സിഹ്റിന്റെ യാഥാർത്ഥ്യം ഖുർആനിലും ഹദീസിലും
സിഹ്റിന്റെ യാഥാർത്ഥ്യം ഖുർആനിലും ഹദീസിലും.
സിഹ്റ് (മാരണം) യാഥാർത്ഥ്യമാണ് .കാരണം അല്ലാഹു അതിനെക്കുറിച്ചു പരിചയപ്പെടുത്തിയത് അതൊരു പഠിപ്പിക്കപ്പെടുന്ന ഒരു വിജ്ഞാനമായാണ് , അത് പഠിച്ചവൻ അവിശ്വാസിയാകും, എന്നാൽ അതിന് സ്വയം കഴിവില്ല, അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ ഫലിക്കുകയുള്ളു.
ഷെയ്ഖ് സാലിഹ് അൽ ഫൗസാൻ حفظه الله, കിതാബുത്തൗഹീദിന്റെ വിശദീകരണത്തിൽ സൂറത്തുൽ ബഖറയിലെ 102 മത്തെ വചനമാണ് സിഹ്റിന് യാഥാർത്ഥ്യമുണ്ടെന്നതിന് തെളിവാക്കിയത്.
സുലൈമാൻ നബി عليه السلام ന്റേ രാജവാഴ്ചയെപ്പറ്റി പിശാചുക്കൾ പ്രചരിപ്പിച്ചത്, സുലൈമാൻ നബി عليه السلام ന് സിഹ്റ് ബാധിച്ചു എന്നാണ്. ഇത് ജൂതന്മാർ പിന്‍പറ്റുകയും ചെയ്തു. അപ്പോൾ അവരെ ഖണ്ഡിക്കാനും, സുലൈമാൻ നബി عليه السلام ന് സിഹ്റ് ബാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കാനുമാണ് ഈ ആയത്ത് അവതരിച്ചത്.
സിഹ്റുമായി ബന്ധപ്പെട്ട് അത് പഠിക്കുന്നതും പഠിപ്പിക്കുന്നതും അവിശ്വാസമാണ് എന്ന തരത്തിൽ മൂന്ന് പ്രാവശ്യവും, അതൊരു വിജ്ഞാനമാണ് എന്ന നിലയിൽ നാലു പ്രാവശ്യവും ഈ ഒറ്റ ആയത്തിൽ പരാമർശിച്ചിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
وَٱتَّبَعُوا۟ مَا تَتْلُوا۟ ٱلشَّيَـٰطِينُ عَلَىٰ مُلْكِ سُلَيْمَـٰنَ ۖ وَمَا كَفَرَ سُلَيْمَـٰنُ وَلَـٰكِنَّ ٱلشَّيَـٰطِينَ كَفَرُوا۟ يُعَلِّمُونَ ٱلنَّاسَ ٱلسِّحْرَ وَمَآ أُنزِلَ عَلَى ٱلْمَلَكَيْنِ بِبَابِلَ هَـٰرُوتَ وَمَـٰرُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَآ إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِۦ بَيْنَ ٱلْمَرْءِ وَزَوْجِهِۦ ۚ وَمَا هُم بِضَآرِّينَ بِهِۦ مِنْ أَحَدٍ إِلَّا بِإِذْنِ ٱللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا۟ لَمَنِ ٱشْتَرَىٰهُ مَا لَهُۥ فِى ٱلْـَٔاخِرَةِ مِنْ خَلَـٰقٍ ۚ وَلَبِئْسَ مَا شَرَوْا۟ بِهِۦٓ أَنفُسَهُمْ ۚ لَوْ كَانُوا۟ يَعْلَمُونَ
" സുലൈമാന്റെ രാജവാഴ്ചയെപ്പറ്റി പിശാചുക്കള്‍ ഓതി (പ്രചരിപ്പിച്ചു) വന്നിരുന്നതിനെ അവര്‍ (ജൂതന്മാർ) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ അവിശ്വസിച്ചിട്ടില്ലതാനും. എങ്കിലും, മനുഷ്യര്‍ക്ക് 'സിഹ്ര്' [ആഭിചാരം] പഠിപ്പിച്ചു കൊണ്ട് പിശാചുക്കളത്രെ അവിശ്വാസികളായത്. ബാബിലില്‍ [ബാബിലോണില്‍] ഹാറൂത്തും, മാറൂത്തുമെന്ന രണ്ട് മലക്കുകള്‍ക്ക് ഇറക്കപ്പെട്ടതും (അവര്‍ പിന്‍പറ്റി) (അവരാകട്ടെ) 'ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാണ്, അതിനാല്‍ നീ അവിശ്വസിച്ചു പോകരുത്' എന്ന് പറയാതെ ഒരാള്‍ക്കും അവര്‍ രണ്ടാളും പഠിപ്പിച്ചിരുന്നതുമില്ല. എന്നാല്‍, മനുഷ്യന്റെയും, അവന്റെ ഇണയുടെയും ഇടയില്‍ ഭിന്നിപ്പിക്കുന്ന കാര്യം അവര്‍ ആ രണ്ടാളില് നിന്നും പഠിച്ചിരുന്നു. (വാസ്തവത്തില്‍), അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ ഒരാള്‍ക്കും തന്നെ അതുകൊണ്ട് അവര്‍ ഉപദ്രവം വരുത്തുന്നവരല്ലതാനും, അവര്‍ക്ക് ഉപദ്രവം വരുത്തുകയും അവര്‍ക്ക് ഉപകാരം ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യം അവര്‍ പഠിക്കുകയും ചെയ്യും. തീര്‍ച്ചയായും, അവര്‍ അറിഞ്ഞിട്ടുണ്ട്: അതിനെ ആര് വാങ്ങിയോ അവന് പരലോകത്തില്‍ യാതൊരു ഓഹരിയും ഇല്ലെന്ന്. യാതൊന്നിന് (പകരം) അവര്‍ തങ്ങളുടെ സ്വന്തങ്ങളെ വിറ്റു (കളഞ്ഞു)വോ അത് വളരെ ചീത്തതന്നെ! അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ (നന്നായേനേ).
(2:102).
സിഹ്റ് പഠിക്കാൻ കഴിയുന്ന ഒരു വിജ്ഞാനമാണെന്ന് അല്ലാഹു വ്യക്തമായി പറഞ്ഞു. അത് കൊണ്ട് അത് യാഥാർത്ഥ്യമുള്ളതാണ്.
സിഹ്റിന് യാഥാർത്ഥ്യമുള്ളത് കൊണ്ടാണ് , ആ വിജ്ഞാനം പഠിക്കൽ വിരോധിക്കപ്പെട്ടതും, അതിലൂടെ അവിശ്വാസിയായിപ്പോകുന്നതും.
സിഹ്റ് കൊണ്ട് ഇണകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കിയവനും അവിശ്വാസിയായിപ്പോകുന്നു.സിഹ്റ് യാഥാർത്ഥ്യമല്ലെങ്കിൽ , അത് പഠിപ്പിക്കുന്നവനും, ഇണകൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കിയവനും എന്ത് കൊണ്ട് അവിശ്വാസിയാവണം ? അവിശ്വാസിയായിപ്പോകുക എന്നത് വളരെ ഗൗരവമായ വിഷയമല്ലേ? അവിശ്വാസി ആയാൽ , പിന്നെ അവന്റെ പിന്നിൽ നിസ്കാരമില്ല, അവൻ അറുത്തത് കഴിക്കാൻ പാടില്ല, അവന് അനന്തര സ്വത്തില്ല, അവൻ നരകത്തിൽ പ്രവേശിക്കും.ഇണകളെ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്നവർ സമൂഹത്തിലുണ്ടല്ലൊ. എന്നാൽ അങ്ങനെ ഭിന്നിപ്പുണ്ടാക്കുന്നവർ പാപമാണ് ചെയ്യുന്നത് എന്നല്ലാതെ, അവിശ്വാസികളാകും എന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. എന്നാൽ ഈ ഭിന്നിപ്പുണ്ടാക്കുന്നത് സിഹ്റ് വഴിയാണെങ്കിൽ അവിശ്വാസിയാകും എന്നത് സിഹ്റിന്റെ യാഥാർത്ഥ്യത്തെയാണ് സൂചിപ്പിക്കുന്നത്. സിഹ്റിന് യാഥാർത്ഥ്യമില്ല എന്നതാണ് വസ്തുതയെങ്കിൽ ഒരു വിശ്വാസി അവിശ്വാസിയായിപ്പോവുകയില്ല. ഇത് സിഹ്റിന്റെ യാഥാർത്ഥ്യത്തെയും ഗൗരവത്തേയുമാണ് സൂചിപ്പിക്കുന്നത്. സിഹ്റ് ചെയ്തതിന്റെ ഫലമാണ്, വിശ്വാസി അവിശ്വാസിയാകുന്നത്. ഒരു വ്യക്തിയുടെ മേൽ സിഹ്ർ ചെയ്താൽ, ആ സിഹ്റ് ചെയ്ത വ്യക്തിക്ക് നൽകുന്ന ശിക്ഷ സിഹ്റ് പഠിച്ചാൽ തന്നെ അവന് ബാധകമാണ് എന്ന് അല്ലാഹു വ്യക്തമാക്കുന്നു. കാരണം പഠിച്ചവൻ അത് പ്രയോഗത്തിൽ കൊണ്ട് വന്നാൽ ഉപദ്രവം ഏൽക്കാം , അല്ലാഹു ഉദ്ദേശിച്ചാൽ.
അത് ഈ ആയത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം, അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ സിഹ്റ് ഫലിക്കുകയുള്ളു, അല്ലാഹുവിന്റെ മറ്റു പരീക്ഷണങ്ങൾ പോലെ അതൊരു പരീക്ഷണമാണ്. സിഹ്റ് ബാധ ഏറ്റവന് അത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്.
സിഹ്റ് അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ ഫലിക്കുകയുള്ളു.അല്ലാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിഹ്റ് ഫലിച്ചാലും ഇല്ലെങ്കിലും അത് പഠിച്ചവനും , അത് പ്രയോഗത്തിൽ കൊണ്ട് വരുന്നവനും അവിശ്വാസി ആകും. പഠിച്ചവൻ അത് പ്രയോഗത്തിൽ കൊണ്ട് വന്നാൽ ഉപദ്രവം ഏൽക്കാം , അല്ലാഹു ഉദ്ദേശിച്ചാൽ.അത് കൊണ്ട് ഒരു സത്യവിശ്വാസിക്ക് അത് അനുവദനീയമല്ല. എന്നാൽ ഇന്ന് ചിലർ സത്യവിശ്വാസികളെ വെല്ലുവിളിക്കുന്നു, നമ്മെ സിഹ്റ് ബാധിപ്പിക്കൂ, അത് ഒരിക്കലും ഫലിക്കില്ല എന്ന് തെളിയിക്കാം എന്ന്. സത്യവിശ്വാസികളോട് ഈ വെല്ലുവിളി നടത്തുന്നത് അടിസ്ഥാനരഹിതമാണ്.കാരണം സിഹ്റ് ബാധിപ്പിക്കക സത്യവിശ്വാസിക്ക് അനുവദനീയമല്ല. അവൻ അവിശ്വാസിയായിപ്പോകും. നരകത്തിൽ പ്രവേശിക്കുകയും ചെയ്യും.
സിഹ്റിൽ വിശ്യസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന ഹദീസുദ്ധരിച്ച് ചിലർ പറയുന്നു: അതിനാൽ സിഹ്റിന് ഫലമുണ്ട് എന്ന് വിശ്വസിക്കരുത്, ഉണ്ട് എന്ന് വിശ്യസിച്ചാൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല . ഇത് ഹദീസിനെ തെറ്റായി മനസ്സിലാക്കലാണ്.
ഈ ഹദീസിലെ സിഹ്റിൽ വിശ്വസിക്കുക എന്നതിനെ പണ്ഡിതന്മാർ വിശദീകരിച്ചത് മാരണക്കാരിലും, ജ്യോത്സ്യന്മാരിലും അവരുടെ വർത്തമാനങ്ങളിലും വിശ്വാസമർപ്പിക്കുക എന്ന അർത്ഥത്തിലാണ്. ഉദാഹരണത്തിന് ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് കാണുക:
" والمصدق به هو المصدق بما يخبر به المنجمون فإذا قال المنجم إنه سيكون كذا وكذا صدق فهذا لا يدخل الجنة ".
" അതിൽ (സിഹ്റിൽ) വിശ്വസിക്കുന്നവൻ ജ്യോത്സ്യന്മാർ പറയുന്നതിൽ വിശ്വസിക്കുന്നവനാണ്, അതിനാൽ കാര്യം അങ്ങനെയായിരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞാൽ, അവനത് വിശ്വസിക്കുന്നു, അവൻ സ്വർഗത്തിൽ പ്രവേശിക്കില്ല ".
ക്രിസ്തു മതത്തിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ക്രിസ്തു മതമില്ല , അതൊരു യാഥാർത്ഥ്യമല്ല എന്നല്ലല്ലോ. ക്രിസ്തു മതം പഠിച്ച്, അംഗീകരിച്ച്, ആ മതത്തിൽ പറയുന്നത് വിശ്വസിച്ച് ജീവിതത്തിൽ പ്രായോഗികമാക്കിയവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നാണ് അതിനർത്ഥം. അതേ പോലെ സിഹ്റ് പഠിക്കുകയും, അത് അംഗീകരിച്ച്, അതിന്റെ വിശ്യാസം ജീവിതത്തിൽ പ്രായോഗികമാക്കിയ ജ്യോത്സ്യനും, ജ്യോത്സ്യൻ പറയുന്നത് വിശ്വസിക്കുന്നവനും, സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. അല്ലാഹു മുകളിലത്തെ ആയത്തിലും, സിഹ്റ് പഠിച്ചാൽ അവിശ്വാസി ആകും, അഥവ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് വ്യക്തമാക്കിയല്ലൊ. അത് കൊണ്ട് ഈ ഹദീസ് ഖുർആനിനോട് യോജിക്കുന്നു. അല്ലാതെ സിഹ്റിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നതിനർത്ഥം സിഹ്റിനു ഹഖീഖത് (ഫലം , യാഥാർഥ്യം) ഉണ്ട് എന്ന് വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നല്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment