സാമ്പത്തിക ബുദ്ധിമുട്ടോ പഠനമോ ജോലിയോ കാരണം വിവാഹം അനാവശ്യമായി വൈകിപ്പിക്കരുത്.

സാമ്പത്തിക ബുദ്ധിമുട്ടോ പഠനമോ ജോലിയോ കാരണം വിവാഹം അനാവശ്യമായി വൈകിപ്പിക്കരുത്.


ഷെയ്ഖ് ഉസൈമീൻ رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله 



ഷെയ്ഖ് ഉസൈമീൻ رحمه الله യോട് ചോദിക്കപ്പെട്ടു:

"ഞാൻ ഒരു യുവാവാണ്. എനിക്ക് കാമവികാരം ശക്തമായി അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിയുന്നു; ചിലപ്പോൾ അത് എന്നെ കീഴടക്കുന്നു. പാപത്തിൽ അകപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അത് എന്റെ ഹൃദയത്തെയും മതജീവിതത്തെയും ബാധിക്കുന്നു. എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അതിന് ആവശ്യമായ ധനമില്ല.

പ്രിയപ്പെട്ട ഷെയ്ഖേ, ഒരാൾ എന്റെ വിവാഹത്തിനായി പണം നൽകാൻ തയ്യാറാണ്. എന്നാൽ മറ്റുള്ളവരിൽ നിന്ന് പണം സ്വീകരിക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. അല്ലാഹുവിന് കൂടുതൽ പ്രിയപ്പെട്ടത് ഏതാണ്? ആ പണം സ്വീകരിച്ച് വിവാഹം കഴിക്കണോ, അതോ അല്ലാഹു തന്റെ അനുഗ്രഹത്താൽ എന്നെ ധനവാനാക്കുന്നതുവരെ ക്ഷമിക്കുകയും ഇസ്തിഗ്ഫാർ ചെയ്യുകയും ചെയ്യണോ?"

മറുപടി:

" അല്ലാഹു പറയുന്നു:

«﴿وَلْيَسْتَعْفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغْنِيَهُمُ ٱللَّهُ مِن فَضْلِهِ﴾»

«"വിവാഹം (ചെയ്യുവാനുള്ള സൗകര്യം) ലഭിക്കാത്തവർ അല്ലാഹു അവന്റെ അനുഗ്രഹത്താൽ അവരെ സമ്പന്നരാക്കുന്നതുവരെ ചാരിത്ര്യം സംരക്ഷിക്കാൻ ശ്രമിച്ചുകൊള്ളട്ടെ." (സൂറത്തു നൂർ 24:33)»

എന്നാൽ അല്ലാഹു അവന്റെ അനുഗ്രഹത്താൽ എങ്ങനെയാണ് അവനെ സമ്പന്നനാക്കുക?

ആകാശത്ത് നിന്ന് സ്വർണ്ണവും വെള്ളിയും ഇറക്കിത്തരുമെന്നാണൊ നിങ്ങൾ കരുതുന്നത്? ഒരിക്കലുമല്ല.

അതിന്റെ അർത്ഥം: അല്ലാഹു അവന് അനുവദനീയമായ ഏതെങ്കിലും മാർഗത്തിലൂടെ സമ്പത്ത് നൽകുന്നതുവരെ എന്നതാണ്. അത് അനന്തരാവകാശത്തിലൂടെയാകാം, ഒരാളുടെ സമ്മാനത്തിലൂടെയാകാം, സ്വന്തം വരുമാനത്തിലൂടെയാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും അനുവദനീയമായ മാർഗത്തിലൂടെയാകാം. കാരണം, അല്ലാഹു ഏത് മാർഗത്തിലൂടെയാണ് സമ്പത്ത് ലഭിക്കേണ്ടതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല.

അതിനാൽ, എന്റെ ഈ സഹോദരനോട് ഞാൻ പറയുന്നത് ഇതാണ്:

നീ ചോദിക്കാതെ നിനക്ക് ഈ പണം ലഭിക്കുന്നുണ്ടെങ്കിൽ അത് സ്വീകരിക്കുക; ആ പണംകൊണ്ട് വിവാഹം കഴിക്കുക. 

അല്ലാഹു അദ്ദേഹത്തിന്റെ വിവാഹത്തിൽ ബറകത്ത് നൽകട്ടെയെന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു ".

ഷെയ്ഖിന്റെ ഫത്‌വ ഇവിടെ അവസാനിച്ചു.

