വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം: ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.
വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം: ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.
അൽഹംദുലില്ലാഹ്, ഇസ്‌ലാം ചിത്രങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ ജാഗ്രത പഠിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങൾ പലപ്പോഴും ഗുരുതരമായ ദോഷഫലങ്ങൾക്ക് കാരണമാകാമെന്നത് നാം ആധുനിക ലോകത്ത് നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്നു.
ഈ അടുത്ത് കേരളത്തിൽ തന്നെ നടന്ന ഒരു സംഭവമാണ് പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാം വഴി മോർഫ് ചെയ്ത് വിൽപ്പന നടത്തിയെന്നത്. ഇത് ഞെട്ടിക്കുന്നതും അത്യന്തം ക്രൂരവുമായ ഒരു പ്രവൃത്തിയാണ്.
കൂടുതൽ ഞെട്ടിക്കുന്ന കാര്യം, അത് ചെയ്തത് ബന്ധുവാണ്.
ഇസ്‌ലാമിൽ വിവാഹം അനുവദനീയമായ ബന്ധുക്കൾ (മഹ്റമല്ലാത്തവർ) തമ്മിലുള്ള അനാവശ്യ ഇടപഴകലും, ദീർഘനേരത്തെ സംസാരവും, പരസ്പരം നോക്കിക്കൊണ്ടിരിക്കലും അനുവദനീയമല്ല.
ഫോട്ടോകൾ സോഷ്യൽ മീഡിയയിലോ കുടുംബ ഗ്രൂപ്പുകളിലോ പങ്കുവെക്കുമ്പോൾ അവ മഹ്റമല്ലാത്തവർ കാണാനുള്ള സാധ്യതയുണ്ട്.
കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പലപ്പോഴും കസിൻമാർ ഉണ്ടാകും. കസിൻമാർ മഹ്റമല്ലാത്തവരാണ്.
ഫോട്ടോകൾ പങ്കുവെക്കുമ്പോൾ മറ്റൊരു പ്രധാന കാര്യം കൂടി സംഭവിക്കുന്നു. അല്ലാഹുവിൻ്റെ നിയമത്തിന് എതിരാകുന്നു.
അല്ലാഹു വിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും അവരുടെ ദൃഷ്ടി താഴ്ത്താൻ ഖുർആനിൽ കൽപ്പിച്ചിട്ടുണ്ട്.
സൂറത്തു നൂർ (24:30–31)
വിശ്വാസികളായ പുരുഷന്മാർക്കായി:
قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ
"വിശ്വാസികളായ പുരുഷന്മാരോട് അവരുടെ ദൃഷ്ടി താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവർക്ക് കൂടുതൽ പരിശുദ്ധമായത്. തീർച്ചയായും അവർ പ്രവർത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു."
(ഖുർആൻ 24:30)
വിശ്വാസികളായ സ്ത്രീകൾക്കായി:
وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ
"വിശ്വാസികളായ സ്ത്രീകളോട് അവരുടെ ദൃഷ്ടി താഴ്ത്താനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനും പറയുക."
(ഖുർആൻ 24:31)
നബി ﷺ യുടെ ഹദീസുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഒഴിവ്, ആകസ്മികമായി സംഭവിക്കുന്ന ആദ്യ നോട്ടത്തിനോ അല്ലെങ്കിൽ ആവശ്യമായ സാഹചര്യങ്ങളിൽ പരിമിതമായ നോട്ടത്തിനോ ആണ്.
അതല്ലാതെ, നേരിൽ കാണുമ്പോൾ ഒരു മഹ്റമല്ലാത്ത വ്യക്തിയിലേക്ക് ആവർത്തിച്ച് നോക്കുകയോ തുറിച്ചുനോക്കുകയോ ചെയ്യാൻ അനുവാദമില്ല. കസിൻമാർ മഹ്റമല്ലാത്തവരാണ്.
ഇതേ കാര്യം ഫോട്ടോകളുടെ കാര്യത്തിലും ബാധകമാണ്. ഫോട്ടോയിലുള്ള വ്യക്തി മാന്യമായ വസ്ത്രധാരണത്തിലാണെങ്കിലും, ആ ചിത്രങ്ങളിലേക്ക് ആവർത്തിച്ച് നോക്കുകയോ, അവയെ അടിസ്ഥാനമാക്കി പുരുഷന്മാരെയോ സ്ത്രീകളെയോ കുറിച്ച് ചിന്തകൾ വളർത്തുകയോ അഭിപ്രായങ്ങൾ രൂപപ്പെടുത്തുകയോ ചെയ്യുന്നത് ദൃഷ്ടി താഴ്ത്താൻ അല്ലാഹു നൽകിയ കൽപനയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്.
ചിലർ പറയും ഞാൻ അവരെ പെങ്ങളെ പോലെ അല്ലേ കാണുന്നുള്ളൂ നമ്മുടെ വീട്ടിൽ ഒരുമിച്ച് വളർന്നു, അങ്ങനത്തെ ഒരു കുട്ടിയല്ലേ, ഈ രീതിയിൽ എന്തിനാ നിങ്ങൾ എന്നെ ഉപദേശിക്കുന്നു എന്ന് പറയും .
അവരോട് പറയുക ,ഇത് അല്ലാഹുവിന്റെ നിയമമാണ്, അല്ലാഹുവിൻ്റെ നിയമം ഒരു മുസ്ലിം
അനുസരിക്കൽ നിർബന്ധമാണ്.
ഞാൻ അവളെ ഒരു പെങ്ങളെ പോലെ മാത്രമേ കാണുന്നുള്ളൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല കാരണം, ഈ നിയമങ്ങൾ അല്ലാഹു ഖുർആനിൽ വ്യക്തമാക്കിയതാണ് , ഹദീസുകളിൽ വ്യക്തമാക്കിയതാണ്.
അല്ലാഹുവിന്റെ നിയമത്തെക്കാൾ അപ്പുറം നമ്മുടെ ചിന്ത പോകരുത്.
എന്നിട്ട് അതിനെതിരെ നമ്മൾ ന്യായീകരണങ്ങൾ കൊണ്ടുവരരുത്. അത് ഒരു വിശ്വാസിക്ക് പാടില്ല
ഒരു വിശ്വാസി തന്റെ പരലോക വിജയത്തെ ബാധിക്കുന്ന കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.
അതുകൊണ്ട്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും കുടുംബ ഗ്രൂപ്പുകളിലും മഹ്റമല്ലാത്തവർ കാണാൻ സാധ്യതയുള്ള വ്യക്തിപരമായ ഫോട്ടോകളും വിവാഹം പോലുള്ള പരിപാടികളിലെ ചിത്രങ്ങളും പങ്കുവെക്കുന്നത് ഒഴിവാക്കുകയും ഈ വിഷയത്തിൽ പ്രത്യേകം ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്.
ആത്മാവുള്ള ഫോട്ടോ എടുക്കൽ തന്നെ നിഷിദ്ധമാണ് . എപ്പോഴൊക്കെ ഫോട്ടോ നിർബന്ധ സാഹചര്യത്തിൽ എടുക്കാം, എന്തുകൊണ്ട് ഫോട്ടോ ഹറാമാക്കി എന്നതെല്ലാം നിങ്ങൾക്ക് താഴെ ലിങ്കിൽ വായിക്കാം:
https://www.salaf.in/2022/10/blog-post_2.html?m=1
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment