ആയിരം തവണ നിസ്കരിച്ചാലും പലരുടെയും നിസ്കാരം അസാധുവാകാൻ കാരണമാകുന്ന ഒരു ഗുരുതരമായ തെറ്റ്.
ആയിരം തവണ നിസ്കരിച്ചാലും പലരുടെയും നിസ്കാരം അസാധുവാകാൻ കാരണമാകുന്ന ഒരു ഗുരുതരമായ തെറ്റ്.
ഷെയ്ഖ് ഉസൈമീൻ رحمه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
" നിസ്കാരം ശരിയായി നിലനിൽക്കുന്നതിന്റെ ഭാഗമാണ് അതിൽ തുമഅ്‌നീന (ശാന്തതയും സ്ഥിരതയും) പാലിക്കണം എന്നത്.
തുമഅ്‌നീന എന്നത് എന്താണ്?
തുമഅ്‌നീന എന്നിൽ നിസ്കാരം ശാന്തമായും സമാധാനത്തോടെയും നിർവഹിക്കുക; ഓരോ ചലനത്തിലും ശരീരത്തിലെ ഓരോ അവയവവും എല്ലുകളും സന്ധികളും അതത് സ്ഥാനത്ത് സ്ഥിരത പ്രാപിക്കുന്നതുവരെ കാത്തിരിക്കുക എന്നതാണ്.
ആരെങ്കിലും തുമഅ്‌നീനയില്ലാതെ തിടുക്കത്തിൽ നിസ്കരിക്കുകയാണെങ്കിൽ, അവരുടെ നിസ്കാരം അസാധുവാണ്.
ഇതിനുള്ള തെളിവാണ് നബി ﷺയുടെ അടുക്കൽ വന്ന് നിസ്കരിച്ച ശേഷം സലാം പറഞ്ഞ ഒരാളുടെ സംഭവം. ആ മനുഷ്യൻ നിസ്കാരത്തിൽ തുമഅ്‌നീന പാലിച്ചിരുന്നില്ല. അപ്പോൾ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു:
"തിരിച്ചുപോയി വീണ്ടും നിസ്കരിക്കൂ; തീർച്ചയായും നീ നിസ്കരിച്ചിട്ടില്ല."
അദ്ദേഹം തിരിച്ചുപോയി വീണ്ടും നിസ്കരിച്ച് വന്നു. വീണ്ടും നബി ﷺ പറഞ്ഞു:
"തിരിച്ചുപോയി വീണ്ടും നിസ്കരിക്കൂ; തീർച്ചയായും നിങ്ങൾ നിസ്കരിച്ചിട്ടില്ല."
ഇത് മൂന്നാം തവണയും ആവർത്തിച്ചു.
അപ്പോൾ ആ മനുഷ്യൻ പറഞ്ഞു:
"താങ്കളെ സത്യവുമായി അയച്ച അല്ലാഹുവാണെ സത്യം! ഇതിലും നല്ല രീതിയിൽ എനിക്ക് നിസ്കരിക്കാൻ അറിയില്ല. അതിനാൽ എന്നെ പഠിപ്പിച്ചുതരിക."
അപ്പോൾ നബി ﷺ പറഞ്ഞു നിസ്കാരത്തിന്റെ ഓരോ റുക്നിലും (സ്തംഭത്തിലും) ശാന്തത, സ്ഥിരത, (തുമഅ്‌നീന) ലഭിക്കുന്നതുവരെ അത് നിർവഹിക്കൂ."
അതിനാൽ, തുമഅ്‌നീന നിസ്കാരത്തിൽ നിർബന്ധമായ ഒന്നാണ്.
ഇന്ന് നാം മസ്ജിദുൽ ഹറമിലും മറ്റു മസ്ജിദുകളിലും തുമഅ്‌നീനയില്ലാതെ നിസ്കരിക്കുന്ന പലരെയും കാണുന്നു. പ്രത്യേകിച്ച് റുകൂവിൽ നിന്ന് ഉയർന്ന ശേഷവും രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരിത്തത്തിലും അവർ ആവശ്യമായ ശാന്തത , സ്ഥിരത പാലിക്കുന്നില്ല.
ഇങ്ങനെ ഒരാൾ ആയിരം തവണ നിസ്കരിച്ചാലും, തുമഅ്‌നീന ഇല്ലെങ്കിൽ അവന്റെ നിസ്കാരം സാധുവാകുകയില്ല.
അതുകൊണ്ട്, ഇങ്ങനെ ചെയ്യുന്നവരെ കണ്ടാൽ അവരെ ഉപദേശിക്കുകയും ശരിയായ രീതിയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണ്. കാരണം, അവർ അറിവില്ലായ്മ മൂലമാകാം അങ്ങനെ ചെയ്യുന്നത്.
അവരോട് നാം പറയേണ്ടത്, അല്ലാഹുവിന്റെ ദൂതൻ ﷺ തുമഅ്‌നീനയില്ലാതെ നിസ്കരിച്ച ആ മനുഷ്യനോട് പറഞ്ഞതുപോലെയാണ്:
"തീർച്ചയായും നീ നിസ്കരിച്ചിട്ടില്ല ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment