സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവി ഖുർആൻ കല്പിച്ച തർക്കത്തെ നിരാകരിക്കുകയാണോ?

സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവി ഖുർആൻ കല്പിച്ച തർക്കത്തെ നിരാകരിക്കുകയാണോ?

സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവി ഖുർആനിലെ ഒരു അടിസ്ഥാന പ്രമാണത്തെ, ഖുർആൻ കല്പിച്ച തർക്കത്തെ നിരാകരിക്കുന്ന തരത്തിലുള്ള ആശയമാണ് മാസപ്പിറവി: മൻഹജും മസ്‌അലയും, എന്ന പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

അതിൻ്റെ ആദ്യത്തെ എഡിഷൻ 2023/1444 ഹിജ്റ വർഷം  പ്രസിദ്ധീകരിച്ചത്- അതിൽ പേജ് 36, 37 ൽ അദ്ദേഹം പറയുന്നത് വായിക്കാം :

" മിക്കപ്പോഴും ഒരു സത്യത്തെ റദ്ദുചെയ്യാനോ, അല്ലെങ്കിൽ ഒരു അസത്യം സ്ഥാപിക്കാനോ വേണ്ടിയാണ് പലരും തർക്കത്തിലേർപ്പെടാറുള്ളത്. 

എന്നാൽ ഒരു സത്യമോ ന്യായമോ സ്ഥാപിക്കാൻ വേണ്ടിയുള്ള തർക്കം പോലും വർജ്ജിക്കുകയാണ് വേണ്ടത്. കാരണം തർക്കത്തിൽ ഏർപ്പെട്ടു കഴിഞ്ഞാൽ ഞാൻ എന്ന ഭാവമായിരിക്കും മികച്ചു നിൽക്കുക. പിന്നീട് തൻ്റെ ഈഗോയെ തൃപ്തിപ്പെടുത്താൻ അവൻ ഏത് അന്യായമായ മാർഗ്ഗവും അവലംബിക്കും. 

എന്നാൽ സത്യദീൻ പ്രചരിപ്പിക്കാനുള്ള അനുവദനീയവും നിർദ്ദോഷകരവുമായ ഒരു മാർഗ്ഗമായിട്ടാണ് ഇന്ന് പലരും തർക്കത്തെ കാണുന്നത്. ഇത് ഒരു തെറ്റിദ്ധാരണ മാത്രമാണ്. കാര്യം അങ്ങനെയല്ല. 

തർക്കവും സംവാദവും ഒരു വിശ്വാസിക്ക് യോജിച്ച നടപടിയേ അല്ല. അത് മറ്റുള്ളവരെ നേർവഴിയിലേക്ക് നയിക്കാൻ സഹായകമാവില്ലെന്നു മാത്രമല്ല, താൻ കൂടി അറിയാതെ വഴികേടിലേക്ക് വ്യതിചലിച്ച് പോകാൻ കാരണമായിത്തീരുകയും ചെയ്യും ".

എന്നിട്ടദ്ദേഹം തെളിവ് ഉദ്ധരിക്കുന്നു:

" നബി صلى الله عليه وسلم പറയുന്നത് കാണുക:

അബൂ ഉമാമ رضي الله عنه നിവേദനം. നബി صلى الله عليه وسلم പറയുന്നു: സത്യം തന്റെ പക്ഷത്താണെങ്കിലും തർക്കം ( المراء ) ഉപേക്ഷിക്കുന്നവന് സ്വർഗ്ഗത്തോട് ചേർന്ന് ഒരു കൊട്ടാരം നൽകാമെന്നതിനും, തമാശയിൽ പോലും കളവ് വെടിയുന്നവന് സ്വർഗ്ഗമധ്യത്തിൽ ഒരു കൊട്ടാരം നൽകാമെന്നതിനും, സ്വഭാവം ഉദാത്തവൽക്കരിച്ചവന് സ്വർഗ്ഗത്തിന്റെ ഉയർന്ന ഭാഗത്ത് ഒരു കൊട്ടാരം നൽകാമെന്നതിനും ഞാൻ ഉത്തരവാദിയാണ്.» 

(അബൂ ദാവൂദ് സുനനിൽ ഉദ്ധരിച്ചത്).