ഷെയ്ഖ് ഉദ്ധരിച്ച 24:33 ന് മുകളിലുള്ള 
സൂറത്തു നൂർ 24:32-ൽ അല്ലാഹു അവിവാഹിതരെ വിവാഹം കഴിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയും ഇങ്ങനെ സമാധാനിപ്പിക്കുകയും ചെയ്യുന്നു:

وَأَنكِحُوا۟ ٱلْأَيَـٰمَىٰ مِنكُمْ وَٱلصَّـٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌ

" നിങ്ങളില്‍നിന്നുള്ള അവിവാഹിതര്‍ക്കും, നിങ്ങളുടെ അടിമകളില്‍നിന്നും അടിമ സ്ത്രീകളില്‍നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുവിന്‍. അവര്‍ ദരിദ്രന്‍മാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്കു ധന്യത നല്‍കുന്നതാകുന്നു. അല്ലാഹു, വിശാലനും സര്‍വ്വജ്ഞനുമാകുന്നു ".

(24:32)

അതേസമയം, 24:33-ൽ വിവാഹത്തിന് യാതൊരു മാർഗവും ലഭിക്കാത്തവർ അല്ലാഹു അനുഗ്രഹം നൽകുന്നതുവരെ ചാരിത്ര്യം കാത്തുസൂക്ഷിക്കണമെന്ന് അല്ലാഹു നിർദേശിക്കുന്നു.

ഷെയ്ഖ് ഇബ്നു ഉസൈമീൻ رحمه الله വിശദീകരിച്ചതുപോലെ, അല്ലാഹുവിന്റെ അനുഗ്രഹം ജോലി, അനന്തരാവകാശം, സമ്മാനം, അല്ലെങ്കിൽ മറ്റേതെങ്കിലും അനുവദനീയമായ മാർഗത്തിലൂടെയാകാം. അതിനാൽ, വിവാഹത്തിനായി ചോദിക്കാതെ ലഭിക്കുന്ന സഹായധനം അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമായിരിക്കാം.

ഇന്ന് പലരും "ആദ്യം നല്ല ജോലി കിട്ടട്ടെ, സാമ്പത്തികമായി പൂർണമായി ഉറപ്പാകട്ടെ, പഠനം മുഴുവൻ തീരട്ടെ, പിന്നെ വിവാഹം" എന്ന ചിന്തയാൽ വർഷങ്ങളോളം വിവാഹം വൈകിപ്പിക്കുന്നു. സ്ത്രീകളുടെയും വിവാഹം പലപ്പോഴും ഇതേ കാരണങ്ങളാൽ വൈകുന്നു. ഇത്തരം വിവാഹകാലതാമസത്തിന് ചിലപ്പോൾ മാതാപിതാക്കളും, ചിലപ്പോൾ മക്കളും കാരണമാകാറുണ്ട്. 

വിദ്യാഭ്യാസം നേടുന്നതും ഉപജീവനം തേടുന്നതും നല്ല കാര്യങ്ങളാണ്. എന്നാൽ അവ വിവാഹത്തെ അനാവശ്യമായി വൈകിപ്പിക്കാനുള്ള കാരണമായി മാറരുത്.

പല സാഹചര്യങ്ങളിലും പഠനമോ ജോലിയോ വിവാഹത്തിന് ശേഷം തുടരാൻ സാധിക്കും. അതിനാൽ, അവയെ വിവാഹം അനാവശ്യമായി വൈകിപ്പിക്കാനുള്ള കാരണമായി മാറ്റരുത്. 

അല്ലാഹു അനുവദിച്ച ഹലാലായ മാർഗത്തെ എളുപ്പമാക്കുകയും, ഉപജീവനത്തിനും ജീവിതത്തിനും ബറകത്ത് നൽകുകയും ചെയ്യാൻ അല്ലാഹുവിൽ ആശ്രയിക്കണം.
അല്ലാഹുവിനോട് പതിവായി ദുആ ചെയ്യുക.

അല്ലാഹുവിന്റെ വാഗ്ദാനത്തിൽ വിശ്വാസമർപ്പിച്ച്, ലഭ്യമായ അനുവദനീയമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തി വിവാഹത്തിലേക്ക്, അതിനെ വൈകിപ്പിക്കാതെ , മുന്നോട്ടുപോകുന്നതാണ് ഖുർആൻ പ്രോത്സാഹിപ്പിക്കുന്നത്.

ഡോ: കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

അമേരിക്കൻ താവളങ്ങൾ, ഗൾഫ് രാഷ്ട്രങ്ങൾ, മുസ്ലിം ഭരണാധികാരികൾ - വിമർശനങ്ങൾക്ക് മുമ്പ് അറിയേണ്ട പ്രമാണ ചരിത്ര സത്യങ്ങൾ.