നമസ്കരിക്കുകയും ചെയ്യുന്നതിനെക്കാൾ ശ്രേഷ്ഠമാണ്. അവൻ മരിച്ചാൽ, അവൻ ചെയ്തുകൊണ്ടിരുന്ന ആ കർമ്മത്തിന്റെ പ്രതിഫലം അവന് തുടർന്നും ലഭിച്ചുകൊണ്ടിരിക്കും; അവന്റെ ഉപജീവനം അവന് നൽകപ്പെടുകയും ചെയ്യും; പരീക്ഷിക്കുന്നവനിൽ നിന്ന് അവൻ സുരക്ഷിതനായിരിക്കുകയും ചെയ്യും.”

“മുൻനിരകളിൽ കാവൽ നിൽക്കുകയും, നിങ്ങളുടെ കടമ നിർവഹിക്കാൻ എല്ലായ്പ്പോഴും സന്നദ്ധരായിരിക്കുകയും, നിങ്ങളുടെ ഭരണാധികാരികളെയും യുദ്ധഭൂമിയിലെ കമാൻഡർമാരെയും കേൾക്കുകയും അനുസരിക്കുകയും, നിർദേശങ്ങൾ പൂർണ്ണ കൃത്യതയോടെ നടപ്പാക്കുകയും ചെയ്യുക. അല്ലാഹു തന്റെ റസൂലിന്റെ ﷺ സ്വഹാബികളോട് കൽപ്പിച്ചുകൊണ്ട് പറഞ്ഞു:

> وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥ وَلَا تَنَـٰزَعُوا۟ فَتَفْشَلُوا۟ وَتَذْهَبَ رِيحُكُمْ ۖ وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّـٰبِرِينَ

“നിങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുക. നിങ്ങൾ പരസ്പരം തർക്കിക്കരുത്; അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ധൈര്യം നഷ്ടപ്പെടുകയും നിങ്ങളുടെ ശക്തി ക്ഷയിച്ചുപോകുകയും ചെയ്യും. നിങ്ങൾ ക്ഷമിക്കുക. തീർച്ചയായും, ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു.”

(അൽ-അൻഫാൽ 8:46).

നിങ്ങൾ അവന്റെ റസൂലിന്റെ ﷺ സ്വഹാബികളുടെ കാൽപ്പാടുകൾ പിന്തുടരുകയാണ് ,മുസ്‌ലിംകളുടെ വിശുദ്ധ സ്ഥാനങ്ങളെ സംരക്ഷിക്കുകയും തൗഹീദിന്റെ പതാക ഉയർത്തിപ്പിടിക്കുകയും ചെയ്തുകൊണ്ട്.

സഖ്യസേനയിലെ നമ്മുടെ സഹോദരങ്ങൾക്കും ഞങ്ങൾ അഭിവാദ്യങ്ങളും ആദരവും അറിയിക്കുന്നു. നിങ്ങൾ മഹത്തായ ഒരു അതിർത്തിയിൽ, ശ്രേഷ്ഠവും മാന്യവുമായ ഒരു ദൗത്യത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ നിങ്ങൾ എല്ലാവരും അല്ലാഹുവിന്റെ കയറിനെ മുറുകെ പിടിക്കുക, നിങ്ങളുടെ അണികളെ ഏകീകരിക്കുക, പരസ്പരം സഹകരിക്കുക, നിങ്ങളുടെ നിലപാട് ഏകീകരിക്കുക. നിങ്ങളുടെ രക്ഷിതാവിന്റെ ഈ വചനത്തിന് അനുസൃതമായി:

> وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟

“നിങ്ങൾ എല്ലാവരും ഒരുമിച്ച് അല്ലാഹുവിന്റെ കയറിനെ (അതായത്, ഈ ഖുർആനിനെ) മുറുകെ പിടിക്കുക; നിങ്ങൾ ഭിന്നിക്കരുത്.”

(ആലു ഇംറാൻ 3:103)

നിങ്ങൾ ഭൂമിയിൽ കുഴപ്പം വ്യാപിപ്പിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും തങ്ങളുടെ ഭരണാധികാരികൾക്കെതിരെ കലാപം നടത്തുകയും മുസ്‌ലിംകളുടെ വിശുദ്ധ സ്ഥാനങ്ങൾക്ക് തിന്മ വരുത്താൻ ശ്രമിക്കുകയും ചെയ്ത ഒരു ശത്രുവിനോടാണ് പോരാടുന്നതെന്ന് മനസ്സിലാക്കുക. എന്നാൽ അല്ലാഹു തആലാ അവരുടെ കാര്യത്തിൽ സദാ ജാഗരൂകനാണ്.

ഹൂതികൾ ഒരു ദുഷിച്ച സംഘമാണ്; ശത്രുക്കളുടെ ഒരു ഗൂഢപദ്ധതിയാണ്. വിശ്വാസത്തിലും (അഖീദയിലും) രീതിശാസ്ത്രത്തിലും (മൻഹജിലും) ഉള്ള അഴിമതിയുടെ അടിസ്ഥാനത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്. വർഷങ്ങളായി തുടർന്നുവന്ന വിവിധ കലാപങ്ങളിലൂടെ അവർ തങ്ങളുടെ (യമനിലെ) ഭരണാധികാരികൾക്കെതിരെ കലാപം നടത്തി; ഒടുവിൽ അത് രാജ്യത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നതിലേക്ക് നയിച്ചു.

അതിനാൽ, ഈ വഴിപിഴച്ച വിഭാഗത്തിനും വ്യതിചലിച്ച സംഘത്തിനുമെതിരെ നിങ്ങൾ ഒരൊറ്റ അണിയായി നിലകൊള്ളുക. അവർ:

നബി ﷺയുടെ സ്വഹാബികളെ കാഫിറുകളായി പ്രഖ്യാപിക്കുന്നു;

മുസ്‌ലിംകളുടെ രക്തം ചൊരിയുന്നത് അനുവദനീയമാക്കുന്നു;

അവരുടെ പള്ളികൾ പൊളിച്ചുനീക്കുകയും നശിപ്പിക്കുകയും ചെയ്ത് അവയുടെ പവിത്രത ലംഘിക്കുന്നു.

നിയമാനുസൃതമായ നേതൃത്വത്തിന് കീഴിൽ യമനിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുക എന്നത് ഏറ്റവും നിർബന്ധിതമായ ബാധ്യതകളിൽ ഒന്നാണ്. അതുവഴി നമ്മുടെ യമനി സഹോദരങ്ങൾക്ക് സുരക്ഷിതത്വത്തിലും സമാധാനത്തിലും ക്ഷേമത്തിലും സ്ഥിരതയിലും ജീവിക്കാനും, അവരുടെ രാഷ്ട്രത്തിന് വീണ്ടും ഇസ്‌ലാമിക ലോകത്തിലെ മറ്റു രാജ്യങ്ങൾക്കൊപ്പം വികസനത്തിലും ഐക്യത്തിലും മുന്നേറാനും കഴിയട്ടെ.

അല്ലാഹുവാണ് നിങ്ങളുടെ സഹായിയും സംരക്ഷകനും. അതിനാൽ അവനിൽ നിങ്ങൾ ഭരമേൽപ്പിക്കുക:

> إِن يَنصُرْكُمُ ٱللَّهُ فَلَا غَالِبَ لَكُمْ ۖ وَإِن يَخْذُلْكُمْ فَمَن ذَا ٱلَّذِى يَنصُرُكُم مِّنۢ بَعْدِهِۦ ۗ وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُؤْمِنُونَ

“അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കിൽ നിങ്ങളെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. എന്നാൽ അവൻ നിങ്ങളെ കൈവിടുകയാണെങ്കിൽ, അതിനുശേഷം അവനല്ലാതെ നിങ്ങളെ സഹായിക്കാൻ ആരാണുള്ളത്? അതിനാൽ സത്യവിശ്വാസികൾ അല്ലാഹുവിൽ തന്നെ ഭരമേൽപ്പിക്കട്ടെ.”

(ആലു ഇംറാൻ 3:160).

അല്ലാഹു തആലാ നിങ്ങൾക്കെല്ലാവർക്കും തന്റെ സഹായം നൽകുകയും, നമ്മുടെ രാജ്യത്തെയും പ്രിയപ്പെട്ട യമനെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

ഹൂതി സംഘത്തിന്റെ വേരറുത്തുകളയുകയും, അവരെ സഹായിക്കുകയും അവരോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന എല്ലാവരെയും ഇല്ലാതാക്കുകയും ചെയ്യണമെന്ന് മഹത്വവാനായ അല്ലാഹുവിനോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. തീർച്ചയായും, അതിന്റെ അധികാരിയും അതിന് പൂർണ്ണ കഴിവുള്ളവനും അവൻ തന്നെയാണ്.

സർവ്വലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിന് സർവ്വസ്തുതിയും.

സൗദി അറേബ്യാ രാജ്യത്തിന്റെ ഗ്രാൻഡ് മുഫ്തി
മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ചെയർമാനും
പണ്ഡിത ഗവേഷണ-ഇഫ്താ കാര്യങ്ങളുടെ ജനറൽ പ്രസിഡന്റും

ഡോ. സ്വാലിഹ് ബിൻ ഫൗസാൻ ബിൻ അബ്ദുല്ല അൽ-ഫൗസാൻ حفظه الله

റിയാദ്
1448 റബീഉൽ ആഖിർ 13
ക്രി. 2026 സെപ്റ്റംബർ 24-ന് തത്തുല്യം

പ്രസിദ്ധീകരിച്ച സമയം: 22:48.

സ്ത്രോതസ് :

https://spa.gov.sa/ar/N2685324?type=news&uuid=N2685324

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്