സംവാദം വിശ്വാസത്തിനേൽപിക്കുന്ന ആഘാതം ഇത്രമേൽ മാരകമാണെന്നതിനാൽ സച്ചരിതരായ സലഫുകൾ അതിന്റെ വഴി പൂർണ്ണമായി കൊട്ടിയടക്കുകയാണ് ചെയ്തിരുന്നത്".

ശേഷം അദ്ദേഹം പറയുന്നു:

" പ്രസിദ്ധ താബിഈവര്യനായ ഇബനു സീരീൻ തർക്കത്തിനു കോപ്പുകൂട്ടിവരുന്നവരുമായി ഒരക്ഷരം പോലും സംസാരിക്കാനോ, അവരിൽനിന്ന് എന്തെങ്കിലും കേൾക്കാനോ സമ്മതിക്കുമായി രുന്നില്ല ".

ഇവിടെ അദ്ദേഹം പറഞ്ഞു:

" തർക്കവും സംവാദവും ഒരു വിശ്വാസിക്ക് യോജിച്ച നടപടിയേ അല്ല ".


" സംവാദം വിശ്വാസത്തിനേൽപിക്കുന്ന ആഘാതം ഇത്രമേൽ മാരകമാണെന്നതിനാൽ സച്ചരിതരായ സലഫുകൾ അതിന്റെ വഴി പൂർണ്ണമായി കൊട്ടിയടക്കുകയാണ് ചെയ്തിരുന്നത്."

 എന്നാൽ ഖുർആൻ വ്യക്തമായി പറയുന്നു:

وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ

“അവരോട് ഏറ്റവും നല്ല രീതിയിൽ ( പ്രമാണങ്ങൾ കൊണ്ട്) തർക്കിക്കുക .”

(16: 125).

അപ്പോൾ ഹദീസിൽ വന്ന “ അൽ മിറാഅ്” (المراء ) എന്ന പദത്തിന്റെ ഉദ്ദേശം എന്താണ്? അത് എല്ലാ തരത്തിലുള്ള സംവാദങ്ങളെയും ഉൾക്കൊള്ളുന്നുണ്ടോ?

ഇത് വിശദീകരിച്ചുകൊണ്ട് ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله പറയുന്നു:

ഇവിടെ ഒരു വിഷയം ശ്രദ്ധിക്കേണ്ടതുണ്ട്:

ചില ആളുകൾ, അവർ സത്യത്തിന്റെ പക്ഷത്താണെങ്കിലും, സംവാദത്തിലും വാദപ്രതിവാദത്തിലും ഏർപ്പെടാൻ മടിക്കുന്നു. അതിന് തെളിവായി അവർ ഈ ഹദീസ് ഉദ്ധരിക്കുന്നു:

"ഒരാൾ സത്യത്തിന്റെ പക്ഷത്താണെങ്കിലും തർക്കം  ഉപേക്ഷിക്കുന്നവന് സ്വർഗത്തിന്റെ നടുവിൽ ഒരു വീട് ഞാൻ ഉറപ്പുനൽകുന്നു."

അങ്ങനെ അവർ സംവാദം തന്നെ ഉപേക്ഷിക്കുന്നു.

അതിന്റെ മറുപടി ഇതാണ്:

അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ വാദപ്രതിവാദം ഉപേക്ഷിക്കുന്നവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തുള്ളവനല്ല. കാരണം അത് സത്യത്തിന്റെ പരാജയമാണ്.

എന്നാൽ, താനും തന്റെ കൂട്ടുകാരനും തമ്മിലുള്ള തർക്കം ദീനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയത്തെക്കുറിച്ചാണെങ്കിൽ, അത്തരം സാഹചര്യത്തിൽ അവൻ സത്യത്തിന്റെ പക്ഷത്തായിരിക്കാം.

ഉദാഹരണത്തിന്, ഒരാൾ പറയുന്നു:

" ഞാൻ ഇന്ന ആളെ മാർക്കറ്റിൽ കണ്ടു." മറ്റൊരാൾ പറയുന്നു: "അല്ല, ഞാൻ അദ്ദേഹത്തെ പള്ളിയിലാണ് കണ്ടത്." തുടർന്ന് ഇരുവരും തമ്മിൽ വാദവും തർക്കവും ഉണ്ടാകുന്നു. 

ഹദീസിൽ പരാമർശിക്കപ്പെട്ട തർക്കം ഇതുപോലുള്ളതാണ്.

എന്നാൽ സത്യത്തെ പിന്തുണയ്ക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി നടത്തുന്ന സംവാദം ഉപേക്ഷിക്കുന്നവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തുള്ളവനല്ല. അതിനാൽ അവൻ ഈ ഹദീസിൽ ഉദ്ദേശിക്കപ്പെട്ടവരിൽ ഉൾപ്പെടുകയുമില്ല."

അപ്പോൾ ഈ ഹദീസ് ദുനിയാവിയായ തർക്കമാണ് ഉദ്ദേശിക്കുന്നത്, അല്ലാതെ ഖുർആനിൽ കൽപിച്ച പ്രമാണങ്ങൾ കൊണ്ടുള്ള തർക്കമല്ല.

ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:

" സത്യത്തെ പിന്തുണയ്ക്കുന്നതിനും സ്ഥാപിക്കുന്നതിനുമായി നടത്തുന്ന സംവാദം ഉപേക്ഷിക്കുന്നവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തുള്ളവനല്ല." .

അദ്ദേഹം വ്യക്തമാക്കുന്നത്, ഹദീസിൽ നിരോധിക്കപ്പെട്ട “അൽ മിറാഅ്” എന്നത് ദീനിനെ സഹായിക്കുന്ന ശർഈ ജിദാൽ അല്ല; മറിച്ച് ദുനിയാവിയായ പിടിവാശിയോടെയുള്ള തർക്കങ്ങളാണ് എന്നാണ്.

അതുപോലെ ഷെയഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله പറയുന്നു:

ചോദ്യം:

നബി ﷺ ഇപ്രകാരം പറഞ്ഞതായി വന്നിട്ടുണ്ട്:

"ഞാൻ സ്വർഗത്തിൽ ഒരു വീട് ഉറപ്പുനൽകുന്നു; ഒരാൾ സത്യത്തിന്റെ പക്ഷത്താണെങ്കിലും 'അൽ മിറാഅ്' (തർക്കം) ഉപേക്ഷിക്കുന്നവന്."

ഈ 'മിറാഅ്' (مراء) എന്നത് നിർബന്ധമായ ജിദാൽ (സത്യം സ്ഥാപിക്കാനുള്ള സംവാദം) ഉൾപ്പെടുന്നതാണോ?

മറുപടി:

ഇവിടെ പരാമർശിക്കപ്പെട്ട മിറാഅ് എന്നത് ലോകകാര്യങ്ങൾക്കുവേണ്ടിയോ, വെറും എതിർപ്പിനും വാദജയത്തിനും വേണ്ടിയോ നടത്തുന്ന തർക്കമാണ്.

എന്നാൽ സത്യത്തെ വ്യക്തമാക്കുന്നതിനും അസത്യത്തെ ഖണ്ഡിക്കുന്നതിനുമായി നടത്തുന്ന സംവാദത്തെ 'മിറാഅ്' എന്ന് വിളിക്കുകയില്ല.

ലോകപരമായ കാര്യങ്ങൾക്കുവേണ്ടിയോ, മറ്റൊരാളെ തോൽപ്പിക്കാനും മേൽക്കൈ നേടാനുമായി നടത്തുന്ന വാദപ്രതിവാദമാണ് മിറാഅ്.

അതേസമയം, സത്യം വ്യക്തമാക്കുകയും അസത്യം തള്ളിക്കളയുകയും ചെയ്യുന്നതിനായി നടത്തുന്ന സംവാദമാണ് 'ജിദാൽ' (الجدال). ".

ഇനി ഖുർആനിൽ വന്ന ജിദാൽ എന്ന പദം തന്നെ സുബൈർ മൗലവി ഉദ്ധരിച്ച അതേ അർത്ഥത്തിൽ ഹദീസിൽ വന്നിട്ടുണ്ട്.

അതിനെക്കുറിച്ച് ഷെയ്ഖ് അൽ അൽബാനി رحمه الله പറയുന്നത് വായിക്കാം:

ചോദ്യം:

ഒരു സഹോദരൻ ചോദിക്കുന്നു:

"വാദപ്രതിവാദം (ജിദാൽ) രണ്ട് തരമാണെന്ന് പറയപ്പെടുന്നു. നബി ﷺ പറഞ്ഞു:

'ഒരാൾ സത്യത്തിന്റെ പക്ഷത്തായിരിക്കെ വാദപ്രതിവാദം ഉപേക്ഷിക്കുന്നവന് സ്വർഗത്തിന്റെ പരിസരത്ത് ഒരു വീട് ഞാൻ ഉറപ്പുനൽകുന്നു.'

അപ്പോൾ ഈ ഹദീസും അല്ലാഹുവിന്റെ ഈ വചനവും തമ്മിൽ എങ്ങനെ യോജിപ്പിക്കാം?

وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ

'അവരോട് ഏറ്റവും നല്ല രീതിയിൽ ( പ്രമാണങ്ങൾ കൊണ്ട് )സംവദിക്കുക.'

(16: 125).

ദയവായി വിശദീകരിക്കാമൊ."

ഷെയ്ഖ് അൽ-അൽബാനി رحمه الله മറുപടി പറഞ്ഞു:

നിസ്സംശയം, ജിദാലിന് (വാദപ്രതിവാദത്തിന്) പല രൂപങ്ങളും പല തരങ്ങളും ഉണ്ട്. പൊതുവായി അത് രണ്ട് വിഭാഗങ്ങളായി വിഭജിക്കാം:

1. സത്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജിദാൽ.

2. അസത്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജിദാൽ.

സത്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജിദാലാണ് മേൽ പറഞ്ഞ ഖുർആൻ വചനത്തിലും അതിന് സമാനമായ മറ്റു വചനങ്ങളിലും അല്ലാഹു കല്പിച്ചിരിക്കുന്നത്.

എന്നാൽ അസത്യത്തിന്റെ അടിസ്ഥാനത്തിലുള്ള ജിദാൽ ശരീഅത്തിൽ അനുവദനീയമല്ല. ഖുർആനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽപോലും അത് നിഷിദ്ധമാണ്. 

നബി ﷺ പറഞ്ഞു:

«"ഖുർആനെക്കുറിച്ചുള്ള തർക്കം കുഫ്റാണ്."»

അസത്യത്തെ അടിസ്ഥാനമാക്കിയുള്ള വാദപ്രതിവാദം അസാധുവാണെന്ന് വ്യക്തമായതിനാൽ അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല.

അതിനാലാണ് നബി ﷺ മറ്റൊരു ഹദീസിൽ പറഞ്ഞത്:

«"തെറ്റിന്റെ പക്ഷത്തായിരിക്കെ വാദപ്രതിവാദം ഉപേക്ഷിക്കുന്നവന് സ്വർഗത്തിന്റെ പരിസരത്ത് ഒരു വീട് ലഭിക്കും. സത്യത്തിൻ്റെ പക്ഷത്തായിരിക്കെ വാദപ്രതിവാദം ഉപേക്ഷിക്കുന്നവന് സ്വർഗത്തിന്റെ മധ്യത്തിൽ ഒരു വീട് ലഭിക്കും. തന്റെ സ്വഭാവം മനോഹരമാക്കിയവന് സ്വർഗത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത് ഒരു വീട് ലഭിക്കും."»

ഇവിടെ ചോദ്യം ഉയരുന്നു:

സത്യത്തിൻ്റെ പക്ഷത്തായിരിക്കെ വാദപ്രതിവാദം ഉപേക്ഷിക്കുന്നവന് ഇത്ര വലിയ പ്രതിഫലം ലഭിക്കുന്നത് എങ്ങനെയാണ്?

ഉത്തരം ഇതാണ്:

ഓരോ കാര്യത്തിനും ഒരു പരിധിയുണ്ട്. ആ പരിധി ലംഘിച്ചാൽ അതിന്റെ വിപരീത ഫലമാണ് ഉണ്ടാകുക.

ഉദാഹരണത്തിന്:

ധൈര്യം പ്രശംസനീയമാണ്. പക്ഷേ അതിരുവിട്ടാൽ അത് അശ്രദ്ധയും എടുത്തുചാട്ടവുമായി മാറും.

ഔദാര്യവും ദാനശീലവും നല്ല സ്വഭാവമാണ്. എന്നാൽ അതിരുകടന്നാൽ അത് ധൂർത്തും അവകാശങ്ങളുടെ നഷ്ടവുമായി മാറും.

എല്ലാ കാര്യങ്ങളും മിതത്വത്തോടെ ആയിരിക്കണം.

ആരാധനകളിലും ഇതു തന്നെയാണ് സ്ഥിതി. നിസ്കാരം മഹത്തായ ആരാധനയാണ്. എന്നാൽ ഒരാൾ തന്റെ ശരീരത്തെ ക്ഷീണിപ്പിക്കുന്ന വിധം അതിൽ അതിരുകടന്നാൽ പിന്നീട് അയാൾക്ക് വിരസതയും മടുപ്പും അനുഭവപ്പെടും.

അതുകൊണ്ടാണ് നബി ﷺ പറഞ്ഞത്:

«"ഓരോ പ്രവർത്തനത്തിനും ഒരു ഉത്സാഹകാലമുണ്ട്; ഓരോ ഉത്സാഹത്തിനും ഒരു ക്ഷീണകാലവുമുണ്ട്."»

അങ്ങനെ ജിദാലും (വാദപ്രതിവാദവും) അടിസ്ഥാനത്തിൽ സത്യമായ ഒരു കാര്യമാണ്. എന്നാൽ അതിൽ അതിരുകടന്നാൽ ഉദ്ദേശിച്ച ഫലത്തിന്റെ വിപരീത ഫലമാണ് ഉണ്ടാകുക.

അതിനാലാണ് നബി ﷺ ഒരാൾ സത്യത്തിന്റെ പക്ഷത്താണെങ്കിലും ചില സന്ദർഭങ്ങളിൽ വാദപ്രതിവാദം നിർത്തുന്നവനെ പ്രശംസിച്ചത്.

ഇതിനർത്ഥം, അവസാനമായി:  മുസ്‌ലികളേ, ആളുകളുമായി, അമുസ്‌ലിംകളോട് പോലും, ഏറ്റവും നല്ല രീതിയിൽ സംവാദം നടത്താൻ കൽപ്പിക്കപ്പെട്ടവരേ, നിങ്ങൾക്ക് അവർക്കെതിരെ തെളിവ് സ്ഥാപിക്കാൻ കഴിയുന്നിടത്തോളം മാത്രം അവരുമായി സംവാദം നടത്തുക, എന്നിട്ട് നിർത്തുക. കാരണം സംവാദത്തിൽ തുടരുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് നിങ്ങളുടെ എതിരാളിക്ക് നിങ്ങളുടെ അഭിപ്രായം ബലപ്രയോഗത്തിലൂടെ അവന്റെ മേൽ അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നിപ്പിക്കുന്നു.

അങ്ങനെ അവനെ  നിങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. നിങ്ങൾ സത്യമെന്ന് വിശ്വസിക്കുന്നതിലേക്ക് അവനെ ആകർഷിക്കുക എന്ന നിങ്ങളുടെ ഉദ്ദേശ്യത്തിന് ഇത് വിരുദ്ധമാണ്.

കാരണം, ഒരു എതിരാളിയുമായി നിരന്തരം വാദിച്ചുകൊണ്ടിരിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നത് ചിലപ്പോൾ അവനെ സത്യത്തിൽ നിന്ന് കൂടുതൽ അകറ്റാൻ ഇടയാക്കും.

നിങ്ങൾ അവനെ സത്യത്തിലേക്കും മാർഗദർശനത്തിലേക്കും ക്ഷണിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അമിതമായ വാദപ്രതിവാദം അവനിൽ ഇങ്ങനെയൊരു ധാരണ ഉണ്ടാക്കാം:

"ഇയാൾ തന്റെ അഭിപ്രായം എന്നിൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്."

അപ്പോൾ അവൻ നിങ്ങളിൽ നിന്ന് അകന്നുപോകുകയും സത്യത്തെ നിരസിക്കുകയും ചെയ്യും.

അതിനാൽ ഒരു വ്യക്തിയുമായി നിങ്ങൾ സംവദിക്കുകയും, തെളിവുകൾ അവതരിപ്പിക്കുകയും, നിങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുകയും ചെയ്ത ശേഷം അവൻ സത്യത്തിന് കീഴടങ്ങാൻ തയ്യാറല്ലെന്ന് നിങ്ങൾ മനസ്സിലാക്കിയാൽ, അവിടെ നിർത്തുക. പറയുക:

“ഇതാണ് എനിക്കും നിനക്കും ഇടയിലെ വേർപാട്.”

അതിന് ശേഷം വാദപ്രതിവാദത്തിൽ പിടിച്ചുനിൽക്കരുത്.

നീ സത്യത്തിന്റെ പക്ഷത്തായിരിക്കെ, വാദം തുടരുന്നത് അതിലും വലിയ ദോഷത്തിന് കാരണമാകുമെന്ന ഭയത്താൽ അതിൽ നിന്ന് പിന്മാറുകയാണെങ്കിൽ, നിനക്കായി സ്വർഗത്തിന്റെ മധ്യത്തിൽ ഒരു വീട് ഉണ്ടായിരിക്കും.

ഇങ്ങനെയാണ് ഹദീസിനും "അവരോട് ഏറ്റവും നല്ല രീതിയിൽ ( പ്രമാണങ്ങൾ കൊണ്ട്) സംവദിക്കുക" എന്ന ഖുർആൻ വചനത്തിനും ഇടയിൽ യോജിപ്പ് സ്ഥാപിക്കപ്പെടുന്നത് ".

അത് കൊണ്ട് “സംവാദം ഒരു വിശ്വാസിക്ക് യോജിച്ചതല്ല”, “സലഫുകൾ സംവാദത്തിന്റെ വഴി പൂർണ്ണമായി കൊട്ടിയടച്ചു” എന്നീ പരാമർശങ്ങൾ, ഖുർആനും സുന്നത്തും കൽപിച്ച ശർഈ ജിദാലിനെ , തർക്കത്തെ, സംവാദത്തെ നിരാകരിക്കുന്നു.

അതുകൊണ്ടുതന്നെ, ഈ വിഷയത്തിൽ കിബാറായ പണ്ഡിതന്മാരായ ശൈഖ് ഇബ്നു ഉസൈമീൻ رحمه الله, ശൈഖ് ഫൗസാൻ حفظه الله, ശൈഖ് അൽ-അൽബാനി رحمه الله എന്നിവരുടെ വിശദീകരണങ്ങൾ വളരെ പ്രധാനമാണ്. 

അവർ ഹദീസുകളെ ഖുർആനുമായി യോജിപ്പിച്ചുകൊണ്ടാണ് വിശദീകരിച്ചിരിക്കുന്നത്; പരസ്പരം വിരുദ്ധമാക്കിക്കൊണ്ടല്ല.

ഇബ്നു സിരീൻ رحمه الله പോലത്തെ പണ്ഡിതന്മാർ സംവാദം നടത്താതിരുന്നത് ബിദ്അത്തിന്റെ നേതാക്കളോടാണ്.

അതിനാൽ, എല്ലാ തരത്തിലുള്ള സംവാദങ്ങളെയും ഒരുപോലെ നിരാകരിക്കുന്നത് ശരിയായ സമീപനമല്ല. 

മറിച്ച് സത്യത്തെ സ്ഥാപിക്കാനും അസത്യത്തെ ഖണ്ഡിക്കാനുമായി, പ്രമാണങ്ങൾ കൊണ്ട്, നല്ല രീതിയിലും മിതത്വത്തോടെയും , നടത്തുന്ന ജിദാൽ, തർക്കം, സംവാദം ശരീഅത്ത് അംഗീകരിച്ചതാണ്. അതാണ് 16:125 വചനം പഠിപ്പിക്കുന്നത്.

പണ്ഡിതന്മാരുടെ അറബി വചനങ്ങളും സ്ത്രോതസുകളും താഴെ ലിങ്കിലെ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.


സഹോദരൻ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് മൗലവിക്കുള്ള മറുപടി – ഭാഗം 2
അടിസ്ഥാനപരമായി അനുവദനീയമല്ലാത്ത തർക്കം.


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.