രോഗലക്ഷണങ്ങളിലും അവയെക്കുറിച്ചുള്ള ദീർഘമായ പഠന-വായനയിലും മുഴുകാതെ ചികിത്സയിലേക്ക് ശ്രദ്ധ തിരിക്കുക
രോഗലക്ഷണങ്ങളിലും അവയെക്കുറിച്ചുള്ള ദീർഘമായ പഠന-വായനയിലും മുഴുകാതെ ചികിത്സയിലേക്ക് ശ്രദ്ധ തിരിക്കുക
വീഡിയോ താഴെ :
ഷെയ്ഖ് മുസ്തഫാ മുബ്റം حفظه الله تعالى പറഞ്ഞു:
“പലരും നിങ്ങളുടെ അടുത്ത് വന്ന് ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അതിനാൽ, ഈ സദസ്സിലും ഈ ദർസിലും പൊതുവായി നൽകുന്ന ഒരു ഉപദേശമാണിത്.
ചില പ്രത്യേക രോഗങ്ങളാൽ പരീക്ഷിക്കപ്പെടുന്നവരെ സംബന്ധിച്ച്, പ്രത്യേകിച്ചും ഒരാൾക്ക് മാനസികമോ മനഃശാസ്ത്രപരമോ എന്ന് പറയാവുന്ന തരത്തിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, നാം ഇത് പല തവണ പറഞ്ഞിട്ടുണ്ട്.
ഉദാഹരണത്തിന്, അമിതമായ ചിന്തകളും സംശയങ്ങളും, അല്ലെങ്കിൽ ചില ലക്ഷണങ്ങൾ അനുഭവപ്പെടുകയും അതിന്റെ കാരണം ജിന്ന് ബാധിച്ചതോ, സിഹ്ർ ബാധിച്ചതോ, കണ്ണേറ് ഏറ്റതോ ആണെന്ന് ഒരാൾ കരുതുകയും ചെയ്യുമ്പോൾ.
ഇത്തരം പ്രശ്നങ്ങളുടെ ചികിത്സയിൽ ആദ്യം സ്വീകരിക്കേണ്ട നടപടികളിലൊന്ന് രോഗത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്നത് അവസാനിപ്പിക്കുകയാണ്.
നിങ്ങൾ രോഗലക്ഷണങ്ങളിൽ കൂടുതൽ മുഴുകുകയും അവയെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്യുന്നതനുസരിച്ച്, നിങ്ങൾ ആ രോഗവുമായി കൂടുതൽ ബന്ധപ്പെട്ടുകൊണ്ടിരിക്കും.
കൂടാതെ, നിങ്ങൾ ഏതെങ്കിലും പ്രത്യേക ഘട്ടത്തിലെത്തിയോ എന്ന് സ്വയം നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
ഉദാഹരണത്തിന് അല്ലാഹു നമ്മെയും നിങ്ങളെയും സംരക്ഷിക്കട്ടെ ഒരാൾക്ക് കാൻസറിന്റെ നാലാം ഘട്ടത്തിലെത്തിയോ, അതായത് അവസാന ഘട്ടത്തിലെത്തിയോ എന്ന് നിരന്തരം ചിന്തിക്കാൻ തുടങ്ങാം.
ഇതുതന്നെ വസ്വാസിന്റെ കാര്യത്തിലും സംഭവിക്കാം.
ഒരാൾ അതിനെക്കുറിച്ച് കൂടുതൽ വായിച്ചുകൊണ്ടിരിക്കും; അതുമായി ബന്ധപ്പെട്ട് കിട്ടുന്ന എല്ലാ പുസ്തകങ്ങളും വായിക്കാൻ തുടങ്ങും.
രോഗത്തെ നിരന്തരം പരിശോധിക്കുന്നതിനു പകരം ചികിത്സയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
അതുകൊണ്ടാണ് ഒന്നിലധികം ആളുകൾ ഞങ്ങളുടെ അടുത്ത് വരുമ്പോൾ, ചിലപ്പോൾ ഞാൻ മനഃപൂർവം അവരെ സംസാരിക്കുന്നതിൽ നിന്ന് തടയുന്നത്.
ചിലപ്പോൾ ഞാൻ അവരോട് നിർബന്ധമായും മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും അവരുടെ എല്ലാ വിശദാംശങ്ങളും കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യും.
അയാൾ ഒരു ലക്ഷണം പറയുന്നു, പിന്നെ രണ്ടാമത്തേത്, പിന്നെ മൂന്നാമത്തേത്. അപ്പോൾ ഞാൻ പറയും: ‘മതി!’
കാരണം, ആ സമയത്ത് അയാൾ നിങ്ങളോട് ഒരു മുഴുവൻ പുസ്തകം തന്നെ വായിച്ചുകേൾപ്പിക്കാൻ തുടങ്ങും.
അവന് എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കുന്ന ഒരു പുസ്തകം മുഴുവൻ അയാൾ ഏതാണ്ട് മനഃപാഠമാക്കിയിട്ടുണ്ടാകും.
ഉണർന്നിരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്, ഉറങ്ങുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നിങ്ങനെ എല്ലാം വിശദീകരിച്ചുകൊണ്ടിരിക്കും.
അല്ല! ഇത് ശരിയായ രീതിയല്ല.
പ്രത്യേകിച്ച് ഇത്തരം രോഗങ്ങളുടെ കാര്യത്തിൽ, അവയെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അമിതമായ വിശദാംശങ്ങളിലേക്ക് പോകുകയും ചെയ്യുന്നത് തന്നെ പ്രശ്നത്തിന്റെ ഒരു ഭാഗമായി മാറിയേക്കാം. ഒരു മുസ്ലിം ഇത് തിരിച്ചറിയേണ്ടതുണ്ട്.
നിങ്ങൾക്ക് അസ്വസ്ഥതയോ ഉത്കണ്ഠയോ അനുഭവപ്പെടുന്നു, അല്ലെങ്കിൽ നിങ്ങളുടെ ഉള്ളിൽ എന്തെങ്കിലും മാറ്റങ്ങളോ അസ്വസ്ഥതകളോ അനുഭവപ്പെടുന്നു എന്നതിന്റെ പേരിൽ മാത്രം, നിരന്തരം അതിനെക്കുറിച്ച് സംസാരിക്കുകയും അതിന്റെ ലക്ഷണങ്ങൾ അന്വേഷിച്ചുകൊണ്ട് അതിൽ മുഴുകുകയും ചെയ്യുന്നത് ശരിയായ സമീപനമല്ല.
അല്ലാഹു തആലാ പറയുന്നു:
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إِلَّا خَسَارًا
“വിശ്വാസികൾക്ക് രോഗശമനവും കാരുണ്യവുമായിട്ടുള്ളത് നാം ഖുർആനിൽ നിന്ന് അവതരിപ്പിക്കുന്നു. എന്നാൽ അക്രമികൾക്ക് അത് നഷ്ടമല്ലാതെ മറ്റൊന്നും വർധിപ്പിക്കുന്നില്ല.”
സൂറത്തുൽ ഇസ്റാഅ് 17:82
അല്ലാഹു പറയുന്നു:
قُلْ هُوَ لِلَّذِينَ آمَنُوا هُدًى وَشِفَاءٌ ۖ
“പറയുക: വിശ്വസിച്ചവർക്ക് അത് മാർഗദർശനവും രോഗശമനവുമാകുന്നു.”
സൂറത്ത് ഫുസ്സിലത്ത് 41:44
അതിനാൽ, ഒരാൾക്ക് യഥാർത്ഥത്തിൽ ഈ രോഗമുണ്ടായാലും ഇല്ലെങ്കിലും, ഒരു മുസ്ലിം അവന്റെ ശ്രദ്ധ ചികിത്സയിലേക്ക് തിരിക്കണം.
മനഃശാസ്ത്രപരമായ കാര്യങ്ങളിൽ മുഴുകുകയും അവയെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും ചെയ്യരുത്.
ഇങ്ങനെയാണ് ഇത്തരം കാര്യങ്ങൾ ആരംഭിക്കുന്നത്. വസ്വാസുപോലുള്ള കാര്യങ്ങളിലൂടെ ശൈത്വാൻ ഒരു വ്യക്തിയുടെ മേൽ സ്വാധീനം നേടുന്നു.
ഒരാൾ ഇത്തരം വിഷയങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കുകയും, ചർച്ച ചെയ്യുകയും, വായിക്കുകയും, അവയുടെ ലക്ഷണങ്ങളുണ്ടോ എന്ന് തുടർച്ചയായി പരിശോധിക്കുകയും ചെയ്യുന്നതിനാൽ, അവന്റെ ഉള്ളിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെട്ടാൽ അതിന്റെ കാരണം ജിന്ന് ബാധയോ, സിഹ്റോ, കണ്ണേറോ ആയിരിക്കാം എന്ന് കരുതി പഴയതും പുതിയതുമായ എല്ലാ പുസ്തകങ്ങളും വായിച്ചുതുടങ്ങുന്നതായി നിങ്ങൾ കാണാം.
നിങ്ങളുടെ ശ്രദ്ധ ചികിത്സയിലേക്ക് തിരിക്കുക.
നിങ്ങളിൽ എന്തോ ശരിയല്ലെന്ന് നിങ്ങൾക്ക് തോന്നുന്നിടത്തോളം, ലക്ഷണങ്ങളെ നിരന്തരം പരിശോധിക്കുകയും അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനുപകരം ചികിത്സ തേടുന്നതിലേക്കാണ് നിങ്ങളുടെ ശ്രദ്ധ തിരിക്കേണ്ടത്.”
മാനസിക രോഗങ്ങളെ നേരിടാൻ, അവയുടെ കാരണമനുസരിച്ച് രണ്ട് ചികിത്സാ രീതികളുണ്ട്, എന്ന് ഷെയ്ഖുമാരായ, ബിൻ ബാസ്, ഉസൈമീൻ رحمه الله പറഞ്ഞിട്ടുണ്ട്. ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞു :
" ശരീരത്തിലെ രാസപരമായ അസന്തുലിതാവസ്ഥ പോലുള്ള കാരണങ്ങളാൽ ഉണ്ടാകുന്ന മാനസിക രോഗങ്ങൾക്ക് മാനസിക രോഗവിദഗ്ധന്റെ ചികിത്സയ തേടണം ശൈതാനിൽനിന്നുണ്ടാകുന്ന ദുഷ്ചിന്തകൾക്കും അസ്വസ്ഥതകൾക്കുമുള്ള ഖുർആൻ-സുന്നത്ത് അധിഷ്ഠിത ചികിത്സയും തേടണം ".
രണ്ടിനും ഖുർആൻ ഓതുകയും ചെയ്യാം.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment