വിവാഹ വീഡിയോയും ഫോട്ടോഗ്രാഫിയും: പ്രമാണങ്ങൾ മുന്നറിയിപ്പ് നൽകുന്ന ഗുരുതരമായ അനന്തരഫലങ്ങൾ.
വിവാഹ വീഡിയോയും ഫോട്ടോഗ്രാഫിയും: പ്രമാണങ്ങൾ മുന്നറിയിപ്പ് നൽകുന്ന ഗുരുതരമായ അനന്തരഫലങ്ങൾ.
ഷെയ്ഖ് ഇബ്‌നു ഉസൈമീൻ رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഇബ്‌നു ഉസൈമീൻ رحمه الله പറഞ്ഞു:
"അല്ലാഹുവിന്റെ ദാസന്മാരേ! കുറച്ചു കാലമായി അല്ലാഹു വിവാഹം എന്ന അനുഗ്രഹം നൽകിയ ചില ആളുകളിലൂടെ നാം ഒരു വലിയ പരീക്ഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്.
അത് എന്തെന്നാൽ, വിവാഹച്ചടങ്ങുകൾ ക്യാമറയിൽ ചിത്രീകരിക്കുന്നതും വീഡിയോയായി റെക്കോർഡ് ചെയ്യുന്നതുമാണ്.
ഇതാണ് നമ്മെ ബാധിച്ചിരിക്കുന്ന ഈ പരീക്ഷണം.
ഇത് ചെയ്യുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് അറിയില്ല.
ഭർത്താവിനും ഭാര്യയ്ക്കുമിടയിലെ സ്നേഹം വർധിപ്പിക്കാനാണോ അവർ ഇത് ചെയ്യുന്നത്?
അല്ലെങ്കിൽ, ഭാര്യയെ കൂടുതൽ സന്തോഷിപ്പിക്കാനാണോ?
അല്ലെങ്കിൽ, വിവാഹം ആളുകളെ അറിയിക്കാനാണോ?
അല്ലെങ്കിൽ, ഇതിലൂടെ അവർ അല്ലാഹുവിനോട് കൂടുതൽ അടുക്കുമെന്നാണൊ അവർ കരുതുന്നത്?
അതോ, അല്ലാഹു നൽകിയ ഈ അനുഗ്രഹത്തോടുള്ള നന്ദികേടാണോ ഇതിന് പിന്നിൽ?
ഈ അപലപനീയവും അനുവദനീയമല്ലാത്തതുമായ പ്രവൃത്തിയിലൂടെ മതപരമായോ ലൗകികമായോ യാതൊരു ഗുണവും ലഭിക്കുന്നില്ല.
മറിച്ച്, ഇതിലൂടെ ലഭിക്കുന്നത് അല്ലാഹുവിനോടുള്ള അനുസരണക്കേട് പരസ്യമാക്കുക, ഭർത്താവിന്റെയും ഭാര്യയുടെയും സ്ത്രീസമൂഹത്തിന്റെയും ലജ്ജയും മറയും നീക്കിക്കളയുക എന്നതുമാത്രമാണ്.
ഈ ചിത്രങ്ങൾ എടുത്തുവെച്ചാൽ, എപ്പോൾ വേണമെങ്കിലും ആളുകൾക്ക് അവ കാണാൻ സാധിക്കും.
നിങ്ങളുടെ സ്ത്രീകളെ ദുർനടപ്പുകാരുടെ മുന്നിൽ തുറന്നുകാട്ടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ സഹോദരിയുടെ മുഖമോ, മകളുടെ മുഖമോ, ഭാര്യയുടെ മുഖമോ എപ്പോൾ വേണമെങ്കിലും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാൻ കഴിയുന്ന അവസ്ഥ നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ, അല്ലാഹുവിൽ വിശ്വസിക്കുന്നവരേ?
നിങ്ങൾക്ക് ഗൈറത്ത് (മാനാഭിമാനം/സംരക്ഷണബോധം) ഉണ്ടോ?
നിങ്ങൾക്ക് അല്ലാഹുവിലുള്ള യഥാർത്ഥ വിശ്വാസമുണ്ടോ?
അല്ലാഹുവിന്റെ ശിക്ഷയെ നിങ്ങൾ ഭയപ്പെടുന്നുണ്ടോ?
അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹം ശിക്ഷയായി മാറിപ്പോകുമോ എന്ന് നിങ്ങൾ ഭയപ്പെടുന്നില്ലേ?
ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവിനെ നിങ്ങൾ ഭയപ്പെടുന്നില്ലേ?
അല്ലാഹുവിന്റെ ശത്രുക്കളായ അവിശ്വാസികളോടും അവരെ അനുകരിക്കുന്നവരോടും നിങ്ങൾ ചേർക്കപ്പെടുമോ എന്ന ഭയം നിങ്ങൾക്കില്ലേ?
കാരണം, നബി ﷺ പറഞ്ഞു:
"ഏതൊരു ജനതയെ അനുകരിക്കുന്നവനും അവരിൽപ്പെട്ടവനാണ്."
ഭർത്താവിനും ഭാര്യയ്ക്കുമിടയിൽ വെറുപ്പും ശത്രുതയും ഉണ്ടായി, ഒടുവിൽ കുടുംബബന്ധം തകരുന്ന തരത്തിൽ അവർ ശിക്ഷിക്കപ്പെടുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ?
നാം നമ്മുടെ രക്ഷിതാവിനെ പരസ്യമായി അനുസരണക്കേട് കാണിച്ചുകൊണ്ടിരിക്കുമ്പോൾ, ഇതുപോലുള്ള എല്ലാ കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുള്ളതാണ്.
ഇപ്പോൾ ശിക്ഷ വൈകുന്നത് അല്ലാഹു താല്ക്കാലികമായ നീട്ടി വയ്ക്കുക മാത്രമാണ്.
നബി ﷺ പറഞ്ഞു:
"തീർച്ചയായും അല്ലാഹു അക്രമിക്ക് താല്ക്കാലികമായി നീട്ടിവെക്കുന്നു. എന്നാൽ അവനെ പിടികൂടുമ്പോൾ പിന്നെ അവനെ വിട്ടയക്കുകയില്ല."
ശേഷം റസൂലുല്ലാഹ് ﷺ ഈ ഖുർആൻ വചനം പാരായണം ചെയ്തു:
"അക്രമം പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രാമങ്ങളെ നിന്റെ രക്ഷിതാവ് പിടികൂടുമ്പോഴുള്ള അവന്റെ പിടിത്തം ഇപ്രകാരമാണ്. തീർച്ചയായും അവന്റെ പിടിത്തം അതീവ വേദനാജനകവും കഠിനവുമാണ് ".
(സൂറത്തു ഹൂദ് 11:102).
ജനങ്ങളേ! ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കൂ. നിങ്ങളുടെ ബുദ്ധി ഉപയോഗിക്കൂ.
ഇതിന്റെ ഫലം എന്താണ്? ഇതിന്റെ ഗുണങ്ങൾ എന്താണ്? ഇതിന്റെ ദോഷങ്ങൾ എന്താണ്?
അല്ലാഹു നിങ്ങൾക്ക് ബുദ്ധി നൽകിയിരിക്കുന്നു. നിങ്ങൾ എന്താണ് ചെയ്യപ്പെടുന്നതെന്ന് അറിയാത്ത മൃഗങ്ങളെപ്പോലെയല്ല നിങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നത്.
അവയെ അറവുശാലയിലേക്ക് കൊണ്ടുപോകുമ്പോൾ അവ അനുസരണയോടെ പോകുന്നു. മേച്ചിൽപ്പുറത്തേക്ക് കൊണ്ടുപോകുമ്പോഴും അവ അതുപോലെ തന്നെ പോകുന്നു.
എന്നാൽ നിങ്ങൾക്ക് ബുദ്ധിയുണ്ട്. ആ ബുദ്ധി ഉപയോഗിച്ച് ഉപകാരകരമായതും ദോഷകരമായതും തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയും.
അല്ലാഹു അവന്റെ ഗ്രന്ഥം നിങ്ങൾക്ക് ഇറക്കുകയും തന്റെ ദൂതനായ മുഹമ്മദ് ﷺക്ക് വെളിപ്പെടുത്തിയ വഹ്യിലൂടെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്ത് അവന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിയിരിക്കുന്നു.
ഈ വിഷയം അത്യന്തം ഗുരുതരമാണ്.
ഇത് ശരീഅത്ത് കൊണ്ടും ബുദ്ധി കൊണ്ടും സാധാരണ വിവേകം കൊണ്ടും തെറ്റാണെന്ന് വ്യക്തമായി അറിയപ്പെടുന്ന കാര്യമാണ്.
അല്ലാഹു ഉൾക്കാഴ്ചയുടെ പ്രകാശം മായ്ച്ചുകളയുകയും ഹൃദയത്തിലെ ഗൈറത്ത് (മാനാഭിമാനം) കുറയ്ക്കുകയും ദീൻ ദുർബലമാക്കുകയും ചെയ്തവനല്ലാതെ ഇത് ആർക്കും മറഞ്ഞുകിടക്കുന്നതല്ല.
മുസ്ലിംകളേ! ഗൈറത്തുള്ളവരേ!
നിങ്ങളുടെ പണ്ഡിതന്മാർ വിലക്കിയിരിക്കുന്ന ഈ വിഷയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കൂ.
ഈ അനുഗ്രഹം നിങ്ങളെ നാശത്തിലേക്ക് വലിച്ചിഴക്കാൻ അനുവദിക്കരുത്.
ഇത് ഒരു തിന്മയാണ്.
ഇത് ഹറാമാണ്.
ഇത് കുഴപ്പത്തിലേക്കും അധാർമികതയിലേക്കും നയിക്കുന്ന ഒരു തുടക്കമാണ്.
ഇത് ക്രമേണ ഹറാമായ ആസ്വാദനത്തിലേക്കും മോഹങ്ങളിലേക്കും നയിക്കുന്നു.
കാരണം, വീഡിയോയിലൂടെയോ ഫോട്ടോയിലൂടെയോ ഈ ചിത്രങ്ങൾ സൂക്ഷിക്കുന്നവന് എപ്പോൾ വേണമെങ്കിലും അവ നോക്കി ആസ്വദിക്കാൻ കഴിയും.
ഈ വിഷയം വളരെ വ്യക്തമാണ്.
എന്നാൽ, ഈ സ്ത്രീകളുടെ ഉത്തരവാദിത്തം വഹിക്കുന്ന രക്ഷിതാക്കൾ എവിടെയാണ്?
സമൂഹത്തിന്റെ പൊതുഉത്തരവാദിത്തം വഹിക്കുന്നവർ എവിടെയാണ്?
ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ തടയുന്ന വിധത്തിൽ ശിക്ഷാനടപടികൾ സ്വീകരിക്കാൻ കഴിവുള്ളവർ എവിടെയാണ്?
അല്ലാഹുവിന്റെ ദീനിൽ ഉറച്ചുനിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
അല്ലാഹുവിനെ അല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കേണ്ടതും നമ്മുടെ ബാധ്യതയാണ്.
അല്ലാഹു നിശ്ചയിച്ച അതിരുകൾ നിലനിർത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.
അല്ലാഹുവിനുവേണ്ടി, അല്ലാഹുവിന്റെ ശരീഅത്ത് ആവശ്യപ്പെടുന്ന പ്രകാരം അവന്റെ അതിരുകൾ സ്ഥാപിക്കുന്നവനെ, അവന്റെ എല്ലാ ശത്രുക്കൾക്കെതിരെയും അല്ലാഹു സഹായിക്കുമെന്നതിന് ഞാൻ അല്ലാഹുവാണേ സത്യം ചെയ്യുന്നു.
സത്യവിശ്വാസികളേ!
രക്ഷിതാക്കളേ!
സമൂഹത്തിന്റെ ഉത്തരവാദിത്തമുള്ളവരേ!
ഈ ദുഷിച്ച പ്രവണത ഇല്ലാതാക്കാൻ നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
അല്ലാഹുവാണേ, ചിലർ ഇതിനെ നിസ്സാരമായി കാണുന്നുണ്ടെങ്കിലും ഇത് ഒരിക്കലും നിസ്സാരമായ കാര്യമല്ല.
വിവാഹത്തിലെ സന്തോഷം യഥാർത്ഥത്തിൽ ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതിലൂടെയും, ശരീഅത്ത് അനുവദിച്ച പരിധിക്കുള്ളിൽ ആഘോഷിക്കുന്നതിലൂടെയുമാണ്.
അല്ലാഹു നിശ്ചയിച്ച അതിരുകൾ ലംഘിച്ചോ അവന്റെ നിയമങ്ങളെ അതിക്രമിച്ചോ അല്ല.
അല്ലാഹു പറയുന്നു:
" ആ നാട്ടുകാരെല്ലാം വിശ്വസിക്കുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിൽ, ആകാശത്തുനിന്നും ഭൂമിയിൽനിന്നും അവർക്കു നാം അനുഗ്രഹങ്ങളുടെ കവാടങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. എന്നാൽ അവർ നിഷേധിച്ചു. അതിനാൽ അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ പേരിൽ നാം അവരെ പിടികൂടി.
രാത്രിയിൽ അവർ ഉറങ്ങിക്കിടക്കുമ്പോൾ നമ്മുടെ ശിക്ഷ അവരിലേക്ക് വരുന്നതിൽ അവർ സുരക്ഷിതരാണെന്ന് കരുതിയോ?
അല്ലെങ്കിൽ പകൽ സമയത്ത് അവർ കളിച്ചുല്ലസിക്കുമ്പോൾ നമ്മുടെ ശിക്ഷ വരുന്നതിൽ അവർ സുരക്ഷിതരാണെന്ന് കരുതിയോ?
അപ്പോൾ അവർ അല്ലാഹുവിന്റെ പദ്ധതിയിൽ നിന്ന് സുരക്ഷിതരാണെന്ന് കരുതുന്നുവോ? നഷ്ടപ്പെട്ട ജനതയല്ലാതെ മറ്റാരും അല്ലാഹുവിന്റെ പദ്ധതിയിൽ നിന്ന് സുരക്ഷിതരാണെന്ന് കരുതുകയില്ല ".
(സൂറത്തുൽ അഅ്റാഫ് 7:96–99).
തീർച്ചയായും, നമുക്ക്, സത്യവിശ്വാസികൾക്ക് ഒരു വലിയ ഉത്തരവാദിത്തമുണ്ട്.
നാം അവിശ്വാസികളെപ്പോലെയല്ല; അവർ സുഖിച്ച് ജീവിക്കുകയും കന്നുകാലികൾ ഭക്ഷിക്കുന്നതുപോലെ ഭക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ അന്തിമ അഭയസ്ഥാനം നരകാഗ്നിയാണ്.
അല്ലാഹു നമ്മെ വിശ്വാസം നൽകി അനുഗ്രഹിച്ചതിന് നന്ദി ചെയ്യുന്ന സത്യവിശ്വാസികളായ നമുക്കു, അല്ലാഹുവിന്റെ നിയമങ്ങൾ ജീവിതത്തിൽ നടപ്പിലാക്കേണ്ട മഹത്തായ ഉത്തരവാദിത്തമുണ്ട്.
ഇതാണ് യഥാർത്ഥത്തിൽ ഉപകാരപ്രദമായ സ്വാതന്ത്ര്യം.
മറ്റുള്ളവരുടെ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യമല്ല അത്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment